കണ്‍സ്യൂമര്‍ഫെഡ് അഴിമതി: മന്ത്രി സി.എന്‍ ബാലകൃഷ്ണനെതിരെ ദ്രുത പരിശോധനക്ക് ഉത്തരവ്

തൃശൂര്‍: മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ എട്ടാം എതിര്‍കക്ഷിയായ കണ്‍സ്യൂമര്‍ഫെഡ് അഴിമതി സംബന്ധിച്ച് ദ്രുത പരിശോധന നടത്തിയ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. വിജിലന്‍സ് സമര്‍പ്പിച്ച പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ടും കണ്‍സ്യൂമര്‍ഫെഡില്‍ നടന്ന ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടും പരിശോധിച്ച ശേഷമാണ് ജഡ്ജ് എസ്.എസ്. വാസന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. 45 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കണം.
മന്ത്രിക്കു പുറമെ കണ്‍സ്യൂമര്‍ ഫെഡ് മുന്‍ ചെയര്‍മാന്‍ ജോയ് തോമസ്, മുന്‍ എം.ഡി റിജി ജി. നായര്‍, മുന്‍ ചീഫ് മാനേജര്‍ ആര്‍. ജയകുമാര്‍ എന്നിവര്‍ക്കെതിരെയാണ് പ്രധാനമായും അന്വേഷണം. സഹകരണ വകുപ്പ് മുന്‍ അഡീഷണല്‍ രജിസ്ട്രാര്‍ അനില്‍കുമാര്‍, മുന്‍ റെസിഡന്‍റ് മാനേജര്‍മാരായ ഷാജി, സ്വിഷ് സുകുമാരന്‍, വിദേശമദ്യ വിഭാഗം മുന്‍ മാനേജര്‍ സുജിതകുമാരി എന്നിവര്‍ക്കെതിരെയും അന്വേഷണമുണ്ട്.
വിദേശ മദ്യം വാങ്ങിയതിന് കമീഷന്‍ പറ്റിയതും ത്രിവേണി മൊബൈല്‍ മാര്‍ക്കറ്റിനായി വാഹനം നിര്‍മിച്ചതില്‍ ക്രമക്കേട് നടത്തിയതും തിരുവനന്തപുരം നീതി കേന്ദ്രത്തിലെ അഴിമതിയും സംബന്ധിച്ച പരാതികളാണ് അന്വേഷിക്കേണ്ടത്. മലയാള വേദി പ്രസിഡന്‍റ് ജോര്‍ജ് വട്ടുകുളമാണ് പരാതിക്കാരന്‍. കണ്‍സ്യൂമര്‍ ഫെഡിലെ മറ്റ് അഴിമതികള്‍ സംബന്ധിച്ച് രണ്ട് റിപ്പോര്‍ട്ടുകളിലായി കോടതിക്കു മുന്നില്‍ വിശദാംശങ്ങള്‍ എത്തിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.