സി.പി.എം-യു.ഡി.എഫ് നേതാക്കൾ ടി.എം.സി ചേരുമെന്ന പി.വി. അൻവർ: മമതക്ക് അയച്ച കത്ത് പുറത്ത്

തിരുവനന്തപുരം: കേരളത്തിൽനിന്നുള്ള വിവിധ നേതാക്കൾ തൃണമൂൽ കോൺഗ്രസിൽ ചേരുമെന്ന് അവകാശപ്പെട്ട് പി.വി. അൻവർ മമത ബാനർജിക്ക് നൽകിയ കത്തിൽ സി.പി.എം നേതാക്കളുടെയും യു.ഡി.എഫ് നേതാക്കളുടെയും പേരുകൾ. 2024 നവംബർ 26ന് അൻവർ മമതക്ക് അയച്ച കത്താണ് പുറത്തുവന്നത്.

ഐ.എം. വിജയൻ, ജി. സുധാകരൻ, സി. ദിവാകരൻ, ഷിബു ബേബി ജോൺ, തോമസ് ചാഴിക്കാടൻ, കെ.കെ. രമ, സി.കെ. പദ്മനാഭൻ, പ്രതിഭ ഹരി, കോവൂർ കുഞ്ഞുമോൻ, തോമസ് കെ. തോമസ്, എസ്. രാജേന്ദ്രൻ, എ.വി. ഗോപിനാഥ്, കെ.പി. മോഹനൻ, കാരാട്ട് റസാക്ക് തുടങ്ങിയ വിവിധ മേഖലയിൽ പരിചയമുള്ളവർ ടി.എം.സിയിൽ ചേരുമെന്നാണ് അൻവർ കത്തിലൂടെ അവകാശപ്പെട്ടിരുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് ഇടത് നേതാക്കളെയടക്കം പലരെയും പാർട്ടിയിലെത്തിക്കുമെന്ന് കാട്ടി കേന്ദ്ര നേതൃത്വത്തിന് അൻവർ കത്ത് നൽകിയിരുന്നു. എന്നാൽ, ഇതേ കുറിച്ച് കേരളത്തിൽ അന്വേഷിച്ചപ്പോൾ കത്തിലുള്ള പലർക്കും ഇങ്ങനെയൊരു കാര്യം അറിയില്ലായിരുന്നുവെന്നും ടി.എം.സി ദേശീയ നേതൃത്വം പറഞ്ഞു.

അൻവർ തന്റെ പേര് കത്തിൽ ഉൾപ്പെടുത്തിയതിനെ കുറിച്ച് അറിയില്ലെന്ന് കെ.കെ. രമ പ്രതികരിച്ചു. ഇക്കാര്യം തന്നോട് പറഞ്ഞിട്ടില്ല. തന്റെ അറിവില്ലാതെ അൻവർ എങ്ങനെയാണ് കത്തിൽ തന്റെ പേര് പരാമർശിച്ചതെന്നും കെ.കെ. രമ ചോദിക്കുന്നു. അതേസമയം, ഇപ്പോൾ തൃണമൂൽ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് പുതിയ പാർട്ടിയുണ്ടാക്കി യു.ഡി.എഫിനോട് കൂടുതൽ അടുക്കാനാണ് പി.വി. അൻവറിന്‍റെ തീരുമാനം. രാഹുൽ ഗാന്ധിയുടെ ആശയങ്ങളുമായി ചേരുന്ന പുതിയ പാർട്ടി രൂപീകരിക്കും. എന്നാൽ, രാഷ്ട്രീയ സ്ഥിരതയില്ലാത്ത നേതാവാണ് അൻവർ എന്നും എല്ലാ പിന്തുണയും പിൻവലിക്കുകയാണെന്നും തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് അൻവർ പുതിയ രാഷ്ട്രീയ നീക്കവുമായി ഇറങ്ങുകയാണ്.

ഇടത് എം.എൽ.എയായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനെ പരസ്യമായി വെല്ലുവിളിച്ച് എം.എൽ.എ സ്ഥാനം രാജിവെച്ചതായിരുന്നു ആദ്യ നീക്കം. യു.ഡി.എഫിനോട് അടുക്കാനായിരുന്നു താൽപ്പര്യമെങ്കിലും ആദ്യ ശ്രമം നടന്നില്ല. പിന്നാലെ ഡി.എം.കെയിൽ ചേർന്നു. പിന്നെ മമതയെ കണ്ട് തൃണമൂലായി. ഒടുവിൽ യു.ഡി.എഫ് അസോസിയേറ്റ് അംഗമായി ബേപ്പൂരിൽ സ്വതന്ത്രനായി മത്സരിച്ചു. ഒടുവിൽ ടി.എം.സിയെയും ഉപേക്ഷിച്ച് പുതിയ കേരള പാർട്ടിയുണ്ടാക്കാനാണ് നീക്കം. ബേപ്പൂരിലെ ഫലം എന്തായാലും അൻവറിനെ യു.ഡി.എഫിലെ നേരിട്ടുള്ള ഘടക കക്ഷിയാക്കുന്നതടക്കമുള്ള കാര്യങ്ങൾ കോൺഗ്രസിന്‍റെ പരിഗണനയിലാണ്.

Tags:    
News Summary - CPM-UDF leaders to join TMC: Letter sent to Mamata Banerjee by PV Anwar has surfaced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.