ഏലം വിലത്തകര്‍ച്ച: സ്പൈസസ് ബോര്‍ഡ് അടിയന്തര യോഗം 12ന് കൊച്ചിയില്‍

ചെറുതോണി: ഏലം കാര്‍ഷിക പ്രതിസന്ധി ചര്‍ച്ച ചെയ്യാനും വിലത്തകര്‍ച്ച നേരിടുന്നതിന് അടിസ്ഥാന വില നിശ്ചയിക്കാനും സ്പൈസസ് ബോര്‍ഡ് അടിയന്തര യോഗം വിളിച്ചു. 12ന് വൈകുന്നേരം മൂന്നിന് സ്പൈസസ് ബോര്‍ഡിന്‍െറ കൊച്ചി ഓഫിസിലാണ് പ്രത്യേക യോഗം.
കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്‍െറ നിര്‍ദേശാനുസരണമാണ് അടിയന്തര യോഗം വിളിച്ചത്. കഴിഞ്ഞ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ അഡ്വ. ജോയ്സ് ജോര്‍ജ് എം.പി ഏലത്തിന് മിനിമം വില നിശ്ചയിക്കണമെന്ന് പാര്‍ലമെന്‍റില്‍ ആവശ്യപ്പെട്ടിരുന്നു.
പിന്നീട് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി നിര്‍മല സേതുരാമന് നിവേദനം നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വാണിജ്യ മന്ത്രാലയം ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിന് മുമ്പുതന്നെ പ്രത്യേക യോഗം ചേരാന്‍ സ്പൈസസ് ബോര്‍ഡിന് അടിയന്തര നിര്‍ദേശം നല്‍കിയത്.
ഏലം കര്‍ഷക സംഘടനകള്‍, ഏലം വ്യാപാരികള്‍, ഏലക്ക ലേലം നടത്തുന്ന സംഘടനകളുടെ കോഓഡിനേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ക്കും യോഗത്തിലത്തൊന്‍ സ്പൈസസ് ബോര്‍ഡ് നിര്‍ദേശം നല്‍കി.
ഏലക്കക്ക് അടിസ്ഥാന വില നിശ്ചയിക്കാനുള്ള (എം.എസ്.പി) ശിപാര്‍ശകള്‍ തയാറാക്കി കേന്ദ്രത്തിന് സമര്‍പ്പിക്കാന്‍ ചേരുന്ന പ്രത്യേക യോഗം ഏലം കര്‍ഷകര്‍ക്ക് വലിയ പ്രതീക്ഷകള്‍ നല്‍കുന്നതാണെന്ന് അഡ്വ. ജോയ്സ് ജോര്‍ജ് എം.പി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.