എസ്.ബി.ടി –എസ്.ബി.ഐ ലയനം: കേന്ദ്ര സര്‍ക്കാറിനോട് വിശദീകരണം തേടി

കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിനെ (എസ്.ബി.ടി) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍(എസ്.ബി.ഐ) ലയിപ്പിക്കുന്നത് തടയണമെന്നാവശ്യപ്പെടുന്ന ഹരജിയില്‍ കേന്ദ്ര സര്‍ക്കാറടക്കം എതിര്‍കക്ഷികളോട് ഹൈകോടതി വിശദീകരണം തേടി. രാഷ്ട്രീയ പാര്‍ട്ടികളും ട്രേഡ് യൂനിയനുകളും ചേര്‍ന്ന് രൂപവത്കരിച്ച സേവ് എസ്.ബി.ടി ഫോറത്തിന് വേണ്ടി ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രനടക്കം 12 പേര്‍ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്.
കേന്ദ്ര സര്‍ക്കാറിന് പുറമെ കേന്ദ്ര ധനകാര്യ മന്ത്രാലയം, എസ്.ബി.ഐ, എസ്.ബി.ടി, റിസര്‍വ് ബാങ്ക്, സംസ്ഥാന സര്‍ക്കാര്‍ എന്നിവര്‍ക്കാണ് നോട്ടീസ് ഉത്തരവായിട്ടുള്ളത്.കേരളം ആസ്ഥാനമായ ഏക പൊതുമേഖല ബാങ്കായ എസ്.ബി.ടിയെ തകര്‍ത്ത് വന്‍കിട ബിസിനസ്സുകാരുടെ താല്‍പര്യം സംരക്ഷിക്കാനാണ് ലയനമെന്നാണ് ഹരജിയിലെ ആരോപണം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കനുസരിച്ച് 1,177 ശാഖകളും 1,707 എ.ടി.എമ്മുമുള്ള എസ്.ബി.ടി 1,68,123 കോടി രൂപയുടെ ബിസിനസാണ് ചെയ്തത്. സംസ്ഥാനത്തിന്‍െറ വികസന പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കാളിത്തമുള്ള ബാങ്കാണ് എസ്.ബി.ടി. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ സാമ്പത്തിക ഇടപാടുകള്‍ക്കും പദ്ധതികള്‍ക്കും എസ്.ബി.ടി പിന്തുണ നല്‍കുന്നുണ്ട്. ബാങ്കിങ് നിയമങ്ങള്‍ക്ക് വിരുദ്ധമാണ് ലയനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ലാഭം കുറവാണെന്ന് വ്യാഖ്യാനിച്ചും ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തിലെ കിട്ടാക്കടം പെരുപ്പിച്ചു കാട്ടിയുമാണ് ലയന തീരുമാനത്തെ ഡയറക്ടര്‍ ബോര്‍ഡ് ന്യായീകരിക്കുന്നത്. കൃത്യമായ രേഖകളുടെയോ അജണ്ടയുടെയോ അടിസ്ഥാനത്തിലല്ല ലയനത്തിന് തീരുമാനമെടുത്തത്. നോട്ടീസും നല്‍കിയിട്ടില്ല.
ഹരജിക്കാര്‍ സംസ്ഥാന മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്. ഭീമമായ തുക വിദേശ കോര്‍പറേറ്റുകള്‍ക്ക് വായ്പ നല്‍കാന്‍ ബാങ്കിനെ പ്രാപ്തമാക്കുകയാണ് ലയനം കൊണ്ടുദ്ദേശിക്കുന്നത്. എസ്.ബി.ടിയുടെ ലാഭത്തിന്‍െറയും കിട്ടാക്കടത്തിന്‍െറയും കണക്കുകളിലെ കള്ളത്തരങ്ങള്‍ കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഉള്‍പ്പെടെയുള്ളവരെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ഹരജിയില്‍ ആവശ്യമുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.