സദാചാര പൊലീസ് ചമഞ്ഞ് ആക്രമണം: പ്രതികൾ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം ശംഖുംമുഖം ബീച്ചിൽ വിശ്രമിക്കാനിരുന്ന വിദ്യാർഥികളെ സദാചാര പൊലീസ് ചമഞ്ഞ് ആക്രമിച്ചതായി പരാതി. ഗവ. ആയുർവേദ കോളജിലെ ഒന്നാം വർഷ ബി.എ.എം.എസ് വിദ്യാർഥികളെയാണ് യുവാക്കൾ ആക്രമിച്ചത്. സംഭവത്തിൽ ബീമാപള്ളി സ്വദേശികളായ റയീസ് (31), ഇയാളുടെ സുഹൃത്ത് ഹസൻ (26) എന്നിവരെ പിടികൂടി. തിങ്കളാഴ്ച പുലർച്ച അഞ്ചിന് ശംഖുംമുഖം ബീച്ചിനടുത്ത് കണ്ണാന്തുറ തീരത്തിനടുത്താണ് സംഭവം.

ഞായറാഴ്ച 8.30ന് ബിഹാറിൽ നിന്നെത്തിയ യുവതി തിരുവനന്തപുരത്ത് വിമാനമിറങ്ങിയശേഷം ശംഖുംമുഖം ബീച്ചിലെത്തി. പിന്നാലെ ഒപ്പം പഠിക്കുന്ന യുവാവുമെത്തി. ശംഖുംമുഖം ബീച്ചിൽ തീര നിർമാണവുമായി ബന്ധപ്പെട്ട് കുറച്ചുഭാഗം കെട്ടിയടച്ചിട്ടുണ്ട്. ഇതേ തുടർന്ന് ശംഖുംമുഖം കൊട്ടാരത്തിന്റെ ഭാഗത്തുള്ള മണൽ പരപ്പിൽ വിശ്രമിക്കുകയായിരുന്നു ഇരുവരും. ആ സമയത്ത് സ്ഥലത്തെത്തിയ പ്രതികൾ യുവാവിനെയും യുവതിയെയും ഭയപ്പെടുത്തുകയും സദാചാര പൊലീസ് ചമയുകയും ചെയ്തു.

യുവതിയുടെ ബാഗ് തട്ടിപ്പറിക്കുകയും അതിനുള്ളിൽ തുറന്നുനോക്കുകയും ചെയ്തശേഷം കടന്നുപോയി. ബാഗ് തിരികെ നൽകാതെ പോയത് യുവതി ചോദ്യം ചെയ്തതോടെ മുടിപിടിച്ച് വലിക്കുകയും അസഭ്യം പറയുകയും ചെയ്തു. തുടർന്ന് പാന്റ് വലിച്ചൂരാനും ശ്രമിച്ചു. ഇത് തടയാനെത്തിയ യുവാവിനെ ഇരുവരും ചേർന്ന് മർദിച്ചു. ഭയന്നോടിയ ഇരുവരും പൊലീസ്‌ കൺട്രോൾ റൂമിൽ വിളിച്ച് സഹായം തേടി.

ശംഖുംമുഖം ഭാഗത്ത് പട്രോളിങ്ങിലുണ്ടായിരുന്ന എസ്.ഐമാരായ ഓമനക്കുട്ടൻ, ജിബിൻ, ഗ്രേഡ് എസ്.ഐ പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ അക്രമികളായ യുവാക്കളെ കൈയോടെ പിടികൂടുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനും യുവാവിനെ മർദിച്ചതിനും യുവാക്കൾക്കെതിരെ വലിയതുറ പൊലീസ് കേസെടുത്തുവെന്ന് എസ്.എച്ച്.ഒ അശോക് കുമാർ പറഞ്ഞു. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

Tags:    
News Summary - Attack disguised as morality police: Suspects arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.