വൈദ്യുതി ഉപയോഗം 80 ദശലക്ഷം യൂനിറ്റിന് മുകളിലേക്ക്

തിരുവനന്തപുരം: അസഹ്യമായ ചൂട് തുടരുന്ന സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം 80 ദശലക്ഷം യൂനിറ്റിന് മുകളിലേക്ക്. പലയിടത്തും അപ്രഖ്യാപിത നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവന്നിട്ടും 80.38 ദശലക്ഷം യൂനിറ്റാണ് വ്യാഴാഴ്ച ഉപയോഗിച്ചുതീര്‍ത്തത്. ആദ്യമായാണ് ഉപയോഗം 80 ദശലക്ഷം കടക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച 78.62 ദശലക്ഷം യൂനിറ്റ് എന്ന റെക്കോഡ് കുറിച്ചിരുന്നു. രണ്ടു ദിവസത്തിനകമാണ് ഉപയോഗം വീണ്ടും കുതിച്ചുയര്‍ന്നത്.
ഇതില്‍ 54.64 ദശലക്ഷം യൂനിറ്റും സംസ്ഥാനത്തിന് പുറത്തുനിന്ന് കൊണ്ടുവന്നതാണ്. സംസ്ഥാനത്തെ ഉല്‍പാദനം 25.73 ദശലക്ഷം മാത്രമായിരുന്നു. കായംകുളത്തുനിന്ന് വിലകൂടിയ 3.69 ദശലക്ഷം യൂനിറ്റ് വൈദ്യുതി കൂടി വാങ്ങിയാണ് പിടിച്ചുനിന്നത്. ജലവൈദ്യുതി ഉല്‍പാദനം വെറും 20.19 ദശലക്ഷം യൂനിറ്റ് മാത്രമായിരുന്നു. അണക്കെട്ടുകളിലെ ജലനിരപ്പ് കുറഞ്ഞുകൊണ്ടിരിക്കുകയാണെങ്കിലും ഉല്‍പാദനം വര്‍ധിപ്പിച്ചാണ് പിടിച്ചുനില്‍ക്കുന്നത്. ഇന്നലെ ഇടുക്കിയില്‍ 866 ദശലക്ഷം യൂനിറ്റും ശബരിഗിരിയില്‍ 3.69 ദശലക്ഷം യൂനിറ്റും ഉല്‍പാദിപ്പിച്ചു. അണക്കെട്ടുകളിലെ ജലനിരപ്പില്‍ ഗണ്യമായ കുറവാണ് വന്നിരിക്കുന്നത്. ഇടുക്കിയില്‍ ഇനി 26 ശതമാനവും പമ്പ-കക്കിയില്‍ 35 ശതമാനവും മാത്രമാണ് ശേഷിക്കുന്നത്. എല്ലാ അണക്കെട്ടുകളിലുമായി 29 ശതമാനമാണ് വെള്ളം. ഇതുപയോഗിച്ച് 1185 ദശലക്ഷം യൂനിറ്റ് മാത്രമേ ഉല്‍പാദിപ്പിക്കാനാകൂ. ഇന്നത്തെ നിലയില്‍ ഉപയോഗം തുടര്‍ന്നാല്‍ ഗുരുതര പ്രതിസന്ധിയിലേക്കാകും സംസ്ഥാനം പോവുക. വിലകൂടിയ താപവൈദ്യുതി വാങ്ങുന്നതുമൂലം ബോര്‍ഡിന്‍െറ സാമ്പത്തികനിലയും അപകടത്തിലാണ്. പലയിടത്തും വോള്‍ട്ടേജ് ക്ഷാമവും അപ്രഖ്യാപിത നിയന്ത്രണവും തുടരുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.