‘കൊക്കൂണ്‍ 2016’: വിജിലന്‍സ് അന്വേഷണം അട്ടിമറിക്കാന്‍ ഗൂഢാലോചന

തിരുവനന്തപുരം: കേരള പൊലീസിന്‍െറ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘കൊക്കൂണ്‍ 2016’ സെമിനാറുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണം അട്ടിമറിക്കാന്‍ പൊലീസ് ട്രെയ്നിങ് കോളജില്‍ (പി.ടി.സി) ഗൂഢാലോചന നടന്നതായി റിപ്പോര്‍ട്ട്. സെമിനാറിന് ചുക്കാന്‍ പിടിച്ച ഐ.പി.എസ് ഉന്നതരുടെ നേതൃത്വത്തില്‍ പി.ടി.സിയില്‍ നിരവധി തവണ രഹസ്യയോഗങ്ങള്‍ ചേര്‍ന്നതായാണ് വിജിലന്‍സിന് ലഭിച്ച വിവരം. വ്യാജരേഖ ചമയ്ക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇവിടെ നടന്നതായാണ് സൂചന. ഈ സാഹചര്യത്തില്‍, സെമിനാര്‍ അഴിമതിയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രാഥമിക അന്വേഷണത്തില്‍ ഗൂഢാലോചനയും ഉള്‍പ്പെടുത്താനാണ് വിജിലന്‍സ് നീക്കം. 

ആഗസ്റ്റ് 19, 20 തീയതികളില്‍ കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ലക്ഷങ്ങള്‍ ധൂര്‍ത്തടിച്ചെന്നും പിന്നില്‍ അഴിമതിയുണ്ടെന്നുമുള്ള വിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്. സെമിനാറുമായി ബന്ധപ്പെട്ട് ചിലര്‍ നടത്തിയ ‘കച്ചവടങ്ങളെ’ ക്കുറിച്ചും അന്വേഷണമുണ്ട്. പരിപാടിയുടെ വരവുചെലവു കണക്കുകള്‍ വിജിലന്‍സ് ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍, സെമിനാറിലെ ധൂര്‍ത്ത് സംബന്ധിച്ച വിവരങ്ങള്‍ വളച്ചൊടിക്കുന്ന തരത്തില്‍ റിപ്പോര്‍ട്ട് തയാറാക്കാനാണ് സംഘാടകരുടെ നീക്കം. ഇതിനുവേണ്ടിയാണ് പി.ടി.സിയില്‍ യോഗം ചേര്‍ന്നതെന്ന് വിജിലന്‍സ് വൃത്തങ്ങള്‍ പറയുന്നു. സെമിനാര്‍ ഉദ്ഘാടനം ചെയ്യാനത്തെിയ മുഖ്യമന്ത്രി പിണറായി വിജയന്‍ വരവുചെലവുകളെക്കുറിച്ച് സംഘാടകരോട് ആരാഞ്ഞിരുന്നു. സ്പോണ്‍സര്‍ഷിപ്പിലൂടെയും ഐ.ടി പാര്‍ട്ണര്‍മാരുടെ സഹകരണത്തോടെയുമാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നായിരുന്നു മറുപടി. 

കഴിഞ്ഞ ആറു സീസണിലും ഇത്തരത്തിലാണ് പരിപാടി സംഘടിപ്പിച്ചതത്രെ. ഇതുകൊണ്ട് സേനക്ക് എന്താണ് ഗുണമെന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാന്‍ അധികൃതര്‍ക്കായതുമില്ല. കേരള പൊലീസിന് സാങ്കേതിക പരിജ്ഞാനം നല്‍കാനാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നാണ് പുറംമേനി. എന്നാലിത് ചിലര്‍ക്ക് കാശടിക്കാനുള്ള സൂത്രപ്പണിയാണെന്ന് ഒരുവിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.