ലൈസന്‍സിന്‍െറ പേരിലും കബളിപ്പിക്കല്‍

കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിന് എയര്‍പോര്‍ട്ട് അതോറിറ്റി പ്രധാനമായും ഉന്നയിക്കുന്ന തടസ്സം വിമാനത്താവളത്തിന്‍െറ ലൈസന്‍സ് 4ഡി (റഫറന്‍സ് കോഡ്) ആണെന്നതാണ്. 4ഇ ആയാല്‍ മാത്രമേ വലിയ വിമാനങ്ങള്‍ക്ക് അനുമതി ലഭിക്കുകയുള്ളൂവെന്നാണ് ഇപ്പോള്‍ പറയുന്നത്. എന്നാല്‍, എയര്‍പോര്‍ട്ട് അതോറിറ്റിയുടെ വെബ്സൈറ്റില്‍ കരിപ്പൂരിന് ഡി.ജി.സി.എ അനുവദിച്ചിരിക്കുന്ന ലൈസന്‍സ് 4ഡിയാണെങ്കിലും ഇ കാറ്റഗറിയില്‍പ്പെട്ട ബി-747, ബി-777, എ-330 എന്നിവക്ക് ഭാരനിയന്ത്രണത്തോടെ ലാന്‍ഡിങ് ചെയ്യാനുള്ള അനുമതി ഇപ്പോഴുമുണ്ട്.

  റണ്‍വേ നവീകരണം സംബന്ധിച്ച് ഇറക്കിയ നോട്ടാം (നോട്ടീസ് ടു എയര്‍മാന്‍) മാത്രമാണ് നിലവിലുള്ളത്. ഇത് പിന്‍വലിക്കുകയെന്നത് സാങ്കേതികത്വം മാത്രമാണ്. വസ്തുതകള്‍ ഇതായിരിക്കെ 4ഇ ആയി ഉയര്‍ത്തണമെങ്കില്‍ റണ്‍വേയുടെ നീളം വര്‍ധിപ്പിക്കണമെന്നാണ് അതോറിറ്റി ഇപ്പോള്‍ പറയുന്നത്.  4ഡി എന്ന കോഡില്‍ നാലു റണ്‍വേയുടെ നീളത്തെയും ‘ഡി’ എന്നത് വിമാനത്തിന്‍െറ ചിറകുകളുടെ നീളത്തെയും വീല്‍ബേസിനെയുമാണ് സൂചിപ്പിക്കുന്നത്. കോഡ് ഒന്നില്‍ 800 മീറ്ററില്‍ താഴെ നീളംവരുന്ന റണ്‍വേയുള്ള വിമാനത്താവളങ്ങളാണ് ഉള്‍പ്പെടുക. കോഡ് രണ്ടില്‍ 800 മുതല്‍ 1199 വരെയും കോഡ് മൂന്നില്‍ 1200 മുതല്‍ 1800 മീറ്റര്‍ വരെയുമാണുള്ളത്. കോഡ് നാലില്‍ 1800 മീറ്ററിന് മുതല്‍ മുകളില്‍ നീളംവരുന്ന റണ്‍വേയുള്ള വിമാനത്താവളങ്ങളെയാണ് സൂചിപ്പിക്കുന്നത്. നിലവില്‍ കരിപ്പൂരുള്ളത് കോഡ് നാലിലാണുതാനും.
അതിന് മുകളിലേക്ക് മറ്റൊരു കോഡില്ല. റണ്‍വേയുടെ നീളം വര്‍ധിപ്പിച്ചാലും കോഡ് നമ്പര്‍ മാറില്ല. കോഡ് ഡി എന്നത് 36 മുതല്‍ 52 മീറ്റര്‍ വരെ ചിറകിന് നീളമുള്ള വിമാനങ്ങള്‍ക്ക് റണ്‍വേ അനുയോജ്യമാണെന്നാണ് സൂചിപ്പിക്കുന്നത്. കോഡ് ഇ 52  മുതല്‍ 65 മീറ്റര്‍ വരെ ചിറകിന് നീളമുള്ള വിമാനങ്ങള്‍ക്ക് അനുയോജ്യമാണെന്നുമാണ് സൂചിപ്പിക്കുന്നത്.

2002-03ല്‍ കരിപ്പൂരില്‍നിന്നുളള ഹജ്ജ് സര്‍വിസ് നടത്തുന്നതിന് അനുമതി ലഭിച്ചത്  4ഇ കാറ്റഗറിക്ക് ആവശ്യമായ രീതിയില്‍ കരിപ്പൂരില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയതിനെ തുടര്‍ന്നാണ്.  വലിയ വിമാനങ്ങള്‍ക്ക് തിരിക്കുന്നതിനായി പുതിയ ടേണിങ് പാഡും ടാക്സിവേ ഫില്ലറ്റും നിര്‍മിച്ചു.  വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള ഏപ്രണ്‍ സൗകര്യം വിപുലീകരിച്ചു.
സുഗമമായ ലാന്‍ഡിങ്ങിനായി രണ്ട് റണ്‍വേകളിലും ഐ.എല്‍.എസ് സംവിധാനം നിലവിലുണ്ട്. കൂടാതെ, രാത്രി വിമാനമിറങ്ങുന്നതിനും പ്രതികൂല കാലാവസ്ഥയില്‍ ലാന്‍ഡിങ്ങിന് സഹായിക്കുന്നതുമായ ലീഡ് ഇന്‍ ലൈറ്റ്സും സ്ഥാപിച്ചിട്ടുണ്ട്.

