ഉമ്മന്‍ ചാണ്ടിക്ക് മാണി എടുക്കാച്ചരക്ക്, ബാബു പൊന്നിന്‍കുടം -വി.എസ്

തിരുവനന്തപുരം: മാണി വെറും എടുക്കാച്ചരക്കും ബാബു പൊന്നിന്‍കുടവുമെന്നതാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിലപാടെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍. നിയമസഭയില്‍ അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിനെതുടര്‍ന്ന് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോപണവിധേയനായ കെ. ബാബു ഇപ്പോഴും മന്ത്രിക്കസേരയില്‍ ഞെളിഞ്ഞിരിക്കുന്നതിലെ മാണിയുടെ ഹൃദയവേദനയാണ് കുതികാല്‍വെട്ട് പ്രയോഗത്തിലൂടെ പുറത്തുവന്നത്. മാണിയുടെ വീട്ടിലേക്ക് ബാറുടമകളെ പറഞ്ഞുവിട്ട് കൈക്കൂലി കൊടുപ്പിച്ച് ശകുനിയെ പോലെ മുഖ്യമന്ത്രി തള്ളിയിടുകയായിരുന്നു. ബാര്‍കോഴയില്‍ കുടുങ്ങി, തെരുവില്‍ കിടക്കുന്ന വാറുപൊട്ടിയ ചെരിപ്പിന്‍െറ സ്ഥിതിയാണ് മാണിക്കിപ്പോള്‍. മാണിയുടെ കുതികാല്‍ വെട്ടിയവരൊക്കെ അപ്പുറത്തിരുന്ന് കളിയാക്കി ചിരിക്കുകയാണ്.
ബാബു കോടതിവിധിയത്തെുടര്‍ന്ന് രാജിവെച്ചിട്ടും മുഖ്യമന്ത്രി അത് ഗവര്‍ണര്‍ക്ക് അയച്ചുകൊടുത്തില്ല. മാണിയുടെ രാജിക്കത്ത് അയച്ചുകൊടുക്കാന്‍ മുഖ്യമന്ത്രിക്ക് മൂന്നുമണിക്കൂര്‍ പോലും വേണ്ടിവന്നില്ല. ഒരേ ആരോപണം, ഒരേ കേസ്, ഒരേ വിധി എന്നിവയായിട്ടും മാണിക്ക് ഒരു നീതിയും ബാബുവിന് മറ്റൊരു നീതിയുമാണ്. ഉമ്മന്‍ ചാണ്ടിയും ബാബുവും ഒറ്റ കരളോടെയാണ് അഴിമതിചെയ്യുന്നതും കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നതും. ഈ സര്‍ക്കാറിന്‍െറ കാലത്തെ നിയമസഭാസമ്മേളനങ്ങളില്‍ ഒന്നില്‍പോലും കോഴയെക്കുറിച്ച് പറയാതെ പോകാന്‍ കഴിഞ്ഞിട്ടില്ല. മൊത്തം കോഴയില്‍ നിറഞ്ഞുനിന്ന സര്‍ക്കാര്‍ എന്ന തൂവല്‍കൂടി ഉമ്മന്‍ ചാണ്ടിക്ക് തലയില്‍ ചൂടാമെന്നും അദ്ദേഹം പറഞ്ഞു. സി. ദിവാകരന്‍, എ.കെ. ശശീന്ദ്രന്‍, സി.കെ. നാണു, വി.എസ്. സുനില്‍കുമാര്‍ എന്നിവരും സംബന്ധിച്ചു.

തിരുവനന്തപുരം: കുടിലബുദ്ധിയിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ശകുനിയെപ്പോലും തോൽപ്പിച്ചുവെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ. മാണിയേക്കാൾ പത്തിരട്ടി കോഴവാങ്ങിയ ആളാണ് കെ.ബാബു. എന്നിട്ടും ഉമ്മൻചാണ്ടി, ബാബുവിന്‍റെ രാജിക്കത്ത് ഗവർണർക്ക് കൈമാറാതെ പോക്കറ്റിലിട്ട് പാട്ടും പാടി നടക്കുകയായിരുന്നു. ബാർ കോഴക്കേസിൽ ഒരേ ആരോപണവും ഒരേ കേസും ഒരുപോലെ കോടതി പരാമർശവുമുണ്ടായിട്ടും കെ.എം. മാണിക്ക് തുല്യനീതി ലഭിച്ചില്ല. കെ.എം മാണി എടുക്കാചരക്ക്. കെ.ബാബുവാണെങ്കിൽ പൊന്നിൻകുടം. വാറുപൊട്ടിയ ചെരുപ്പിന്‍റെ അവസ്ഥയാണ് ഇപ്പോൾ യു.ഡി.എഫിൽ മാണിയുടേതെന്നും വി.എസ് പറഞ്ഞു.

മന്ത്രിക്കസേരയിൽ ഒരു മെയ്യും ഇരുകരളുമായാണ് ഉമ്മൻചാണ്ടിയും കെ.ബാബുവും പ്രവർത്തിക്കുന്നത്. അഴിമതി നടത്തുന്നതും കേസ് ഒതുക്കി തീർക്കുന്നതും ഒറ്റക്കരളോടെയാണെങ്കിലും മറ്റു കാര്യങ്ങളിൽ പരസ്പര ധാരണയോടെയല്ല ഇവർ പ്രവർത്തിക്കുന്നതെന്നും വി.എസ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.