ഗുരുവായൂർ ശ്രീകൃഷ്ണ കോളജില്‍ മരം വീണ് വിദ്യാര്‍ഥിനി മരിച്ചു; ആറ് പേർക്ക് പരിക്ക്

ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജില്‍ മരക്കൊമ്പൊടിഞ്ഞ് വീണ് വിദ്യാര്‍ഥിനി മരിച്ചു. ശ്രീകൃഷ്ണ കോളജിലെ ഒന്നാംവർഷ എക്കണോമിക്സ് ബിരുദ വിദ്യാർഥിനി അനുഷയാണ് മരിച്ചത്. ചിറ്റിലപ്പിള്ളി സ്വദേശി ശങ്കരന്‍തടത്തില്‍ അശോകന്‍റെ മകളാണ് അനുഷ. അഞ്ച് വിദ്യാർഥിനികളടക്കം ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. നയന, സുജില, ഹരിത, ശ്രീലക്ഷ്മി എന്നിവരാണ് പരിക്കേറ്റ വിദ്യാർഥിനികൾ. ഒരു ആൺകുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. നയനയുടെ ആരോഗ്യനില അതീവ ഗുരുതരമായതിനാൽ തൃശൂർ അമല മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തി. പരിക്കേറ്റ മറ്റ് വിദ്യാർഥികളെ പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു.


കലിക്കറ്റ് സര്‍വകലാശാലാ ‘ഡി’ സോണ്‍ കലോത്സവം നടക്കുന്നതിനിടെ രാവിലെ പത്തരയോടെയായിരുന്നു അപകടം. മരച്ചുവട്ടിൽ ഇരുന്ന കുട്ടികളാണ് അപകടത്തിൽ പെട്ടത്. കാമ്പസിനകത്ത് കോളേജ് ഗ്രൗണ്ടിനോടടുത്ത് നിന്നിരുന്ന മരത്തിന്‍റെ കൊമ്പ് കാറ്റിൽ ഒടിഞ്ഞ് വീഴുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. രാവിലെ മുതൽ തൃശൂർ ജില്ലയിൽ ശക്തമായ കാറ്റ് വീശുന്നുണ്ട്. ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും തകർന്നിട്ടുണ്ട്. വാഹനത്തിനകത്ത് ആളില്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.


കലോത്സവത്തിന്‍റെ സ്റ്റേജിതര മത്സരമാണ് ശ്രീകൃഷ്ണ കോളജില്‍ നടക്കുന്നത്. ബുധനാഴ്ചയാണ് മത്സരം തുടങ്ങിയത്. നാളെ മുതല്‍ സ്റ്റേജ് ഇനങ്ങള്‍ നടക്കാനിരിക്കുകയാണ്. മത്സരങ്ങള്‍ക്കായി അയ്യായിരത്തോളം വിദ്യാര്‍ഥികള്‍ എത്തുന്ന കാമ്പസിലാണ് ദുരന്തമുണ്ടായത്. അപകടത്തെ തുടർന്ന്കലോത്സവം മാറ്റിവെച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.