ഭാഗപത്രം: സ്ളാബ് സമ്പ്രദായം പരിഗണിക്കുന്നു

തിരുവനന്തപുരം: കുടുംബസ്വത്ത് ഭാഗംവെക്കുന്നതിനുള്ള സ്റ്റാമ്പ് ഡ്യൂട്ടിക്ക് ഭൂമി വിസ്തീര്‍ണത്തിന്‍െറ അടിസ്ഥാനത്തില്‍ സ്ളാബ് സമ്പ്രദായം ഏര്‍പ്പെടുത്താന്‍ ആലോചന. കുറഞ്ഞ ഭൂമി ഇടപാടുകളില്‍ ഇളവ് പരിഗണിക്കുമെങ്കിലും കൂടുതല്‍ ഭൂമിയുള്ളവര്‍ക്ക് ഇതു ബാധകമാവില്ല. എത്ര ഭൂമിയുണ്ടെങ്കിലും 1000 രൂപ സ്റ്റാമ്പ് ഡ്യൂട്ടി എന്ന മുന്‍  അവസ്ഥ പുന$സ്ഥാപിക്കുകയുമില്ല. പരിഗണനയിലുള്ള ഇളവുകളും നിയമസഭ ചേരുമ്പോള്‍ മാത്രമേ പരിഗണിക്കുകയുമുള്ളൂ. താല്‍ക്കാലിക സംവിധാനം  കൊണ്ടുവരില്ളെന്ന് ധനവകുപ്പ് വ്യക്തമാക്കി.

തിങ്കളാഴ്ച ചേര്‍ന്ന സബ്ജക്ട് കമ്മിറ്റിയും ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. കഴിഞ്ഞ ബജറ്റിലാണ് ഭാഗപത്രം തുടങ്ങി കുടുംബങ്ങള്‍ തമ്മിലെ സ്വത്ത് ഭാഗവെപ്പടക്കം മൂന്നു ശതമാനം സ്റ്റാമ്പ് ഡ്യൂട്ടി ഏര്‍പ്പെടുത്തിയത്. നിലവിലെ 1000 രൂപയില്‍ വരുത്തിയ വര്‍ധന വന്‍ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കിയത്. അഞ്ച്, 10 സെന്‍റ് ഭൂമിയുടെ കാര്യത്തില്‍  ഇളവ് നല്‍കാനാണ് ആലോചന. അതില്‍ കൂടുതലുള്ളവക്ക് രജിസ്ട്രേഷന്‍ ഫീസ്, മുദ്രവില എന്നിവക്ക് സ്ളാബ് നിശ്ചയിച്ചാവും നിരക്ക്.
വിശദാംശങ്ങള്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കു ശേഷം തീരുമാനിക്കുമെന്ന് സബ്ജക്ട് കമ്മിറ്റി യോഗത്തില്‍ മന്ത്രി ഡോ. തോമസ് ഐസക് അറിയിച്ചു. സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കാന്‍ തയാറാണെങ്കിലും കഴിഞ്ഞ സര്‍ക്കാര്‍ നീതീകരണമില്ലാതെ കൊണ്ടുവന്ന 1000 രൂപ യെന്നത് പുനഃസ്ഥാപിക്കില്ല. നിയമസഭ ചേരുമ്പോള്‍ നടക്കുന്ന സബ്ജക്ട് കമ്മിറ്റിയില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യാമെന്നും അദ്ദേഹം  അറിയിച്ചു. വി.ഡി. സതീശന്‍, ടി.എ. അഹമ്മദ് കബീര്‍ തുടങ്ങിയ പ്രതിപക്ഷാംഗങ്ങള്‍ ഇതിനോട് വിയോജിച്ചു.

ഭാഗപത്രം ഒഴിമുറി, ദാനം, ധനനിശ്ചയം എന്നിവയുടെ നിരക്ക് കുറക്കണമെന്ന ആവശ്യം  നിയമപരമായി ഇപ്പോള്‍ പരിശോധിക്കാനാകില്ല. ബജറ്റ് പാസാക്കാന്‍ നിയമസഭ ഒരു മാസത്തിനകം ചേരുമ്പോള്‍ ചര്‍ച്ചചെയ്യാം -മന്ത്രി പറഞ്ഞു. 50 സെന്‍റ് വസ്തുവുള്ള വ്യക്തി ബാങ്ക് വായ്പക്ക് ഒഴിമുറി രജിസ്റ്റര്‍ ചെയ്യാന്‍   വായ്പയെക്കാള്‍ കൂടുതല്‍ തുക ചെലവാക്കേണ്ടിവരുമെന്ന് വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി. വസ്തു ഇടപാടിന് മുമ്പുള്ള കരാര്‍ രജിസ്റ്റര്‍ ചെയ്യാനും എട്ടുശതമാനം ചെലവുവരും. അതു നടന്നില്ളെങ്കില്‍ തുക നഷ്ടമാകും. ഇടപാട് സമയത്തും എട്ടുശതമാനം തുക ചെലവാക്കണം. ഇത് അപ്രായോഗികമാണ്. അതിനാല്‍ ഇക്കാര്യത്തില്‍ സമഗ്രപഠനം അനിവാര്യമാണെന്ന് സതീശനും അഹമ്മദ് കബീറും പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.