 ഇവയെല്ലാം പിന്നീട് ഡി.ജി.സി.എ, സര്‍വിസ് നടത്തുന്ന വിമാന കമ്പനികളുടെ സാങ്കേതിക വിഭാഗം, കമ്പനികളുടെ രാജ്യത്തെ ഡി.ജി.സി.എ,  എയര്‍പോര്‍ട്ട് അതോറിറ്റി, മറ്റു ഏജന്‍സികള്‍ എന്നിവയെല്ലാം പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തിയതിന്‍െറ അടിസ്ഥാനത്തിലാണ് കരിപ്പൂരിലേക്ക് വലിയ വിമാനങ്ങള്‍ക്ക് അനുമതി ലഭിച്ചിട്ടുള്ളത്. ശാസ്ത്രീയമായ പഠനത്തിന്‍െറ അടിസ്ഥാനത്തില്‍ സുരക്ഷയുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കഴിഞ്ഞ 14 വര്‍ഷമായി കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതി ലഭിച്ചത്. ഇത്രയും കാലത്തിനിടെ ജംബോ വിമാനങ്ങളുടെ ലാന്‍ഡിങ്ങിനിടയിലോ ടേക്ഓഫിനിടയിലോ ഒരു സുരക്ഷാവീഴ്ചയും സംഭവിച്ചിട്ടില്ളെന്ന് വിമാനത്താവളത്തിലെ ജീവനക്കാര്‍തന്നെ സാക്ഷ്യപ്പെടുത്തുന്നു.

എന്നാല്‍, ഇവയൊന്നും പരിഗണിക്കാനാകില്ളെന്നും റണ്‍വേ നീളം വര്‍ധിപ്പിക്കണമെന്നുമാണ് അതോറിറ്റി പറയുന്നത്. 150 മീറ്റര്‍ മാത്രമാണ് റണ്‍വേ സ്ട്രിപ്പിന്‍െറ വീതി കരിപ്പൂരിലുള്ളത്. ഇത് 300 ആക്കണമെന്നും ഇവര്‍ പറയുന്നു. എന്നാല്‍, കോഡ് ഇയിലുള്ള വലിയ വിമാനങ്ങള്‍ ഇറങ്ങുന്ന തിരുവനന്തപുരം, അഹ്മദാബാദ്, ലഖ്നോ,  ജയ്പുര്‍, ഗോവ എന്നീ വിമാനത്താവളങ്ങളിലെല്ലാം റണ്‍വേ സ്ട്രിപ് 150 മീറ്റര്‍ വീതിയേയുള്ളൂ. ലഖ്നോവില്‍ റണ്‍വേ നീളം കരിപ്പൂരിലുള്ളതിനെക്കാള്‍ 100 മീറ്റര്‍ കുറവാണ്. ഇവിടെ സൗദി എയര്‍ലൈന്‍സിന്‍െറ എ-330 വിമാനം സര്‍വിസ് നടത്തുന്നുണ്ട്.  കരിപ്പൂരിനെക്കാള്‍ റണ്‍വേ നീളം കുറഞ്ഞ, എയര്‍പോര്‍ട്ട് അതോറിറ്റിയുടെതന്നെ ഉടമസ്ഥതയിലുള്ള ലഖ്നോ വിമാനത്താവളത്തില്‍ ഇവിടെ വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കുമ്പോഴാണ് കരിപ്പൂരിനോട് ഇരട്ടത്താപ്പ് സ്വീകരിക്കുന്നത്.

വ്യോമയാന മേഖലയില്‍ സുരക്ഷക്ക് അതീവ പ്രാധാന്യം നല്‍കുന്ന രാജ്യമാണ് അമേരിക്ക. മണിക്കൂറില്‍ നിരവധി വിമാനങ്ങള്‍ ഇറങ്ങുന്ന അമേരിക്കയിലെ വിമാനത്താവളങ്ങളില്‍ റണ്‍വേ സ്ട്രിപ്പിന്‍െറ വീതി 150 മീറ്ററാണ്്. കൂടാതെ, കഴിഞ്ഞ ഏപ്രില്‍ 29ന് കരിപ്പൂരില്‍ റണ്‍വേ പൂര്‍ണമായി ഉപയോഗത്തിനായി തുറന്നുനല്‍കിയതോടെ  റണ്‍വേയുടെ പി.സി.എന്‍ (പേവ്മെന്‍റ് ക്ളാസിഫിക്കേഷന്‍ നമ്പര്‍- അഥവാ ഒരു വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍ റണ്‍വേക്ക് താങ്ങാനാവുന്ന വിമാനത്തിന്‍െറ ഒരു ടയറിന്‍െറ ഭാരത്തെ സൂചിപ്പിക്കുന്ന നമ്പര്‍) 55 ഉള്ളത് 75 ആയി ഉയര്‍ന്നിട്ടുണ്ട്. നവീകരണത്തിന്‍െറ ഭാഗമായി നാല് പാളികളായി ടാറിങ് നടത്താനുള്ളതില്‍ ഇനി ഒന്നുമാത്രമാണ് അവശേഷിക്കുന്നത്.

