മുത്തൂറ്റ് മിനി കവര്‍ച്ച: ബ്രാഞ്ച് മാനേജര്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍: സേലം ആത്തൂര്‍ കെങ്കവല്ലി ബിഗ്ബസാര്‍ റോഡിലെ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ശാഖയില്‍നിന്ന് അഞ്ചര കിലോ സ്വര്‍ണാഭരണങ്ങളും പണവും കൊള്ളയടിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. ആത്തൂരിലെ പുത്തിരകൗണ്ടംപാളയത്തെ മുത്തൂറ്റ് മിനി ശാഖാ മാനേജര്‍ ആത്തൂര്‍ ചൊക്കനാഥപുരം മരുതമണിയാണ് (25) പിടിയിലായത്. കെങ്കവല്ലി ബ്രാഞ്ചിലെ മാനേജരായിരുന്നു.
ആഗസ്റ്റ് അഞ്ചിനാണ് സമീപത്തെ ശാഖയിലേക്ക് സ്ഥലംമാറ്റിയത്. സ്വര്‍ണവും പണവും ആത്തൂരിലെ ജോതിനഗറിലെ ഇയാളുടെ വാടകവീട്ടില്‍നിന്ന് കണ്ടെടുത്തു. കെങ്കവല്ലി ബ്രാഞ്ചില്‍ ജോലി ചെയ്യവെയാണ് പദ്ധതി ആസൂത്രണം ചെയ്തത്. ലോക്കര്‍ ചാവികളുള്‍പ്പെടെയുള്ളവ നേരത്തെ വ്യാജമായി നിര്‍മിച്ചിരുന്നു.

സി.സി.ടി.വി കാമറ പ്രവര്‍ത്തനരഹിതമാക്കിയ ഇയാള്‍ സെക്യൂരിറ്റി അലാറം സ്വിച്ച് ഓഫ് ചെയ്യുകയും ജനല്‍ക്കമ്പികള്‍ പകുതി മുറിച്ചുവെക്കുകയും ചെയ്തു. ആഗസ്റ്റ് 13ന് രാത്രി ശാഖ തുറന്ന് അകത്തുകടന്നാണ് ലോക്കറുകളില്‍ സൂക്ഷിച്ച  690 പവന്‍ സ്വര്‍ണവും 1.35 ലക്ഷം രൂപയും കൊള്ളയടിച്ചത്. കോയമ്പത്തൂര്‍ പശ്ചിമമേഖലാ ഐ.ജി എ. പ്യാരിയുടെ നിര്‍ദേശാനുസരണം മൂന്ന് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിരുന്നു. സമീപത്തെ കടകളിലും മറ്റും നടത്തിയ അന്വേഷണത്തിനിടെയാണ് മരുതമണി രാത്രി ശാഖയില്‍വന്ന വിവരം അറിഞ്ഞത്. കൂട്ടുപ്രതികളുണ്ടാവാമെന്നാണ് പൊലീസ് കരുതുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.