തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെയും കല്‍പിത സര്‍വകലാശാലയിലെയും മുഴുവന്‍ എം.ബി.ബി.എസ് സീറ്റുകളിലേക്കും സര്‍ക്കാര്‍ അലോട്ട്മെന്‍റ് നടത്താന്‍ ഉത്തരവ്. മാനേജ്മെന്‍റ്, എന്‍.ആര്‍.ഐ ക്വോട്ട സീറ്റുകളിലേക്കടക്കം അലോട്ട്മെന്‍റ് നടപടികള്‍ സ്വീകരിക്കാന്‍ പ്രവേശ പരീക്ഷാ കമീഷണറെ ചുമതലപ്പെടുത്തിയാണ് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്. മാനേജ്മെന്‍റ്, എന്‍.ആര്‍.ഐ ക്വോട്ട സീറ്റുകളിലെ പ്രവേശാധികാരം സംബന്ധിച്ച തര്‍ക്കത്തില്‍ സര്‍ക്കാറും സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്മെന്‍റുകളും തമ്മിലെ ചര്‍ച്ച അലസിയതിനു പിന്നാലെയാണ് സര്‍ക്കാര്‍ നിലപാടില്‍ ഉറച്ച് ഉത്തരവിറക്കിയത്. മാനേജ്മെന്‍റ്, എന്‍.ആര്‍.ഐ സീറ്റുകളിലേക്കടക്കം മുഴുവന്‍ സീറ്റുകളിലേക്കും സര്‍ക്കാര്‍ അലോട്ട്മെന്‍റ് നടത്തുന്നത് പരിഗണിക്കണമെന്ന് നേരത്തേ കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു.ഇതിനത്തെുടര്‍ന്നാണ് മുഴുവന്‍ സീറ്റുകളിലേക്കും പ്രവേശ പരീക്ഷാ കമീഷണര്‍ അലോട്ട്മെന്‍റ് നടത്തണമെന്ന് സര്‍ക്കാര്‍ നിലപാടിലത്തെിയത്. ഇതു തള്ളിയാണ് മാനേജ്മെന്‍റ് അസോസിയേഷന്‍ ഭാരവാഹികള്‍ ആരോഗ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍നിന്ന് ഇറങ്ങിപ്പോയത്.
സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ 50 ശതമാനം വരുന്ന മാനേജ്മെന്‍റ്, എന്‍.ആര്‍.ഐ സീറ്റുകളിലേക്ക് ‘നീറ്റ്’ പട്ടികയില്‍നിന്ന് നിയമാനുസൃതം പ്രവേശ പരീക്ഷാ കമീഷണര്‍ അലോട്ട്മെന്‍റ് നടത്തണമെന്നാണ് ഉത്തരവ്. ഈ കോളജുകളിലെ 50 ശതമാനം മെറിറ്റ് സീറ്റുകളിലേക്ക് സംസ്ഥാന മെഡിക്കല്‍ പ്രവേശ പരീക്ഷയുടെ അടിസ്ഥാനത്തില്‍ അലോട്മെന്‍റ് നടത്താനും ഉത്തരവില്‍ കമീഷണര്‍ക്ക് നിര്‍ദേശമുണ്ട്. കഴിഞ്ഞ വര്‍ഷം വരെ പ്രവേശത്തില്‍ സ്വീകരിച്ച സംവരണ, ക്വോട്ട മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം അലോട്ട്മെന്‍െറന്നും ഉത്തരവില്‍ പറയുന്നു. കല്‍പിത സര്‍വകലാശാലകളിലെ മെഡിക്കല്‍ അലോട്ട്മെന്‍റിനും പ്രവേശ പരീക്ഷാ കമീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉത്തരവ് പ്രകാരം കേരളത്തില്‍ സ്വകാര്യ കല്‍പിത സര്‍വകലാശാലാ പദവിയോടെ പ്രവര്‍ത്തിക്കുന്ന കൊച്ചിയിലെ അമൃത മെഡിക്കല്‍ കോളജിലേക്ക് നീറ്റ് റാങ്ക് പട്ടികയെ അടിസ്ഥാനപ്പെടുത്തി മുഴുവന്‍ സീറ്റുകളിലേക്കും പ്രവേശ പരീക്ഷാ കമീഷണര്‍ അലോട്ട്മെന്‍റ് നടത്തേണ്ടിവരും.
നീറ്റ് പട്ടിക അടിസ്ഥാനപ്പെടുത്തി പ്രവേശം നടത്തേണ്ട സ്ഥാപനങ്ങളുടെ പരിധിയില്‍ കല്‍പിത സര്‍വകലാശാലകളെ കൂടി സുപ്രീംകോടതി ഉള്‍പ്പെടുത്തിയതോടെ പ്രവേശ നടപടികളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ജസ്റ്റിസ് ജയിംസ് കമ്മിറ്റി അമൃത മെഡിക്കല്‍ കോളജിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. പ്രോസ്പെക്ടസും ഫീസ് നിരക്കും സംബന്ധിച്ച വിശദാംശങ്ങള്‍ സമര്‍പ്പിക്കാനാണ് നിര്‍ദേശം നല്‍കിയത്. നിയമവശങ്ങള്‍ കൂടി പരിശോധിച്ച് ആഗസ്റ്റ് 23ന് മറുപടി നല്‍കാമെന്നാണ് അമൃത കോളജ് അധികൃതര്‍ ജയിംസ് കമ്മിറ്റിക്ക് മറുപടി നല്‍കിയത്. അതേസമയം, വെള്ളിയാഴ്ചയിലെ ചര്‍ച്ച അലസിയതോടെ മുഴുവന്‍ സീറ്റുകളിലേക്കും സ്വന്തം നിലക്ക് പ്രവേശം എന്നനിലയില്‍ മുന്നോട്ട് പോകാനാണ് സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്മെന്‍റ് അസോസിയേഷന്‍െറ തീരുമാനം. കോളജുകള്‍ സ്വന്തം നിലക്ക് പ്രോസ്പെക്ടസ് തയാറാക്കി ജസ്റ്റിസ് ജയിംസ് കമ്മിറ്റിയുടെ അംഗീകാരത്തിന് സമര്‍പ്പിക്കുമെന്ന് അസോസിയേഷന്‍ പ്രസിഡന്‍റ് പി. കൃഷ്ണദാസ് പറഞ്ഞു. മാനേജ്മെന്‍റ് സീറ്റുകളിലെ പ്രവേശാധികാരം കവര്‍ന്നെടുക്കുന്ന ഉത്തരവിനെതിരെ തിങ്കളാഴ്ചതന്നെ ഹൈകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.