ലൈബ്രറിക്കെന്താ  പൊലീസ് സ്റ്റേഷനില്‍ കാര്യം...!

കാഞ്ഞാണി: പൊതു ലൈബ്രറിയിലേക്കെന്നപോലെ പൊലീസ് സ്റ്റേഷനിലേക്ക് പത്രവും പുസ്തകങ്ങളും വായിക്കാന്‍ വിദ്യാര്‍ഥികളും നാട്ടുകാരും കൂട്ടത്തോടെ ചെല്ലുന്ന രംഗം പൊലീസിനെയും പൊലീസ് സ്റ്റേഷനും കണ്ടാല്‍ മുട്ടിടിക്കുന്ന നമുക്ക് ചിന്തിക്കാന്‍ കഴിയുമോ? അങ്ങനെ ഗ്രന്ഥശാലയിലൂടെ പൊലീസും പൊതുജനങ്ങളും തമ്മില്‍ വലിയ ബന്ധം സൂക്ഷിച്ചിരുന്ന പൊലീസ് സ്റ്റേഷനായിരുന്നു അന്തിക്കാട്ടേത്. സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലെ ആദ്യത്തെ വായനശാലയായിരുന്നു ഇത്. ഇവിടേക്ക് പുസ്തകങ്ങളും ആനുകാലികങ്ങളും പത്രങ്ങളും വായിക്കാനുള്ള നാട്ടുകാരുടെ ഒഴുക്ക് നിലച്ചു. സ്റ്റേഷനിലെ വായനശാല പൂട്ടി. ഇതോടെ നൂറുകണക്കിന് പുസ്തകങ്ങളും രജിസ്റ്ററും നഷ്ടപ്പെട്ടു. പ്രേമാനന്ദകൃഷ്ണന്‍ എസ്.ഐ ആയിരിക്കുമ്പോഴാണ് 2013ല്‍ സ്റ്റേഷനില്‍ വായനശാല സ്ഥാപിച്ചത്. പ്രദേശത്തെ വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കും അക്ഷരലോകത്തേക്ക് കടക്കാനുള്ള ഒരു മാര്‍ഗമായിരുന്നു ഈ പൊലീസ് സ്റ്റേഷന്‍. ഇതിലൂടെ ജനങ്ങളും പൊലീസും തമ്മിലെ ബന്ധം പ്രദേശത്ത് ഊഷ്മളമായിരുന്നു. കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വന്‍ കുറവും ഈ ബന്ധത്തിലൂടെ പ്രദേശത്ത് അനുഭവപ്പെട്ടു.
എസ്.ഐ പ്രേമാനന്ദന് സ്ഥലംമാറ്റം കിട്ടിയതോടെയാണ് ലൈബ്രറിക്കും സ്ഥലംമാറ്റമായതെന്നാണ് നാട്ടുകാരുടെ ആരോപണം. പൊലീസ് സ്റ്റേഷന്‍ ബോര്‍ഡില്‍നിന്ന് ‘ജനമൈത്രി’ എന്ന വാക്കും ഈയിടെ എടുത്തുമാറ്റിയിരുന്നു. 
ഇതിനെതിരെ ‘നേര്‍വഴി’ മനുഷ്യാവകാശ സമിതി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിനകം രംഗത്തത്തെി. 
ലൈബ്രറി തുറക്കണമെന്ന ആവശ്യവുമായി ഉദ്യോഗസ്ഥരെ സമീപിച്ചപ്പോള്‍ മോശമായ പ്രതികരണമാണ് ഉണ്ടായതെന്ന് നേര്‍വഴി സെക്രട്ടറി ടി.കെ. നവീനചന്ദ്രന്‍, തമ്പി കളത്തില്‍, രാജന്‍ ഇയ്യാനി എന്നിവര്‍ പറഞ്ഞു. 
പുസ്തകങ്ങള്‍ നശിപ്പിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടും വായനശാല തുറക്കാന്‍ നടപടി ആവശ്യപ്പെട്ടും മുഖ്യമന്ത്രിക്കും റൂറല്‍ പൊലീസ് സൂപ്രണ്ടിനും പരാതി നല്‍കിയതായും ഭാരവാഹികള്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.