വാല്മീകിയെപ്പോലെ ഇത്രമാത്രം ഭാവനാസമ്പന്നനായ കവി ലോകസാഹിത്യത്തില്‍ വിരളമാണ്. പ്രേക്ഷകരില്‍ അദ്ഭുതാദരങ്ങള്‍ ജനിപ്പിക്കലാണ് കവിയുടെ ലക്ഷ്യം. രാമായണത്തിലെ ഓരോ കഥാപാത്രവും ഓരോ അദ്ഭുതമാണ്. അവയില്‍ ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളതാണ് ഹനുമാന്‍; വായുപുത്രന്‍. വായുവിനെ തടയാന്‍ ആര്‍ക്കും സാധ്യമല്ല. വാനരസൃഷ്ടിയാണെങ്കിലും ഹനുമാന് അഷ്ടൈശ്വര്യസിദ്ധികളുണ്ട്. സ്വാഭീഷ്ടംപോലെ വലുതാകാനും ചെറുതാകാനും ദൃശ്യനും അദൃശ്യനുമാകാനും ഹനുമാന് കഴിയും. സീതാന്വേഷണത്തിന് സമുദ്രംതാണ്ടി ലങ്കയിലേക്ക് പോകാനുള്ള ദൗത്യം ഏറ്റെടുത്ത ഹനുമാന്‍ വഴിമധ്യേ നാഗമാതാവായ സുരസയെയും രാക്ഷസിയായ സിംഹികയെയും തോല്‍പിച്ചുകൊണ്ടാണ് പ്രയാണം നടത്തിയത്. സുരസ ഉടലോടെ വിഴുങ്ങിയപ്പോള്‍ ശരീരം ചെറുതാക്കി ചെവിയിലൂടെ പുറത്തുകടക്കാനും സിംഹിക വിഴുങ്ങിയപ്പോള്‍ വര്‍ഷകാലമേഘംപോലെ വളര്‍ന്നുവലുതായി വയറുകീറി രക്ഷപ്പെടാനും ഹനുമാന് സാധിച്ചു. പലവിധ തടസ്സങ്ങളാല്‍ ക്ഷീണിതനായ ഹനുമാന് വിശ്രമം നല്‍കാന്‍ കടലില്‍നിന്ന് മൈനാകം എന്ന പര്‍വതം ഉയര്‍ന്നുവന്നു എന്നത് ഭാവനയുടെ മനോഹരമായ വികാസമാണ്. ദൂരെനിന്ന് ലങ്കയെ കണ്ട ഹനുമാന് അതിന്‍െറ പ്രൗഢിയില്‍ വിസ്മയം തോന്നി. ലങ്കയുടെ ഗോപുരദ്വാരത്തില്‍ സ്ഥിതിചെയ്തിരുന്ന ലങ്കാലക്ഷ്മി പ്രതീകാത്മകമായ മറ്റൊരു സൃഷ്ടിയാണ്. സീതയുടെ സാന്നിധ്യം ഹനുമാനെ അറിയിച്ചശേഷം ലങ്കാലക്ഷ്മി ആകാശത്തേക്ക് വിടവാങ്ങി എന്നതിന്‍െറ അര്‍ഥം ഹനുമാന്‍െറ ലങ്കാപ്രവേശത്തോടെ രാവണന്‍െറയും ലങ്കയുടെയും ഐശ്വര്യം അസ്തമിച്ചു എന്നാണ്.
അദ്ഭുതങ്ങളുടെ കലവറയാണ് രാമഭക്തഹനുമാന്‍. ഭാരതീയരുടെ മനസ്സില്‍ ഈ വാനരമുഖ്യന് ശാക്തേയപൂജയുടെ കേന്ദ്രബിന്ദുവാകാന്‍ സാധിച്ചത് കഥാപാത്രസൃഷ്ടിയുടെ ചാരുതകൊണ്ടാണ്.
ശ്രീരാമനോട് വിധേയത്വം ഭാവിച്ച് മാറിനിന്ന് കാര്യങ്ങള്‍ നോക്കിക്കണ്ട ആളല്ല ഹനുമാന്‍. ഏതു സഭയിലും മുഖംനോക്കാതെ പ്രതികരിക്കാന്‍ കഴിഞ്ഞ വ്യക്തിയാണ്. രാമന്‍െറ സഭയില്‍വെച്ച് രാമനോട് ഉച്ചൈസ്തരം പറയുന്ന വാക്കുകള്‍ ശ്രദ്ധേയമാണ്. ഒരപരാധവും ചെയ്യാത്ത പതിവ്രതയായ സീതയെ കാട്ടിലുപേക്ഷിച്ചതിനെ ചോദ്യംചെയ്യുന്ന ഹനുമാന്‍ അസാധാരണ വ്യക്തിത്വമുള്ള കഥാപാത്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.