പ്രണയാഭ്യര്‍ഥന നിരസിച്ചതിന് കൊല: പ്രതിക്ക് ജീവപര്യന്തവും 50,000 രൂപ പിഴയും

കാസര്‍കോട്: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് 17കാരിയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും. കുമ്പള ഉളുവാറിലെ ഫാത്തിമത്ത് സുഹറയെ കൊന്ന കേസില്‍ കര്‍ണാടക ബണ്ട്വാള്‍ ഉജിക്കര സ്വദേശി ബി.എം. ഉമര്‍ ബ്യാരി (40)യെ ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് ശിക്ഷിച്ചത്.
തിങ്കളാഴ്ച രാവിലെയാണ് കോടതി വിധി പ്രസ്താവിച്ചത്. രണ്ടുതവണയാണ് കേസ് വിധി പറയാന്‍ മാറ്റിവെച്ചത്. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ സി.എന്‍. ഇബ്രാഹിം വാദിച്ചിരുന്നു. എന്നാല്‍, കുടുംബത്തിന്‍െറ സംരക്ഷണം തന്‍െറ ചുമലിലാണെന്നും ശിക്ഷയില്‍ പരമാവധി ഇളവ് വേണമെന്നും പ്രതി ഉമര്‍ ബ്യാരി കോടതിയോട് അപേക്ഷിച്ചു. രണ്ടു വാദങ്ങളും കേട്ട ശേഷമാണ് വിധി പ്രഖ്യാപിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.
കൊലക്കേസില്‍ (ഐ.പി.സി 302ാം വകുപ്പ്) പ്രകാരം ജീവപര്യന്തം തടവും 30,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ളെങ്കില്‍ ആറുമാസം തടവ് അനുഭവിക്കണം. വീട്ടില്‍ അതിക്രമിച്ചു കയറിയതിന് (ഐ.പി.സി 449) 10 വര്‍ഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ളെങ്കില്‍ മൂന്നുമാസം തടവ് അനുഭവിക്കണം.
സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് (ഐ.പി.സി 506) അഞ്ചുവര്‍ഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ളെങ്കില്‍ രണ്ടു മാസം തടവ് അനുഭവിക്കണം. 2006 ഡിസംബര്‍ 28ന് പുലര്‍ച്ചെ 2.30നാണ് നാടിനെ നടുക്കിയ നിഷ്ഠുര കൊലപാതകം നടന്നത്. തെങ്ങിന് മുകളിലൂടെ വീടിന്‍െറ മേല്‍ക്കൂരയില്‍ കയറിയ പ്രതി, ഓടിളക്കി അകത്തുകടന്ന് ഉറങ്ങിക്കിടന്ന ഫാത്തിമത്ത് സുഹറയെ കൊല്ലുകയായിരുന്നു. അതേസമയം പ്രണയാഭ്യര്‍ഥന നിരസിച്ചതിന് ഫാത്തിമത്ത് സുഹറയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചതില്‍ ചാരിതാര്‍ഥ്യമുണ്ടെന്ന് കേസിലെ ഒന്നാം സാക്ഷി യൂസുഫ് ഉളുവാര്‍ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.