സ്വകാര്യബസ്: താല്‍ക്കാലിക ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി പെര്‍മിറ്റില്‍ സര്‍ക്കാര്‍ നിലപാട് നിര്‍ണായകം

തിരുവനന്തപുരം: സ്വകാര്യബസുകള്‍ക്ക് നല്‍കിയ 170 താല്‍ക്കാലിക ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി പെര്‍മിറ്റ് ഈമാസം അവസാനിക്കാനിരിക്കെ കൃത്യമായ  നിലപാട് വ്യക്തമാക്കാതെ സര്‍ക്കാര്‍. പെര്‍മിറ്റ് നീട്ടണോ വേണ്ടയോ എന്നതിലാണ് തീരുമാനം വൈകുന്നത്. കഴിഞ്ഞസര്‍ക്കാറിന്‍െറ കാലത്ത് 2016 ഫെബ്രുവരിയിലാണ് പെര്‍മിറ്റ് അനുവദിച്ചത്.

കെ.എസ്.ആര്‍.ടി.സിയെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനത്തിനെതിരെ ട്രേഡ് യൂനിയനുകള്‍  വിയോജിപ്പ് വ്യക്തമാക്കിയിരുന്നു. ഇതടക്കം സ്വകാര്യബസുകള്‍ക്ക് എത്ര ദൂരം വേണമെങ്കിലും റൂട്ട് നീട്ടാനും സ്റ്റോപ്പുകളുടെ എണ്ണം പരിമിതപ്പെടുത്താനും സ്വാതന്ത്ര്യം നല്‍കുന്ന മോട്ടോര്‍ വാഹനച്ചട്ട ഭേദഗതി, വിവാദ ഉത്തരവുകള്‍ പരിഗണിക്കുന്ന മന്ത്രിസഭാ ഉപസമിതിയുടെ പരിഗണനയിലുമാണ്. അതേസമയം, കെ.എസ്.ആര്‍.ടി.സിയെ സംരക്ഷിച്ചും കോടതിയെയും പൊതുജനതാല്‍പര്യത്തെ മാനിച്ചും മാത്രമേ ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളൂവെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ഉപസമിതിയുടെ നിലപാട് കൂടി പരിഗണിച്ച് തീരുമാനമെടുക്കണമെന്നാണ് മന്ത്രിയുടെ നിലപാട്.

സംസ്ഥാനത്ത് ഫാസ്റ്റ് പാസഞ്ചര്‍ മുതല്‍ മുകളിലേക്കുള്ള സര്‍വിസുകളെ 2013 ലെ ഉത്തരവിലൂടെ കെ.എസ്.ആര്‍.ടി.സിക്ക് മാത്രമായി നിജപ്പെടുത്തിയിരുന്നു. ഇതിന്‍െറ ഫലമായി പെര്‍മിറ്റ് നഷ്ടപ്പെട്ട 241 സ്വകാര്യബസുകളെ സംരക്ഷിക്കാനാണ് ഉത്തരവെന്നായിരുന്നു യു.ഡി.എഫ് സര്‍ക്കാറിന്‍െറ വിശദീകരണം. 241ല്‍ 170 ബസുകള്‍ക്കാണ് ആറ് മാസത്തേക്ക് താല്‍ക്കാലിക പെര്‍മിറ്റ് അനുവദിച്ചത്. ഇതിനായി മോട്ടോര്‍വാഹനചട്ടത്തിലും ഭേദഗതി വരുത്തിയിരുന്നു.

അതേസമയം, ചട്ട ഭേദഗതിയിലൂടെ ‘ഓര്‍ഡിനറി’എന്ന ക്ളാസ് ഇല്ലാതാകുന്നതോടെ നിലവില്‍ സര്‍വിസ് നടത്തുന്ന എല്ലാ സ്വകാര്യ ബസുകള്‍ക്കും ഈ പഴുതില്‍ ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറിയായി മാറാനുള്ള സാഹചര്യമുണ്ട്. ഭേദഗതിയിലെ വിവേചനം ചൂണ്ടിക്കാട്ടി മറ്റ് സ്വകാര്യബസുകള്‍ക്കും കോടതികളില്‍ നിന്ന് അനുകൂല ഉത്തരവ് സമ്പാദിക്കാമെന്ന ്യൂനിയനുകള്‍ നേരത്തേ ചൂണ്ടിക്കാണിച്ചിരുന്നു. മോട്ടോര്‍ വാഹനചട്ടപ്രകാരം  ഓര്‍ഡിനറി സര്‍വിസുകളുടെ റൂട്ടിന്‍െറ പരമാവധി ദൂരം 140 കിലോമീറ്ററാണ്. ഒപ്പം ഫെയര്‍സ്റ്റേജുകള്‍ക്കിടയിലെ മുഴുവന്‍ സ്റ്റോപ്പുകളിലും നിര്‍ത്തണമെന്നും വ്യവസ്ഥയുണ്ട്. ഈ നിബന്ധനകള്‍ കൂടി നിയമഭേദഗതിയിലൂടെ എടുത്തുകളഞ്ഞതോടെ സ്റ്റോപ്പുകളുടെ എണ്ണം പരിമിതപ്പെടും. എത്രദൂരവും സര്‍വിസ് നടത്താമെന്നത് കെ.എസ്.ആര്‍.ടി.സിയുടെ നിലനില്‍പിനെ ബാധിക്കുകയും ചെയ്യും.    

സ്വകാര്യബസുകള്‍ക്ക് ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ് പെര്‍മിറ്റുകള്‍ അനുവദിക്കാനാകില്ളെന്ന സുപ്രീംകോടതിവിധിയില്‍ സ്വകാര്യബസുകള്‍ക്ക് ലിമിറ്റഡ് സ്റ്റോപ് വരെയുള്ള പെര്‍മിറ്റുകള്‍ നല്‍കിയാല്‍ മതിയെന്നും ഇക്കാര്യത്തില്‍ അന്തിമതീരുമാനം സംസ്ഥാനസര്‍ക്കാറുകള്‍ക്കാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.