കെ.എസ്.ആര്‍.ടി സി ഒാർഡിനറി ബസ്​ നിരക്ക്​ കുറച്ചു

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസ്ചാര്‍ജ് മാര്‍ച്ച് ഒന്നുമുതല്‍ ഒരു രൂപ കുറക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. നിരക്ക് കുറക്കുന്നതോടെ ഓര്‍ഡിനറി ബസുകളിലെ കുറഞ്ഞ നിരക്ക് ആറു രൂപയാകും. നിലവില്‍ ഇത് ഏഴു രൂപയാണ്. നിരക്ക് കുറക്കുന്നതിന് അനുബന്ധമായി ഓര്‍ഡിനറി ബസുകളിലെ മറ്റ് എല്ലാ ടിക്കറ്റുകളിലും ഒരു രൂപയുടെ  കുറവ് വരുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു. സ്വകാര്യ ഓര്‍ഡിനറി ബസുകളിലെ നിരക്ക് കുറക്കാന്‍ ബസുടമകളുമായി ഉടന്‍ ചര്‍ച്ച നടത്തും. അതേസമയം, ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ഫാസ്റ്റ്, എക്സ്പ്രസ് തുടങ്ങി മറ്റ് സര്‍വിസുകളുടെ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല.

ആഗോള വിപണിയില്‍ പെട്രോള്‍-ഡീസല്‍ വില കുറഞ്ഞ സാഹചര്യത്തില്‍  പ്രയോജനം ജനങ്ങള്‍ക്ക് ലഭിക്കുന്നതിനായാണ് നിരക്ക് കുറക്കുന്നതെന്ന് മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. നിരക്ക് കുറക്കുന്നതുമൂലം കെ.എസ്.ആര്‍.ടി.സിയുടെ പ്രതിദിന വരുമാനത്തില്‍  27 ലക്ഷം രൂപയുടെ കുറവുണ്ടാകും. 3500 ഓര്‍ഡിനറി ബസുകളാണ് ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സി ഒരു ദിവസം ഓടിക്കുന്നത്. നിരക്ക് കുറക്കുന്നതിന്‍െറ പ്രയോജനം പ്രതിദിനം 22 ലക്ഷം യാത്രക്കാര്‍ക്ക് ലഭിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നിരക്ക് കുറക്കുന്നതോടെ ഒരു മാസം ആറു കോടിയുടെ ഇളവാണ് അനുവദിക്കുന്നത്. ഇതോടെ പ്രതിവര്‍ഷം 72 കോടിയുടെ സൗജന്യമാണ് യാത്രക്കാര്‍ക്ക് ലഭിക്കുക. ചരിത്രത്തില്‍ ആദ്യമായാണ് കെ.എസ്.ആര്‍.ടി.സി ഇത്രയും ഇളവ് അനുവദിക്കുന്നത്. കൂടാതെ 1.3 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് സമ്പൂര്‍ണ യാത്രാ സൗജന്യം കെ.എസ്.ആര്‍.ടി.സി നല്‍കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

2015 ഏപ്രിലിലാണ് കെ.എസ്.ആര്‍.ടി.സി അവസാനമായി നിരക്ക് ഉയര്‍ത്തിയത്. അതേസമയം  മിനിമം ചാര്‍ജ് പല തവണ ഉയര്‍ത്തിയിട്ടും കെ.എസ്.ആര്‍.ടി.സിയുടെ പ്രതിദിന വരുമാനം 5.25 കോടി മാത്രമാണ്. അഞ്ചുവര്‍ഷം മുമ്പ് 4.25 കോടിയായിരുന്നു ഇത്. നഷ്ടമില്ലാതെ കെ.എസ്.ആര്‍.ടി.സിക്ക്  മുന്നോട്ടുപോകണമെങ്കില്‍ പ്രതിദിന വരുമാനം ഏഴുകോടിയില്‍ എത്തണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.