മാണിക്ക് സാന്ത്വനം, പ്രശംസ

തിരുവനന്തപുരം: കെ.എം. മാണിയെ പുകഴ്ത്തിയും ജനപ്രിയ രാഷ്ട്രീയം പറഞ്ഞും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ബജറ്റ് പ്രസംഗം. തെരഞ്ഞെടുപ്പ് അടുത്തു നില്‍ക്കെ അഴിമതി ആരോപണങ്ങളില്‍ സര്‍ക്കാറും മുന്നണിയും ഉലയുമ്പോള്‍,  ജനപ്രിയ രാഷ്ട്രീയത്തിന്‍െറ തട്ടകത്തിലേക്കാണ് ഉമ്മന്‍ ചാണ്ടി ഇറങ്ങിയത്. ഇതോടെ യു.ഡി.എഫിന്‍െറ തെരഞ്ഞെടുപ്പ് പ്രകടനപത്രിക കൂടിയായി സര്‍ക്കാറിന്‍െറ അവസാന ബജറ്റ്.
 സൗജന്യ അരി, സാമൂഹിക സുരക്ഷാ പെന്‍ഷന്‍കാര്‍ക്കുള്ള ഇന്‍ഷുറന്‍സ്, റബര്‍ വില സ്ഥിരതാപദ്ധതി, അടിസ്ഥാന സൗകര്യ വികസനം മുതല്‍ മലയോര മേഖലക്കുള്ള ഊന്നല്‍ വരെ ഇതാണ് വ്യക്തമാക്കുന്നത്. സംസ്ഥാനത്തിന്‍െറ കടബാധ്യതയുടെ 60 ശതമാനത്തോളം വരും വര്‍ഷങ്ങളില്‍ തിരിച്ചടക്കണമെന്ന ആശങ്കയും നികുതി പിരിവിലെ വീഴ്ചയെന്ന യാഥാര്‍ഥ്യത്തെയും ജനപ്രിയ പ്രഖ്യാപനങ്ങളിലൂടെ മറികടക്കാനാവുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷിക്കുന്നത്. കൈവശം വന്ന ധനവകുപ്പിനെ രാഷ്ട്രീയമായി ഉപയോഗിക്കുക കൂടിയായിരുന്നു ബജറ്റിലൂടെ. സര്‍ക്കാര്‍ രൂപവത്കരണത്തിലെ പ്രതിസന്ധി ഓര്‍ത്തും വികസന കാഴ്ചപ്പാടില്‍ കേന്ദ്രത്തെയും എല്‍.ഡി.എഫിനെയും കടന്നാക്രമിച്ചും മുന്‍രാഷ്ട്രപതി കലാമിന്‍െറ സങ്കല്‍പ്പം കടമെടുത്തുമാണ് ബജറ്റ് അവതരണം 2.54 മണിക്കൂര്‍കൊണ്ട് ഉമ്മന്‍ ചാണ്ടി പൂര്‍ത്തിയാക്കിയത്.
ബാര്‍ കോഴയില്‍ രാജിവെച്ച  കെ.എം. മാണിക്കുള്ള സാന്ത്വനം കൂടിയായി ബജറ്റ്. ‘ധനമന്ത്രിയെന്ന നിലയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം ബജറ്റ് അവതരിപ്പിച്ച എന്‍െറ ബഹുമാന്യനായ സഹപ്രവര്‍ത്തകന്‍ കെ.എം. മാണി സ്വീകരിച്ച വികസന സമീപനം കേരളത്തിന്‍െറ പുരോഗതിക്ക് വളരെയേറെ സഹായകരമായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പ്രശംസിച്ചു. ഇതര സംസ്ഥാന ലോട്ടറി അവസാനിപ്പിക്കാനും ലോട്ടറി വരുമാനത്തില്‍നിന്ന്  ജീവകാരുണ്യ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ കഴിഞ്ഞതും അദ്ദേഹത്തിന്‍െറ ഭാവനാപൂര്‍ണമായ സമീപനത്തിന്‍െറ ഉദാഹരണമാണ്. സാമ്പത്തിക ഞെരുക്കങ്ങള്‍ക്കിടയിലും വികസന പദ്ധതികള്‍ ഒരു തടസവുമില്ലാതെ മുന്നോട്ടുകൊണ്ടുപോകാന്‍  അദ്ദേഹത്തിന് കഴിഞ്ഞത് നന്ദിപൂര്‍വം അനുസ്മരിക്കുന്നതായും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
വികസനത്തോട് മുഖം തിരിച്ചും സംഘര്‍ഷങ്ങളും കലാപങ്ങളും സൃഷ്ടിച്ചും വ്യക്തിഹത്യ നടത്തിയും വികസനത്തില്‍നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുന്നവര്‍ക്ക് കാലം മാപ്പു നല്‍കില്ല. കേരളത്തിന് ആവശ്യം വികസനമാണ്. അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ ശേഷം പിന്നീട് പശ്ചാത്തപിക്കുന്ന ശൈലിയല്ല ആവശ്യം. ‘ഉള്ളിലെ അഗ്നിക്ക് ചിറകു നല്‍കി നന്മയുടെ പ്രകാശം ലോകം മുഴുവന്‍ നിറക്കാനാകട്ടെ നമ്മുടെ പ്രയത്നങ്ങള്‍’ എന്ന കലാമിന്‍െറ വാക്കുകളോടെയാണ്  പ്രസംഗം അവസാനിപ്പിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.