തിരുവനന്തപുരം: ആലപ്പുഴയിൽ സി.പി.എം പ്രവർത്തകൻ ഷിബു കൊല്ലപ്പെട്ട സംഭവം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. ആലപ്പുഴ കൊലപാതകം കൂടാതെ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകവും പി. ജയരാജന്‍റെ അറസ്റ്റും കാരായിമാർ തദ്ദേശ സ്ഥാപനങ്ങളിലെ പദവികൾ രാജിവെച്ച സംഭവവും അടിയന്തര പ്രമേയത്തിന് അനുമതി തേടിയ എ.എം ആരിഫ് സഭയിൽ ഉന്നയിച്ചു.
ആർ.എസ്.എസുകാർ പ്രതികളായ കേസുകളിൽ സർക്കാർ ഒത്താശ ചെയ്യുന്നെന്ന് പ്രതിപക്ഷം ആരോപിച്ചു. ആർ.എസ്.എസുകാർക്ക് ജാമ്യം ലഭിക്കുന്നതിന് എല്ലാ സഹായവും സർക്കാർ ചെയ്യുന്നു. ആലപ്പുഴ കൊലപാതകത്തിൽ പൊലീസ് ശരിയായ അന്വേഷണം നടത്തിയിട്ടില്ല. പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ആരിഫ് പറഞ്ഞു.
സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജന് ജാമ്യം ലഭിക്കാത്തിരിക്കാൻ ഡയറക്ടർ ജനറൽ ഒാഫ് പ്രോസിക്യൂഷൻ ടി. ആസഫലിയുടെ നേതൃത്വത്തിൽ ഇടപെടലുകൾ നടന്നു. കാരായി ചന്ദ്രശേഖരനും കാരായി രാജനും തദ്ദേശ സ്ഥാപനങ്ങളിലേക്ക് വലിയ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുത്തതാണ്. ഇവർക്ക് ജില്ലയിൽ പ്രവേശിക്കാൻ കഴിയാത്ത സ്ഥിതിയുണ്ടാക്കിയതും ആഭ്യന്തര വകുപ്പാണ്. സി.പി.എം നേതാക്കളെ വേട്ടയാടാനുള്ള ആർ.എസ്.എസ് നീക്കത്തിന് കുട പിടിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ആരിഫ് ചൂണ്ടിക്കാട്ടി.
ആലപ്പുഴയിൽ സി.പി.എം പ്രവർത്തകൻ ഷിബു മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കാൻ എസ്.പിക്ക് പ്രത്യേക നിർദേശം നൽകിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സഭയിൽ വിശദീകരിച്ചു. സംഭവം രാഷ്ട്രീയ കൊലപാതകമല്ല. പ്രത്യേകസംഘം അന്വേഷണം നടത്തും. കഞ്ചാവുമായി ബന്ധപ്പെട്ട് ചിലർക്കെതിരെ ഷിബു പരാതി നൽകിയിരുന്നു. ഇതിലുള്ള പകയാണ് ആക്രമണത്തിന് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം ഇക്കാര്യം കൊല്ലപ്പെട്ട ഷിബുവിന്‍റെ മൊഴിയിലുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
ആഭ്യന്തര മന്ത്രിയുടെ മറുപടിയിൽ തൃപ്തരാകാത്ത പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ ഇറങ്ങി ബഹളം വെച്ചു. സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. അൽപ സമയത്തിന് ശേഷം സഭയിൽ മടങ്ങിയെത്തിയ പ്രതിപക്ഷം നടുത്തളത്തിൽ കുത്തിയിരിപ്പ് ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.