തെളിവില്ലെന്ന് പറഞ്ഞ ഉദ്യോഗസ്ഥൻ തന്നെ തുടരന്വേഷണം ആവശ്യപ്പെട്ടതിൽ ദുരൂഹത-മാണി

കോട്ടയം: തനിക്കെതിരായ കേസിൽ തെളിവില്ലെന്ന് ആവർത്തിച്ച് കോടതിയിൽ പറഞ്ഞ വിജിലൻസ് ഉദ്യോഗസ്ഥൻ തന്നെ തുടരന്വേഷണം ആവശ്യപ്പെട്ടതിൽ ദുരൂഹതയുണ്ടെന്ന് മുൻമന്ത്രി കെ.എം മാണി. തന്‍റെ രാഷ്ട്രീയ നിലപാടിൽ അസ്വസ്ഥത പൂണ്ടവരും വിജിലൻസ് ഉദ്യോഗസ്ഥനും തമ്മിലുള്ള ഒത്തുകളിയാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായും കെ.എം മാണി ആരോപിച്ചു.

പുനരന്വേഷണം ആവശ്യപ്പെട്ട ഉദ്യോഗസ്ഥന്‍റെ നിലപാട് നീതീകരിക്കാവുന്നതല്ല. യാതൊരു തെളിവുമില്ലെന്നും മാണി കുറ്റക്കാരനല്ലെന്നുമാണ് ഉദ്യോഗസ്ഥൻ കോടതിയിൽ പറഞ്ഞത്. പിന്നീട് മൂന്ന് കാര്യങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടപ്പോഴും കോടതിയിൽ ഇതേ നിലപാട് തന്നെയാണ് ഉദ്യോഗസ്ഥൻ ആവർത്തിച്ചത്. ഇദ്ദേഹം ഇപ്പോൾ തുടരന്വേഷണം ആവശ്യപ്പെട്ടതിൽ ദുരൂഹതയുണ്ടെന്നും മാണി പറഞ്ഞു.

വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് മുമ്പ് പോർട്ട് ട്രസ്റ്റ് ചെയർമാനായിരിക്കെ ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ടപ്പോൾ താൻ അതിന് അനുമതി നൽകിയിരുന്നു. ജേക്കബ് തോമസിന് തന്നോടുള്ള നീരസത്തിന് ഇതാകാം കാരണമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി മാണി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.