75 എന്ന പി.സി.എന്‍ ഇന്ന് ലോകത്ത് സര്‍വിസ് നടത്തുന്ന ഒട്ടുമിക്ക യാത്രാ വിമാനങ്ങള്‍ക്കും അനുയോജ്യമാണ്. കോഡ് ഇയിലുള്ള വിമാനങ്ങളുടെയെല്ലാം എ.സി.എന്‍ (എയര്‍ക്രാഫ്റ്റ് ക്ളാസിഫിക്കേഷന്‍ നമ്പര്‍) പി.സി.എന്നിനെക്കാള്‍ താഴെയാകണം എന്നാണ് നിബന്ധന.
എയര്‍ ക്രാഫ്റ്റ് നമ്പര്‍ പി.സി.എന്നിനെക്കാള്‍ കൂടുതലാകുമ്പോള്‍ മാത്രമേ റണ്‍വേക്ക് താങ്ങുന്നതിനെക്കാള്‍ അധികം ഭാരമുണ്ടാകുക.  റണ്‍വേ നവീകരണം പൂര്‍ത്തിയാകുന്നതോടെ ഈ പ്രശ്നവും ഇല്ലാതാകുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 11 ചെറിയ വിമാനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യവും നിലവില്‍ കരിപ്പൂരിലുണ്ട്. വലിയ വിമാനങ്ങളാണെങ്കില്‍ ഒരേ സമയം മൂന്നെണ്ണത്തിനും ആറ് ചെറിയ വിമാനങ്ങള്‍ക്കും സൗകര്യമുള്ള ഏപ്രണാണ് നിലവില്‍ കരിപ്പൂരിലുള്ളത്.  

യഥാര്‍ഥത്തില്‍ ഒരു വിമാനത്താവളത്തിന്‍െറ നിര്‍മാണത്തിന്‍െറ ആസൂത്രണ ഘട്ടത്തില്‍ ഉപയോഗിക്കുന്നതിന് വേണ്ടിയാണ് എയ്റോഡ്രോം റഫറന്‍സ് കോഡ് വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. വിമാനങ്ങള്‍ക്ക് സര്‍വിസ് നടത്താനാവശ്യമായ സൗകര്യങ്ങളുമായി അതിന് കാര്യമായ ബന്ധമില്ല. സര്‍വിസ് നടത്താനുദ്ദേശിക്കുന്ന കമ്പനിക്ക് വിമാനത്താവളത്തിന്‍െറ സൗകര്യങ്ങള്‍ തിരിച്ചറിയുന്നതിനുവേണ്ടി മാത്രമാണുള്ളത്.
 കരിപ്പൂര്‍ വിമാനത്താവളം 4ഡി കാറ്റഗറിയില്‍പ്പെട്ട ബോയിങ് 737, എ-320 പോലുളള വിമാനങ്ങള്‍ക്ക് അനുയോജ്യമായ രീതിയിലാണ് നിര്‍മിച്ചിട്ടുള്ളത്. കൂടാതെ, അതത് വിമാന കമ്പനികളാണ് റണ്‍വേയുടെ നീളം സര്‍വിസ് നടത്താനുദ്ദേശിക്കുന്ന വിമാനത്തിന്‍െറ സുരക്ഷിതമായ ലാന്‍ഡിങ്ങിനും ടേക് ഓഫിനും സാധിക്കുമോയെന്ന് പരിശോധിക്കേണ്ടത്. ഇതില്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് ഒരു റോളുമില്ല. സുരക്ഷയുടെ കാര്യത്തില്‍ അയാട്ട അംഗത്വമുള്ള എയര്‍ ഇന്ത്യ, എമിറേറ്റ്സ്, സൗദി എയര്‍ലൈന്‍സ് എന്നീ കമ്പനികള്‍ക്കെല്ലാം ഒരൊറ്റ മാനദണ്ഡം മാത്രമാണുള്ളത്. ഒരു തരത്തിലുള്ള വിട്ടുവീഴ്ചക്കും ഈ കമ്പനികള്‍ സുരക്ഷയുടെ വിഷയത്തില്‍ തയാറാകില്ല. എന്നാല്‍, കമ്പനികള്‍ തയാറായി മുന്നോട്ടുവന്നിട്ടും വിലങ്ങു തടിയായി ഇവര്‍ക്ക് മുന്നില്‍ നില്‍ക്കുകയാണ് സംവിധാനങ്ങള്‍.
 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.