ട്രെയിന്‍ മുടക്കം; സ്ഥിരം യാത്രക്കാരെ വലച്ചു

കൊച്ചി: കറുകുറ്റിയിലെ ട്രെയിന്‍ അപകടത്തിനുശേഷം ഗതാഗതം പുന$സ്ഥാപിച്ചെങ്കിലും പ്രധാന ട്രെയിനുകളായ കണ്ണൂര്‍-എറണാകുളം ഇന്‍റര്‍സിറ്റി എക്സ്പ്രസ്, ഗുരുവായൂര്‍-തിരുവനന്തപുരം ഇന്‍റര്‍സിറ്റി, എറണാകുളം-നിലമ്പൂര്‍ പാസഞ്ചര്‍ തുടങ്ങിയവ റദ്ദാക്കിയത് പതിവ് യാത്രക്കാരെ വലച്ചു. ഞായര്‍ അവധിക്കുശേഷം മലബാര്‍ മേഖലയിലെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എറണാകുളം, തിരുവനന്തപുരം ജില്ലകളിലേക്ക് എത്തുന്ന പ്രധാന ട്രെയിനുകളിലൊന്നാണ് കണ്ണൂര്‍-എറണാകുളം ഇന്‍റര്‍സിറ്റി. ട്രെയിന്‍ റദ്ദായതോടെ ഇവരില്‍ പലരും വെട്ടിലായിരിക്കുകയാണ്. ട്രെയിനുകള്‍ റദ്ദായതോടെ ചിലര്‍ അവധിയെടുക്കുകയും ചിലര്‍ ബസില്‍ തിരിക്കുകയും ചെയ്തു. ഗുരുവായൂര്‍-തിരുവനന്തപുരം എക്സ്പ്രസ് റദ്ദാക്കിയത് ഗുരുവായൂര്‍ തീര്‍ഥാടകരെയും പ്രതികൂലമായി ബാധിച്ചു.
 തിങ്കളാഴ്ച രാവിലെ 6.10ന് പുറപ്പെടേണ്ട തിരുവനന്തപുരം-കോര്‍ബ എക്സ്പ്രസ് പത്ത് മണിക്കൂറിലേറെ വൈകി വൈകീട്ട് നാലരക്കാണ് പുറപ്പെട്ടത്. രാവിലെ 7.55ന് തിരുനെല്‍വേലിയില്‍നിന്ന് പുറപ്പെടുന്ന തിരുനെല്‍വേലി-ഹാപ്പ എക്സ്പ്രസ് മൂന്നു മണിക്കൂര്‍ വൈകി 11നാണ് പുറപ്പെട്ടത്. രാവിലെ 9.20ന് പുറപ്പെടേണ്ട കൊച്ചുവേളി-ചണ്ഡീഗഢ് എക്സ്പ്രസ് ഉച്ചക്ക് ഒന്നിനാണ് യാത്ര തുടങ്ങിയത്. ആലപ്പുഴ-ധന്‍ബാദ് എക്സ്പ്രസ് രാത്രി പത്തിനാണ് ആലപ്പുഴയില്‍നിന്ന് തിരിച്ചത്. തിരുവനന്തപുരം-ലോക്മാന്യതിലക് നേത്രാവതി എക്സ്പ്രസ് വൈകുന്നരം 3.30ന് പുറപ്പെട്ടു. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് പുറപ്പെടേണ്ടിയിരുന്ന കൊച്ചുവേളി-യശ്വന്ത്പൂര്‍ എക്സ്പ്രസ് രണ്ടര മണിക്കൂര്‍ വൈകിയാണ് സര്‍വിസ് ആരംഭിച്ചത്. തിങ്കളാഴ്ച 5.10ന് പുറപ്പെടേണ്ട എറണാകുളം-പട്ന ട്രെയിന്‍ പുലര്‍ച്ചെ രണ്ടിന് പുറപ്പെട്ടതും യാത്രക്കാരെ വലച്ചു. കന്യാകുമാരി-ചെന്നൈ എഗ്മോര്‍ എക്സ്പ്രസ് ആറര മണിക്കൂര്‍ വൈകി രാത്രി 11.30നാണ് പുറപ്പെട്ടത്. രാത്രി 8.40ന് പുറപ്പെടേണ്ട തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസ് ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിനും 10.45ന് എറണാകുളത്ത്നിന്ന് പുറപ്പെടേണ്ട എറണാകുളം-നിസാമുദ്ദീന്‍ മംഗള എക്സ്പ്രസ് ഉച്ചക്ക് ഒന്നരക്കുമാണ് പുറപ്പെട്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.