സാമൂഹിക പദ്ധതികള്‍ക്കുള്ള തുകയില്‍ ഇടിവ് –ഉപരാഷ്ട്രപതി

കൊച്ചി: കേന്ദ്ര സര്‍ക്കാറിന് കീഴിലെ സുപ്രധാന സാമൂഹിക പദ്ധതികള്‍ക്ക് നീക്കിവെച്ചിട്ടുള്ള തുകയില്‍ രണ്ട് വര്‍ഷത്തിനിടെ ഗണ്യമായ ഇടിവ് സംഭവിച്ചതായി ഉപരാഷ്ട്രപതി എം. ഹാമിദ് അന്‍സാരി. സമഗ്ര ശിശുവികസന സേവന പദ്ധതിക്ക് നീക്കിവെച്ചിരുന്ന തുകയില്‍ അഞ്ച് ശതമാനത്തിന്‍െറയും സര്‍വശിക്ഷാ അഭിയാന്‍ പദ്ധതിയില്‍ എട്ട് ശതമാനത്തിന്‍െറയും ദേശീയ ആരോഗ്യ മിഷന്‍ പദ്ധതികളില്‍ നാല് ശതമാനത്തിന്‍െറയും ഇടിവാണ് ഉണ്ടായിട്ടുള്ളത്.

വിദ്യാഭ്യാസമുള്‍പ്പെടെ സാമൂഹികരംഗത്തെ സുപ്രധാന പദ്ധതികളിലുള്ള സര്‍ക്കാര്‍ വിഹിതം കുറയുന്നത് ആശങ്കാജനകമാണ്. വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ നിക്ഷേപം വര്‍ധിപ്പിക്കുന്നതിന് പുറമെ ഗ്രാമീണ മേഖലകള്‍ ലക്ഷ്യമാക്കിയുള്ള മറ്റ് സാമൂഹിക സേവന പദ്ധതികള്‍ക്ക് തുക വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രഫ. കെ.വി. തോമസ് എം.പി വിദ്യാധനം ട്രസ്റ്റിന്‍െറ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ ധനസഹായ പദ്ധതിയുടെ നാലാം ഘട്ടത്തിന്‍െറ ഉദ്ഘാടനം കൊച്ചിയില്‍ നിര്‍വഹിക്കുകയായിരുന്നു ഉപരാഷ്ട്രപതി. ലക്ഷ്യബോധമുള്ള വിദ്യാര്‍ഥികള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭിക്കാന്‍ സാമ്പത്തിക പരാധീനത തടസ്സമാവരുത്. സര്‍ക്കാറില്‍നിന്നും സംഘടനകളില്‍നിന്നുമുള്ള ധനസഹായം സാമ്പത്തികാവസ്ഥ മോശമായ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് അനിവാര്യമാണ്. ഇന്ത്യയില്‍ വിദ്യാഭ്യാസത്തിന് ചെലവഴിക്കുന്ന തുക തീര്‍ത്തും അപര്യാപ്തമാണ്. ജി.ഡി.പിയുടെ കേവലം 3.5 ശതമാം മാത്രമാണ് ഇതിനായി നീക്കിവെക്കുന്നത്. രക്ഷിതാക്കളുടെ വരുമാനക്കുറവ് സ്കൂള്‍ വിദ്യാര്‍ഥികളുടെ പഠനത്തെ ബാധിക്കാതിരിക്കാന്‍ വിദ്യാഭ്യാസരംഗത്തെ സര്‍ക്കാര്‍ നിക്ഷേപം ഉയര്‍ത്തണം. വിദ്യാഭ്യാസം വ്യാപകമായത്, കേരളത്തില്‍ വ്യക്തിസ്വാതന്ത്ര്യം വര്‍ധിക്കാനിടയാക്കുകയും ലിംഗസമത്വത്തിനനുകൂലമായ കാലാവസ്ഥ രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഇതിലൂടെ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ വേഗത്തില്‍ ദാരിദ്ര്യം ലഘൂകരിക്കാന്‍ കേരളത്തിന് സാധിച്ചു. വിവിധ സാമൂഹിക-സാമ്പത്തിക സൂചികകളില്‍ കേരളം ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. ഇത് വികസിത രാജ്യങ്ങള്‍ക്കടുത്ത് നില്‍ക്കുന്ന തരത്തിലാണ്. സമഗ്ര വിദ്യാഭ്യാസം പരിവര്‍ത്തന ശക്തിയായി പ്രവര്‍ത്തിക്കുന്നതിന്‍െറ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, വനം മന്ത്രി കെ. രാജു, എസ്. ശര്‍മ എം.എല്‍.എ, മേയര്‍ സൗമിനി ജയിന്‍, ബി.പി.സി.എല്‍ എക്സി. ഡയറക്ടര്‍ പ്രസാദ് കെ. പണിക്കര്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രഫ. കെ.വി. തോമസ് എം.പി സ്വാഗതവും എസ്.ബി.ഐ സി.ജി.എം എസ്. വെങ്കിട്ടരാമന്‍ നന്ദിയും പറഞ്ഞു. എസ്.എസ്.എല്‍.സി, പ്ളസ് ടു പരീക്ഷകളില്‍ എല്ലാ വിഷയത്തിനും എ പ്ളസ് നേടിയ 900ഓളം വിദ്യാര്‍ഥികള്‍ക്ക് 2,500 രുപ വീതമാണ് സ്കോര്‍ഷിപ് അനുവദിച്ചത്.

ഉപരാഷ്ട്രപതി മടങ്ങി
കൊച്ചി: മൂന്നു ദിവസത്തെ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഉപരാഷ്ട്രപതി ഡോ. ഹാമിദ് അന്‍സാരിക്ക് കൊച്ചി നാവിക വിമാനത്താവളത്തില്‍ യാത്രയയപ്പ് നല്‍കി. ഐ.എന്‍.എസ് ഗരുഡ നാവിക വിമാനത്താവളത്തില്‍നിന്ന് വ്യോമസേനയുടെ രാജ്കമല്‍ വിമാനത്തിലാണ് ഉപരാഷ്ട്രപതിയും പത്നി സല്‍മയും ഡല്‍ഹിക്ക് മടങ്ങിയത്. ഗവര്‍ണര്‍ പി. സദാശിവം, വനം മന്ത്രി കെ. രാജു, മേയര്‍ സൗമിനി ജെയിന്‍, പൊതുഭരണ വകുപ്പ് സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, ദക്ഷിണ നാവിക കമാന്‍ഡ് ഫ്ളാഗ് ഓഫിസര്‍ കമാന്‍ഡിങ് ഇന്‍ ചീഫ് വൈസ് അഡ്മിറല്‍ എ.വി. കാര്‍വെ, ജില്ലാ കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫറുല്ല, ഡി.ജി.പി ലോക്നാഥ് ബെഹ്റ തുടങ്ങിയവര്‍ ഉപരാഷ്ട്രപതിയെ യാത്ര അയക്കാനത്തെിയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.