നൗഫലിന്‍െറ സഹോദരങ്ങളുടെ സംരക്ഷണം ശിശുക്ഷേമ സമിതിക്ക്

തൊടുപുഴ: അടിമാലിയില്‍ മാതാപിതാക്കളുടെ മര്‍ദനമേറ്റ 10  വയസ്സുകാരന്‍ നൗഫലിന്‍െറ രണ്ട് സഹോദരങ്ങളുടെ സംരക്ഷണം ഇടുക്കി ജില്ലാ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. കുട്ടികളെ മാതാവിനൊപ്പം കുയിലുമലയിലെ ആശ്രയ ഷെല്‍റ്റര്‍ ഹോമില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച തൊടുപുഴയില്‍ ശിശുക്ഷേമസമിതി ഓഫിസിലത്തെി മൊഴി രേഖപ്പെടുത്തിയ ശേഷമാണ് മാതാവ് സെലീനയെയും മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെയും ഒമ്പത് വയസ്സുകാരന്‍ സഹോദരനെയും ഷെല്‍റ്റര്‍ ഹോമിലേക്ക് മാറ്റിയത്.

നൗഫലിന്‍െറ മൊഴിപ്രകാരം അടിമാലി പൊലീസ് സെലീനക്കെതിരെ കേസെടുത്ത സാഹചര്യത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെയാണ് ഇവരെയും ഷെല്‍റ്റര്‍ ഹോമില്‍ പാര്‍പ്പിക്കുന്നതെന്ന് ശിശുക്ഷേമസമിതി ചെയര്‍മാന്‍ പി.ജി. ഗോപാലകൃഷ്ണന്‍ പറഞ്ഞു. തനിക്ക് രണ്ടുകുട്ടികള്‍ കൂടി ഉള്ളതായി സമിതി മുമ്പാകെ സെലീന വെളിപ്പെടുത്തി. ഇവര്‍ ബന്ധുക്കളുടെ ഒപ്പമാണ്.  ഷെല്‍റ്റര്‍ ഹോമില്‍ പ്രവേശിപ്പിച്ച കുട്ടികളുടെ സംരക്ഷണച്ചുമതല ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ തയാറാണെങ്കില്‍ അക്കാര്യം പരിഗണിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ ശിശുസംരക്ഷണ ഓഫിസറെ ചുമതലപ്പെടുത്തി. ചെറുതോണിയിലെ സ്വധര്‍ ഹോമില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ച് അവിടെ എത്തിച്ചെങ്കിലും ഇടമില്ലാത്തതിനാല്‍ കുയിലുമലയിലേക്കു മാറ്റുകയായിരുന്നു.
കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന നൗഫലിന്‍െറ ആരോഗ്യനില മെച്ചപ്പെട്ടതായാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

ആശുപത്രിയില്‍നിന്ന്  ഡിസ്ചാര്‍ജ് ചെയ്ത ശേഷം കുട്ടിയുടെ സംരക്ഷണം ശിശുക്ഷേമസമിതി ഏറ്റെടുക്കും. നൗഫലിനെ ഉപദ്രവിച്ചതടക്കം കാര്യങ്ങള്‍ നിഷേധിച്ച സെലീന, കുരങ്ങ് ആക്രമിച്ചതാണെന്ന മൊഴി സമിതിക്കുമുന്നിലും ആവര്‍ത്തിച്ചു.  ഭര്‍ത്താവോ താനോ മര്‍ദിച്ചിട്ടില്ല. പ്രദേശത്ത് കുരങ്ങ് ശല്യം രുക്ഷമാണ്. കുട്ടി ഡോക്ടര്‍ക്കും പൊലീസിനും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സെലീനക്കും ഭര്‍ത്താവ് നസീറിനുമെതിരെ അടിമാലി പൊലീസ് കേസെടുത്തത്. പൊലീസ് റിപ്പോര്‍ട്ടനുസരിച്ചാകും തുടര്‍ നടപടി. ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ അടിമാലിയിലും ആശുപത്രിയിലും എത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

ശിശുക്ഷേമ സമിതി മുമ്പാകെ അടിമാലി പൊലീസ് ഹാജരാക്കിയ മാതാവിനോടൊപ്പമുണ്ടായിരുന്ന ഒമ്പത് വയസ്സുകാരന്‍െറ ദേഹത്ത്  മുറിവുകളും പൊള്ളലേറ്റപോലുള്ള പാടുകളും കണ്ടത്തെി. എന്നാല്‍, ഇത് വീഴ്ചയിലുണ്ടായതാണെന്നാണ് കുട്ടി പറയുന്നത്. സെലീനയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. ശിശുക്ഷേമസമിതി സിറ്റിങ്ങില്‍ അഡ്വ. സണ്ണി തോമസ്, സമിതി അംഗങ്ങളായ ജസി സേവ്യര്‍, സിസ്റ്റര്‍ മെല്‍വി എന്നിവരും പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.