ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് സമ്മാനം വാങ്ങുന്ന അടൂർ പ്രകാശിന്‍റെ ചിത്രങ്ങൾ പുറത്ത്

തിരുവനന്തപുരം: യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെയും അടുത്ത ബന്ധം വ്യക്തമാക്കുന്നതിന്‍റെയും കൂടുതൽ ചിത്രങ്ങൾ പുറത്ത്. പോറ്റിക്ക് അടൂർ പ്രകാശ് ഉപഹാരം നല്‍കുന്ന ചിത്രമാണ് പുറത്തുവന്നത്. ബംഗളുരുവില്‍ വെച്ചുള്ള ചിത്രമാണിതെന്നാണ് സൂചന.

ഷര്‍ട്ടും പാന്റും ധരിച്ച് ഉണ്ണിക്കൃഷ്ണൻ പോറ്റിക്കൊപ്പം നൽക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റി തന്റെ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ താമസക്കാരനാണെന്നും അയ്യപ്പ ഭക്തന്‍ എന്ന നിലയില്‍ മാത്രമാണ് പരിചയം എന്നുമാണ് അടൂര്‍ പ്രകാശ് നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വിവിധ ഫോട്ടോകളാണ് പുറത്തുവന്നിട്ടുള്ളത്.

നേരത്തെ സോണിയാഗാന്ധിക്കൊപ്പം നില്‍ക്കുന്ന പോറ്റിയുടെ ചിത്രങ്ങളും ഏറെ വിവാദമായിരുന്നു. ഇന്നലെ കടകം പള്ളി സുരേന്ദ്രനൊപ്പമുള്ള പോറ്റിയുടെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു.

സോണിയാഗാന്ധിക്കൊപ്പം ഉണ്ണികൃഷ്ണന്‍ പോറ്റി ഒന്നിച്ചു നില്‍ക്കുന്ന ചിത്രത്തില്‍ അടൂര്‍ പ്രകാശ് എം.പിയുമുണ്ടായിരുന്നു. പോറ്റി ക്ഷണിച്ചിട്ടാണ് ഒപ്പം ചെന്നതെന്നും സോണിയയെ കാണാന്‍ താനല്ല അനുമതി വാങ്ങിയതെന്നും മറ്റൊരാളാണെന്നു അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു. ശബരിമലയിലെ സ്‌പോണ്‍സര്‍ എന്ന നിലയിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ പരിചയമെന്നാണ് എന്നാണ് അടൂർ പ്രകാശിന്‍റെ വിശദീകരണം.

ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ മുൻ മന്ത്രി കടംപള്ളി സുരേന്ദ്രനും മുൻ റാന്നി എം.എൽ.എയും നിലവിലെ സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയുമായ രാജു എബ്രഹാമും സന്ദർശനം നടത്തിയ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇരുവരും ജനപ്രതിനിധികളായിരിക്കെയായിരുന്നു സന്ദർശനം നടത്തിയത്.

Tags:    
News Summary - Pictures of Adoor Prakash receiving a prize from Unnikrishnan Potty have been released.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.