മുത്തൂറ്റ് റെയ്ഡ്: ക്രമക്കേട് 350 കോടി കവിയും

കൊച്ചി: ആദായനികുതി വകുപ്പ് മുത്തൂറ്റ് സ്ഥാപനങ്ങളില്‍ നടത്തുന്ന പരിശോധനയില്‍ 350 കോടിയിലധികം രൂപയുടെ ക്രമക്കേട് ഇതിനകം കണ്ടത്തെിയതായി സൂചന. പരിശോധന തുടരുകയാണ്. ആദായനികുതി വകുപ്പ് നടത്തുന്ന സമീപകാലത്തെ ഏറ്റവും വിപുലമായ പരിശോധനയാണിത്. അതിനിടെ, മുത്തൂറ്റിന്‍െറ വിവിധ ശാഖകളില്‍ വന്‍ തുകകള്‍ നിക്ഷേപിച്ചവരെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സൂചന നല്‍കി. ഈ നിക്ഷേപങ്ങളില്‍ പലതും സംസ്ഥാനത്തെ രാഷ്ട്രീയക്കാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ബിനാമി പേരിലുള്ള നിക്ഷേപമാണെന്ന സംശയം ഉയര്‍ന്നതിനത്തെുടര്‍ന്നാണിത്.പിടിച്ചെടുത്ത രേഖകളുടെ പരിശോധന പൂര്‍ത്തിയാകുന്നമുറക്ക് കൂടുതല്‍ റെയ്ഡ് പ്രതീക്ഷിക്കാമെന്നും ആദായനികുതി വകുപ്പ് വൃത്തങ്ങള്‍ സൂചനനല്‍കി.

ഇതിനകം നടത്തിയ പരിശോധനയിലാണ് 300 കോടിയുടെ ക്രമക്കേട് സംബന്ധിച്ച് വിവരം ലഭിച്ചത്. മുത്തൂറ്റ് ഫൈനാന്‍സില്‍ 150 കോടിയുടെയും മുത്തൂറ്റ് ഫിന്‍കോര്‍പില്‍ 125 കോടിയുടെയും മിനി മുത്തൂറ്റില്‍ 75 കോടിയുടെയും ക്രമക്കേടാണ് കണ്ടത്തെിയതത്രേ. 25 ലക്ഷത്തിലധികം രൂപ നിക്ഷേപിച്ചവരുടെ വിശദാംശങ്ങളാണ് നിലവില്‍ പരിശോധിക്കുന്നത്. ഇവരില്‍ വരുമാനനികുതി അടക്കാത്തവര്‍ക്ക് നോട്ടീസയക്കും.  പണയം വെച്ച സ്വര്‍ണം നിശ്ചിത സമയത്ത് തിരിച്ചെടുക്കാതിരിക്കുകയോ പലിശ മുടക്കുകയോ ചെയ്യുന്ന സംഭവങ്ങളില്‍ പണയസ്വര്‍ണം ലേലം ചെയ്ത് വായ്പത്തുകയും പലിശയും ഈടാക്കുകയാണ് പതിവ്.

ഇങ്ങനെയുള്ള സ്വര്‍ണം പരസ്യമായി ലേലം ചെയ്യണമെന്നും കുടിശ്ശിക തുക കഴിച്ചുള്ള സംഖ്യ പണയം വെച്ചയാള്‍ക്ക് മടക്കിനല്‍കണമെന്നുമാണ് റിസര്‍വ് ബാങ്ക് നിര്‍ദേശം. എന്നാല്‍, പരസ്യലേലം ഒഴിവാക്കി തങ്ങള്‍ക്ക് താല്‍പര്യമുള്ളവരെ പങ്കെടുപ്പിച്ച് കുറഞ്ഞ തുകക്ക് ലേലം നടത്തി സ്വര്‍ണവില മുഴുവനായി സ്വന്തമാക്കുന്ന രീതിയാണ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ പിന്തുടരുന്നത്. ഇതുവഴി കോടികളുടെ ക്രമക്കേട് നടന്നതായാണ് കണ്ടത്തെല്‍. ഇതുകൂടാതെ പലിശയിനത്തില്‍ നടത്തിയ ക്രമക്കേട് സംബന്ധിച്ച വിവരങ്ങളും ശേഖരിക്കുന്നുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.