അസ്ലമിന്‍െറ ദേഹംനിറയെ വെട്ടുകള്‍; മുഖത്തുമാത്രം 13 വെട്ട്

കോഴിക്കോട്: തൂണേരിയില്‍ വെള്ളിയാഴ്ച കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ചാലപ്പുറം കാണിയപറമ്പത്ത് അസ്ലമിന്‍െറ ദേഹംനിറയെ വെട്ടുകളുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടത്തിന്‍െറ പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമായി. ആകെ 70 വെട്ടുകളടക്കം 76 മുറിവുകളാണുള്ളത്. ഇതില്‍ 13 വെട്ടുകളും മുഖത്താണ് ഏറ്റിട്ടുള്ളത്. ഇതാണ് മരണത്തിനു കാരണമായത്. കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് കണ്ടത്തെല്‍. മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ. കെ. പ്രസന്നന്‍െറ നേതൃത്വത്തിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. കൊടുവള്ളി സി.ഐ എന്‍. വിശ്വാസിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്‍ക്വസ്റ്റ് നടത്തി. രാവിലെ 11ന് തുടങ്ങിയ പോസ്റ്റ്മോര്‍ട്ടം രണ്ടുമണിക്കൂര്‍ നീണ്ടു. മോര്‍ച്ചറിക്കുമുന്നില്‍ ലീഗ് പ്രവര്‍ത്തകരുള്‍പ്പെടെ നിരവധി പേര്‍ തടിച്ചുകൂടിയിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം എം.എസ്.എസ് എയ്ഡ് സെന്‍ററില്‍ മൃതദേഹം കുളിപ്പിക്കുകയും മയ്യിത്ത് നമസ്കാരം നിര്‍വഹിക്കുകയും ചെയ്തു. നമസ്കാരത്തിന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി.

എം.എല്‍.എമാരായ ഡോ. എം.കെ. മുനീര്‍, പാറക്കല്‍ അബ്ദുല്ല, മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, സെക്രട്ടറി എം.സി. മായിന്‍ഹാജി, ട്രഷറര്‍ പി.കെ.കെ. ബാവ, ജില്ലാ പ്രസിഡന്‍റ് ഉമ്മര്‍ പാണ്ടികശാല, യൂത്ത് ലീഗ് ദേശീയ കണ്‍വീനര്‍ പി.കെ. ഫിറോസ്, ജില്ലാ പ്രസിഡന്‍റ് നജീബ് കാന്തപുരം, ജനറല്‍ സെക്രട്ടറി അഡ്വ. എ.വി. അന്‍വര്‍, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് മിസ്ബാഹ് കീഴരിയൂര്‍, നാദാപുരം പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് സൂപ്പി നരിക്കാട്ടേരി, ഡി.സി.സി പ്രസിഡന്‍റ് കെ.സി. അബു, അഡ്വ. പ്രവീണ്‍കുമാര്‍ എന്നിവര്‍ മെഡിക്കല്‍ കോളജിലത്തെി.മെഡിക്കല്‍ കോളജിലും പരിസരത്തും രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടി പ്രമാണിച്ച് അതീവ സുരക്ഷ ഒരുക്കിയിരുന്നു. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സി.പി.എം നേതാവ് സി.എച്ച്. അശോകന്‍െറ സ്മരണക്കായി പണിത ഷോര്‍ട്ട് സ്റ്റേ ഹോം ഉദ്ഘാടനത്തിനാണ് പിണറായി എത്തിയത്.

വിലാപയാത്രക്കിടെ വീടുകള്‍ക്ക് നേരെ അക്രമം; ഒരു വീടിന് തീവെച്ചു
നാദാപുരം: ചാലപ്പുറം വെള്ളൂരില്‍ വെള്ളിയാഴ്ച കൊല്ലപ്പെട്ട യൂത്ത്ലീഗ് പ്രവര്‍ത്തകന്‍ അസ്ലമിന്‍െറ മൃതദേഹം വഹിച്ചുള്ള വിലാപയാത്രക്കിടെ കുമ്മങ്കോട് സംഘര്‍ഷം. വിലാപയാത്രയെ ബൈക്കുകളില്‍ അനുഗമിച്ച സംഘം  ഒരു വീടിന് തീയിട്ടു. രണ്ട് വീടുകള്‍ക്കുനേരെ കല്ളേറുണ്ടായി. ഒരു ബൈക്ക് കത്തിച്ചു. ഒരു പിക്അപ് വാനിന്‍െറയും കാറിന്‍െറയും ചില്ലുകള്‍ തകര്‍ത്തു.കളമുള്ളതില്‍ മനോജന്‍െറ വീടിനാണ് തീവെച്ചത്. വസ്ത്രങ്ങളും വീട്ടുപകരണങ്ങളും കത്തിനശിച്ചു. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് പൂര്‍ണമായും കത്തിപ്പോയി. പെട്രോളൊഴിച്ചാണ് തീയിട്ടതെന്ന് കരുതുന്നു. കളമുള്ളതില്‍ ദാമു, കളമുള്ളതില്‍ വിനോദന്‍ എന്നിവരുടെ വീടുകള്‍ക്കുനേരെയാണ് കല്ളേറുണ്ടായത്. ജനല്‍ ഗ്ളാസുകള്‍ തകര്‍ന്നു. വിനോദന്‍െറ വീട്ടുപകരണങ്ങളും തകര്‍ത്തിട്ടുണ്ട്. വിനോദന്‍െറ സഹോദരന്‍ അജിത്തിന്‍െറ അള്‍ട്ടോ കാറിന്‍െറ ഗ്ളാസ് അടിച്ചുതകര്‍ത്തു. റോഡില്‍ നിര്‍ത്തിയിട്ട ഇല്ലത്ത് വിനോദിന്‍െറ പിക്അപ് വാനിന്‍െറ ഗ്ളാസും അടിച്ചുതകര്‍ത്തു. കോഴിക്കോട്ടുനിന്ന് വിലാപയാത്രയെ അനുഗമിച്ച വാഹനങ്ങള്‍ തണ്ണീര്‍പന്തല്‍ റോഡ് വഴി വന്ന് കക്കംവെള്ളി മലോഞ്ചാല്‍ റോഡിലൂടെയാണ് നാദാപുരം ടൗണിലേക്ക് പ്രവേശിച്ചത്. എന്നാല്‍, മലോഞ്ചാല്‍ ജങ്ഷനില്‍വെച്ച് ബൈക്കുകളടക്കമുള്ള വാഹനങ്ങളെ പൊലീസ് തിരിച്ചുവിട്ടതാണ് പ്രശ്നമായത്. ഈ വാഹനങ്ങള്‍ പുളിക്കൂല്‍ റോഡ് വഴി നാദാപുരത്തേക്ക് വരുന്നതിനിടയിലാണ് വീടാക്രമണങ്ങള്‍ നടന്നത്. ഈ റോഡില്‍ പൊലീസുകാരാരും ഇല്ലാത്തത് അക്രമികള്‍ക്ക് സഹായകരമായി.അക്രമിസംഘത്തെ തടയുന്നതിനിടയില്‍ കെ.വി. അസീസ്, കരയത്ത് കുഞ്ഞബ്ദുല്ല ഹാജി എന്നിവര്‍ക്ക് മര്‍ദനമേറ്റു. അയല്‍വീടുകളിലേക്ക് അക്രമിസംഘം കയറുമ്പോള്‍ ഇവര്‍ പ്രതിരോധം തീര്‍ക്കുകയായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.