ചെലവ് ഇരട്ടി; കടം കുന്നുകൂടിയെന്ന് സി.എ.ജി റിപ്പോര്‍ട്ട്

തിരുവനന്തപുരം: അഞ്ചു വര്‍ഷംകൊണ്ട് സര്‍ക്കാര്‍ ചെലവുകള്‍  ഇരട്ടിയായെന്നും പ്രാഥമിക ചെലവുകള്‍ക്കുപോലും കടത്തെ ആശ്രയിക്കേണ്ട സ്ഥിതിയാണെന്നും സി.എ.ജി റിപ്പോര്‍ട്ട്. റവന്യൂ-ധന-പ്രാഥമിക കമ്മികള്‍ വര്‍ധിച്ചു. 50 ശതമാനത്തില്‍ കൂടുതല്‍ തുക വികസന ചെലവുകള്‍ക്ക് ഉപയോഗിച്ചെങ്കിലും അതില്‍ ഭൂരിഭാഗവും റവന്യൂ ചെലവുകള്‍ക്കായിരുന്നു. കടമെടുത്ത പണത്തിന്‍െറ ഭാഗം കമ്മി നേരിടാനാണ് വിനിയോഗിച്ചതെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ വെച്ച 2015ലെ റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത ഏഴ് വര്‍ഷത്തിനകം 42362.01 കോടി തിരിച്ചുനല്‍കേണ്ടിവരും. ഇത് മൊത്തം കടത്തിന്‍െറ 41.1 ശതമാനമാണ്. ഇത് നേരിടാനുള്ള  വരുമാന വര്‍ധന സര്‍ക്കാര്‍ ഉറപ്പാക്കണം.

2014-15ല്‍ കടമെടുത്ത 18509 കോടിയില്‍ പലിശക്കും മുതല്‍ തിരിച്ചടയ്ക്കുന്നതിനും ശേഷം ബാക്കിയായത് വെറും 5365 കോടിയാണ്. കടമെടുത്ത പണം കമ്മി നികത്താനാണ് ഉപയോഗിക്കുന്നത്. 2010-11ല്‍ 38791 കോടിയായിരുന്ന ചെലവ് 14-15ല്‍ 76744 കോടിയായി. 98 ശതമാനമാണ് വര്‍ധന. കഴിഞ്ഞവര്‍ഷം മാത്രം 10500 കോടിയുടെ വര്‍നയാണ് വന്നത്. റവന്യു കമ്മി കുറയ്ക്കാനും കടം നിയന്ത്രിക്കാനുമുള്ള സാമ്പത്തിക ഉത്തരവാദിത്ത നിയമം ലക്ഷ്യം കണ്ടില്ല. കഴിഞ്ഞ നാലു വര്‍ഷവും റവന്യൂ കമ്മിയും ധനകമ്മിയും പ്രാഥമിക കമ്മിയും വര്‍ധിച്ചു.  ചെലവിന്‍െറയും പലിശ ബാധ്യതയുടെയും വര്‍ധനക്കനുസരിച്ച് വരുമാനം വര്‍ധിച്ചില്ല. 2011-12നുശേഷം ചെലവ് നേരിടാന്‍ വരുമാനം പര്യാപ്തമായിരുന്നില്ല.


റവന്യൂ വരുമാനത്തില്‍ 18 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. നികുതി വളര്‍ച്ച 10 ശതമാനം മാത്രമാണ്. 2014-15ല്‍ 64842.34 കോടിയുടെ റവന്യൂ വരുമാനം ലക്ഷ്യമിട്ടെങ്കിലും 5637.85 കോടി കുറവാണ് കിട്ടിയത്. ഭാഗ്യക്കുറിയില്‍ 5445 കോടി വരുമാനം വന്നെങ്കിലും കമീഷന്‍, ചെലവ് എന്നിവ ഉയര്‍ന്നതുമൂലം അറ്റാദായം 960 കോടി മാത്രമായി ചുരുങ്ങി. മൊത്തം ചെലവില്‍ റവന്യൂ ചെലവിന്‍െറ വിഹിതം 93.5 ശതമാനമാണ്. അഞ്ച് വര്‍ഷവും റവന്യൂ ചെലവിന്‍െറ 60 ശതമാനത്തില്‍ കൂടുതല്‍ ശമ്പളം, വേതനം, പെന്‍ഷന്‍, പലിശ എന്നിവക്കാണ് വിനിയോഗിച്ചത്.

പൊതുവിപണിയില്‍നിന്ന് കടമെടുപ്പ് കൂടുന്നതുമൂലമാണ് പലിശ ബാധ്യത ഉയരുന്നത്. സംസ്ഥാനത്തിന്‍െറ സാമ്പത്തിക ബാധ്യത (കടം) 2014 ഏപ്രിലിലെ 124081 കോടിയില്‍നിന്ന് 2015 അവസാനം 141947 കോടിയായി ഉയര്‍ന്നു. മൊത്തം വരുമാനത്തിന്‍െറ അനുപാതം നോക്കിയാല്‍ 31.4 ശതമാനം വരും ഇത്. മൊത്തം സാമ്പത്തിക ബാധ്യതകളില്‍ വിപണി വായ്പാ വിഹിതം വര്‍ധിച്ചു. 2015 മാര്‍ച്ചില്‍ ഇത് 50 ശതമാനത്തിലും ഏറെയായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.