പക്ഷിമൃഗാദികളും മനുഷ്യരും തമ്മിലെ സഹവര്‍ത്തിത്വം

സുഗ്രീവന്‍െറ ആജ്ഞപ്രകാരം ഹനുമാന്‍െറ നേതൃത്വത്തില്‍ സീതാന്വേഷണത്തിന് പുറപ്പെട്ടപ്പോള്‍ വാനരസംഘത്തിന് വിചിത്രമായ അനുഭവങ്ങളാണുണ്ടായത്. വഴിമധ്യേ കണ്ട ഒരു സരസ്സിനെ തരണം ചെയ്ത് പൂക്കളും പഴങ്ങളും നിറഞ്ഞ ഉദ്യാനത്തിലും ഒരു മനോഹരമായ കൊട്ടാരത്തിലും അവര്‍ എത്തിച്ചേര്‍ന്നു. അവിടെ ധ്യാനത്തില്‍ ലയിച്ചിരുന്ന യോഗിനിയെ വാനരസംഘം പരിചയപ്പെട്ടു. അവരുടെ ചോദ്യത്തിന് ഉത്തരമായി ഹനുമാന്‍ ദശരഥന്‍െറ രാമാഭിഷേകനിശ്ചയം, അഭിഷേകവിഘ്നം, രാമവനവാസം, സീതാപഹരണം, ബാലിവധം, സീതാന്വേഷണം എന്നീ സംഭവങ്ങളെല്ലാം വിവരിച്ചുകേള്‍പ്പിച്ചു.

യോഗിനി അവരെ അതിഥികളായി സ്വീകരിക്കുകയും തോട്ടത്തിലെ തേനൂറുന്ന കായ്കനികള്‍ കൊടുത്ത് സല്‍ക്കരിക്കുകയും ചെയ്തു. പണ്ടൊരിക്കല്‍ പരമശിവന്‍ സമ്മാനമായി നല്‍കിയ കൊട്ടാരത്തിലെ റാണിയായിരുന്ന ഹേമ എന്ന വിശ്വകര്‍മാവിന്‍െറ മകള്‍ ബ്രഹ്മലോക പ്രാപ്തിക്ക് മുമ്പ് തോഴിയായ തനിക്ക് നല്‍കിയ സ്വത്താണ് ഈ പുരം. താന്‍ യോഗിനിയുടെ തോഴിയായ സ്വയംപ്രഭയാണ്. ദശരഥപുത്രനായി രാമന്‍ ഭൂമിയില്‍ അവതരിക്കുമ്പോള്‍ അവര്‍ക്ക് മോക്ഷം ലഭിക്കുമെന്നും സീതാന്വേഷണവേളയില്‍ തന്നെ അനുഗ്രഹിക്കുമെന്നും അവര്‍ വാനരസംഘത്തെ അറിയിച്ചു.

ഈ സ്വയംപ്രഭയാണ് സീതാന്വേഷണത്തിനുള്ള വഴി അവര്‍ക്ക് പറഞ്ഞുകൊടുത്തത്. കിഷ്കിന്ധരാജ്യം തരണം ചെയ്യാറായപ്പോള്‍ ഈ സംഘം ജടായുവിന്‍െറ ജ്യേഷ്ഠസഹോദരനായ സമ്പാതിയെ അവശനിലയില്‍ കാണാനിടയായി. ജനിച്ചപ്പോള്‍ ആകാശത്തുകണ്ട സൂര്യഗോളത്തെ പഴമെന്ന് തെറ്റിദ്ധരിച്ച് വിഴുങ്ങാനടുത്ത ഹനുമാനെ ആപത്തില്‍നിന്ന് രക്ഷിക്കാന്‍ ചാടിപ്പുറപ്പെട്ട് ചിറകുകരിഞ്ഞ സമ്പാതി ശ്രീരാമദര്‍ശനം കാത്തുകിടക്കുകയായിരുന്നു. ശ്രീരാമദര്‍ശനം ലഭിച്ച ഉടന്‍ സമ്പാതിക്ക് പുതിയ ചിറകുകള്‍ മുളയ്ക്കുകയും അവന്‍ ആകാശത്തേക്ക് പറന്നുപോവുകയും ചെയ്തു.

പക്ഷിമൃഗാദികളെക്കൊണ്ട് സംസാരിപ്പിക്കുകയും മനുഷ്യരുമായി സംവദിപ്പിക്കുകയും ചെയ്യുന്ന കഥാസരിത്സാഗരം, പഞ്ചതന്ത്രം, മുത്തശ്ശിക്കഥകള്‍ എന്നിവയുടെ ചുവടുപിടിച്ച് രചിക്കപ്പെട്ട രാമായണം ഫോക്ലോര്‍ സാഹിത്യത്തിലെ അനര്‍ഘനിധിയായിട്ടാണ് കണക്കാക്കേണ്ടത്.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.