ബംഗാളില്‍ കോണ്‍ഗ്രസും സി.പി.എമ്മും മോതിരം മാറുന്നു –രാജ്നാഥ് സിങ്

തിരുവനന്തപുരം: കോണ്‍ഗ്രസും സി.പി.എമ്മും കേരളത്തില്‍ തമ്മിലടിക്കുമ്പോള്‍ പശ്ചിമ ബംഗാളില്‍ മോതിരം മാറലാണ് നടക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഇത് രണ്ടും കൂടി എങ്ങനെ ഒന്നിച്ചുപോകുമെന്നും അദ്ദേഹം ചോദിച്ചു. ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ നയിച്ച ‘വിമോചനയാത്ര’യുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി  കോണ്‍ഗ്രസിന് ബദലായി ലോക്സഭയില്‍ പൂര്‍ണ ഭൂരിപക്ഷമുള്ള പാര്‍ട്ടിയായി ബി.ജെ.പി മാറി. കേരളത്തില്‍ പരസ്പരം ഏറ്റുമുട്ടുമ്പോഴും യു.ഡി.എഫും എല്‍.ഡി.എഫും കേന്ദ്രത്തില്‍ സര്‍ക്കാറുണ്ടാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. യു.ഡി.എഫിനും എല്‍.ഡി.എഫിനും കേരളത്തില്‍ മൂന്നാം ബദല്‍ ബി.ജെ.പിയാണ്. തിരുവനന്തപുരം കോര്‍പറേഷനില്‍ 35 സീറ്റ് നേടാന്‍ കഴിഞ്ഞ ബി.ജെ.പിക്ക് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞേക്കും. സഹകരണ ഫെഡറലിസത്തിലാണ് ബി.ജെ.പി വിശ്വസിക്കുന്നത്. മതഭേദമില്ലാതെതന്നെ ഇത് വേണമെന്നാണ് ആഗ്രഹിക്കുന്നതെന്നും രാജ്നാഥ് സിങ് പറഞ്ഞു.

സംസ്ഥാനത്തെ ജനം പരിവര്‍ത്തനം ആഗ്രഹിക്കുകയാണെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. എല്‍.ഡി.എഫ് -യു.ഡി.എഫ് കൂട്ടുകമ്പനി കച്ചവടവും ഒത്തുകളി രാഷ്ട്രീയവും ജനത്തിന് മടുത്തുകഴിഞ്ഞു. എല്ലാ ജനക്ഷേമ പദ്ധതികളിലും തട്ടിപ്പും കുംഭകോണവുമാണ് നടന്നത്. ഭൂപരിഷ്കരണനിയമം കാലഹരണപ്പെട്ടു. അത് പിച്ചിച്ചീന്തി വലിച്ചെറിയണം. രണ്ടാം ഭൂപരിഷ്കരണനിയമം ഉണ്ടാകേണ്ടിയിരിക്കുന്നു. ചോരപ്പുഴയാണ് സി.പി.എം ആഗ്രഹിക്കുന്നത്. ഫസല്‍, ടി.പി, ഷുക്കൂര്‍, മനോജ് ഉള്‍പ്പെടെ എല്ലാ കൊലക്കേസുകളും പുറത്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു. പൂജപ്പുര മൈതാനത്ത് നടന്ന പരിപാടിയില്‍ നേതാക്കളായ ഒ. രാജഗോപാല്‍, വി. മുരളീധരന്‍, സി.കെ. പത്മനാഭന്‍, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, പി.കെ. കൃഷ്ണദാസ്, കെ.ആര്‍. ഉമാകാന്തന്‍, കെ. സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍, എം.ടി. രമേശ്, സുഭാഷ്, ജോര്‍ജ് കുര്യന്‍, എസ്. സുരേഷ്, മുന്‍ എം.പി പി.സി. തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.