അല്‍ഫോന്‍സ് കണ്ണന്താനത്തിന് ചണ്ഡിഗഡ് അഡ്മിനിസ്ട്രേറ്റര്‍ പദവി

ന്യൂഡല്‍ഹി: കേരളത്തില്‍നിന്നുള്ള ബി.ജെ.പി നേതാവും മുന്‍ ഐ.എ.എസ് ഓഫിസറുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തെ നരേന്ദ്ര മോദി സര്‍ക്കാര്‍ ചണ്ഡിഗഢ് അഡ്മിനിസ്ട്രേറ്ററാക്കി. പ്രായാധിക്യം മൂലം കേന്ദ്ര ന്യൂനപക്ഷ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട നജ്മ ഹിബത്തുല്ല (മണിപ്പുര്‍), പാര്‍ട്ടി എം.പി വി.പി. സംഗ് ബദ്നോര്‍ (പഞ്ചാബ്) മുന്‍ എം.പി. ബന്‍വരിലാല്‍ പുരോഹിത് (അസം) എന്നിവരെ ഗവര്‍ണര്‍മാരായും ഡല്‍ഹിയിലെ ബി.ജെ.പി നേതാവ് ജഗദീഷ് മുഖിയെ ആന്‍ഡമാന്‍ നിക്കോബാറില്‍ ലഫ്. ഗവര്‍ണറായും രാഷ്ട്രപതി നിയമിച്ചു.

കീഴ്വഴക്കങ്ങള്‍  തെറ്റിച്ച്്  പഞ്ചാബ് ഹരിയാന ഗവര്‍ണറുടെ ചുമതലയില്ലാതെ ഇതാദ്യമായാണ് ചണ്ഡിഗഢ് അഡ്മിനിസ്ട്രേറ്റര്‍ എന്ന നിലയില്‍ ഇത്തവണ ഒരാളെ നിയമിക്കുന്നത്. ചണ്ഡിഗഢ് അഡ്മിനിസ്ട്രേറ്റര്‍ കൂടിയായിരുന്ന പഞ്ചാബ് ഹരിയാന ഗവര്‍ണര്‍ കപ്റ്റന്‍ സിങ് സോളങ്കി ചണ്ഡിഗഢില്‍ സ്വാതന്ത്ര്യദിന ചടങ്ങിനിടയില്‍ സംസാരിക്കാന്‍ കഴിയാതെ കുഴഞ്ഞ് വേദിയിലിരുന്നതിന് പിറകെയാണ് അദ്ദേഹത്തിന്‍െറ അധികാരം വീതംവെച്ച് കണ്ണന്താനത്തിന് നല്‍കിയത്. തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന പഞ്ചാബില്‍ പുതിയ ഗവര്‍ണറായി ബദ്നോറിനെ നിയമിക്കുകയും ചെയ്തു.

കോട്ടയം ജില്ലാ കലക്ടറായിരുന്ന കണ്ണന്താനം ജില്ലയെ ആദ്യ സാക്ഷര ജില്ലയായി പ്രഖ്യാപിക്കുന്നതില്‍ നേതൃപരമായ പങ്കുവഹിച്ചിരുന്നു. തുടര്‍ന്ന് ഡല്‍ഹി വികസന കമീഷണറായി വന്ന് അനധികൃത കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തിയതോടെ കണ്ണന്താനത്തിന് ‘ഇടിച്ചുനിരത്തല്‍ മനുഷ്യന്‍’ എന്ന വിളിപ്പേര് വീണു. പിന്നീട് രാഷ്ട്രീയത്തിലേക്ക് മാറിയ കണ്ണന്താനം സി.പി.എം നേതൃത്വത്തിലുള്ള ഇടതുപക്ഷ മുന്നണിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയില്‍നിന്നു ജയിച്ചു. എന്നാല്‍, കാലയളവ് പൂര്‍ത്തിയാക്കും മുമ്പെ ബി.ജെ.പിയില്‍ ചേര്‍ന്ന് കണ്ണന്താനം ഇടതുപക്ഷത്തെ ഞെട്ടിച്ചു. അന്നത്തെ പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയില്‍നിന്നാണ് കണ്ണന്താനം ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. തുടര്‍ന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയിലുമത്തെി.

കേരള ബി.ജെ.പിക്ക് അംഗീകാരം-കണ്ണന്താനം

കേരള ബി.ജെ.പിക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ അംഗീകാരമാണ് തന്‍െറ പുതിയ പദവിയെന്ന്  അല്‍ഫോന്‍സ് കണ്ണന്താനം  ‘മാധ്യമ’ത്തോട് പറഞ്ഞു. എണ്‍പതുകളുടെ ആദ്യം കോട്ടയം കലക്ടറായും പിന്നീട് ഡല്‍ഹി ഡെവലപ്മെന്‍റ് അതോറിറ്റി കമീഷണറായും നഗരഭരണം നടത്തിയ അനുഭവം തനിക്കുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.