ഒറ്റക്ക് തുടരും, എന്‍.ഡി.എയിലേക്കില്ല –മാണി

കോട്ടയം: യു.ഡി.എഫ് വിട്ട ശേഷം നടന്ന ആദ്യസംസ്ഥാന കമ്മിറ്റിയില്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശം കടുപ്പിച്ചു കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം. മാണി. കേരള രാഷ്ട്രീയത്തില്‍ ഒറ്റക്കു നില്‍ക്കുമെന്ന നിലപാടില്‍ ഉറച്ചുനിന്ന അദ്ദേഹം എന്‍.ഡി.എയിലേക്കില്ളെന്ന് ആവര്‍ത്തിക്കുകയും ചെയ്തു. അതേസമയം, എല്‍.ഡി.എഫിന്‍െറ പരോക്ഷക്ഷണത്തെ കുറിച്ച് മൗനം പാലിക്കുകയും ചെയ്തു.

കോണ്‍ഗ്രസിനോട് അയഞ്ഞിട്ടില്ളെന്നത് ഉറപ്പിക്കുന്നതായിരുന്നു മാണിയുടെ അരമണിക്കൂര്‍ നീണ്ട പ്രസംഗം. സമദൂരം ആര്‍ക്കും എതിരല്ളെന്നും എങ്ങോട്ട് പോകുന്നുവെന്ന തരത്തില്‍ ചില കേന്ദ്രങ്ങളില്‍ ഉയര്‍ത്തിവിടുന്ന ചര്‍ച്ചകള്‍ രാഷ്ട്രീയ മാന്യതക്കു ചേര്‍ന്നതല്ല. പാര്‍ട്ടി ശരിക്കൊപ്പം നില്‍ക്കും.

യു.ഡി.എഫിന്‍െറ ജന്മത്തിനും വളര്‍ച്ചക്കും നേതൃത്വം കൊടുത്ത പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്. എന്നാല്‍, ആ പാര്‍ട്ടിയുടെ ശത്രുക്കള്‍ക്ക് മാന്യത നല്‍കുന്ന സമീപനമായിരുന്നു ചിലരുടേത്. പാര്‍ട്ടിയെ അധിക്ഷേപിക്കാന്‍ ശ്രമിച്ചവര്‍ക്കൊപ്പം ഉല്ലസിക്കുകയും സല്ലാപം നടത്തിയതും പാര്‍ട്ടിയെ വേദനിപ്പിച്ചു. പുറമെ ഭംഗിവാക്കു പറയുമെങ്കില്‍ അകത്ത് അങ്ങനെയല്ല. പരസ്പരം സഹകരണമുണ്ടെങ്കിലും വിശ്വാസം ഇല്ല. ഭദ്രതയില്ലാത്ത തറവാടായി യു.ഡി.എഫ് മാറി. പാര്‍ട്ടി നല്‍കിയ വിശ്വാസവും സ്നേഹവും തിരികെ കിട്ടിയില്ല. യു.ഡി.എഫ് വിട്ട ശേഷം സന്തോഷമാണുള്ളത്. അന്തസ്സും മനുഷ്യത്വവുമുള്ള പാര്‍ട്ടിയാണു കേരള കോണ്‍ഗ്രസ്. പരാതികള്‍ പറയേണ്ട സമയത്തു പാര്‍ട്ടി പറഞ്ഞിട്ടുണ്ട്. പരാതിയുണ്ടെന്നു പറഞ്ഞു സ്റ്റാമ്പ് ഒട്ടിച്ച കടലാസുമായി നടക്കാറില്ല. പൊതുവഴിയില്‍ വിഴുപ്പലക്കുന്ന രീതി പാര്‍ട്ടിക്കില്ല. കോണ്‍ഗ്രസിനെതിരെ പറയാത്തതു ബലഹീനതയല്ളെന്നും മാന്യത  കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.