സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി: ചര്‍ച്ച സജീവം എം.വി. ഗോവിന്ദന് സാധ്യത

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ റിമാന്‍ഡിലായതോടെ പകരം ആരെന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ ചര്‍ച്ച സജീവമായി. മുന്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ എം.വി. ഗോവിന്ദനെ സെക്രട്ടറി സ്ഥാനം ഏല്‍പിക്കുന്നതാണ് ഉചിതമെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍െറ വിലയിരുത്തല്‍.2011ലെ നിയസഭാ തെരഞ്ഞെടുപ്പിന് മുമ്പ് അന്നത്തെ ജില്ലാ സെക്രട്ടറി പി. ശശിക്കെതിരെ ലൈംഗികാരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് മുന്‍ എം.എല്‍.എ കൂടിയായ പി. ജയരാജന്‍ സെക്രട്ടറി സ്ഥാനത്തത്തെിയത്. 2012ല്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ പട്ടുവം അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി. ജയരാജന്‍ അറസ്റ്റ് ചെയ്യപ്പെട്ടയുടന്‍ സെക്രട്ടറിയുടെ ചുമതല സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ എം.വി. ജയരാജന് കൈമാറിയിരുന്നു.

എന്നാല്‍, കഴിഞ്ഞ 15 ദിവസമായി ജയരാജന്‍ ആശുപത്രിയിലായിട്ടും സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതലപോലും മറ്റാര്‍ക്കും നല്‍കിയില്ല. മനോജ് വധക്കേസില്‍ ഹൈകോടതി ജാമ്യം നിഷേധിച്ചതോടെ വെള്ളിയാഴ്ച കോടതിയില്‍ കീഴടങ്ങിയ പി. ജയരാജനെ മാര്‍ച്ച് 11 വരെയാണ് റിമാന്‍ഡ് ചെയ്തത്. ഈ സാഹചര്യത്തില്‍ പുതിയ സെക്രട്ടറിയെ കണ്ടത്തെുക അനിവാര്യമായി.വെള്ളിയാഴ്ച വൈകീട്ട് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലും സെക്രട്ടറി ചുമതല ആര്‍ക്ക് കൈമാറണമെന്ന കാര്യത്തില്‍ തീരുമാനമായില്ല. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലത്തെി നില്‍ക്കെ സ്ഥാനാര്‍ഥി നിര്‍ണയം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ട പ്രധാനഘടകം കൂടിയാണ് ജില്ലാകമ്മിറ്റി. കണ്ണൂരിലെ നിലവിലെ രാഷ്ട്രീയ പ്രതിസന്ധി മറികടക്കാന്‍ ശക്തമായ നേതൃത്വം ആവശ്യമാണെന്ന അഭിപ്രായമാണ് സംസ്ഥാന ഘടകത്തിനുള്ളത്.

സംസ്ഥാന കമ്മിറ്റി അംഗമായ എം.വി. ജയരാജന് ഇക്കുറി സെക്രട്ടറി സ്ഥാനം കൈമാറുന്നത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായമാണ്. വര്‍ഷങ്ങളായി സംസ്ഥാന സെക്രട്ടേറിയറ്റംഗമായി സംസ്ഥാന സെന്‍ററില്‍ പ്രവര്‍ത്തിക്കുന്ന എം.വി. ഗോവിന്ദനെ ജില്ലാ സെക്രട്ടറിയായി കൊണ്ടുവന്ന് പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ചര്‍ച്ച സജീവമാണ്. പിണറായി വിജയന്‍ നയിക്കുന്ന നവകേരള യാത്രയിലെ സ്ഥിരാംഗമാണ് എം.വി. ഗോവിന്ദന്‍. 14ന് ജാഥാ സമാപനശേഷം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനപ്രകാരം അദ്ദേഹം സ്ഥാനം ഏറ്റെടുക്കുമെന്നാണ് സൂചന.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.