മുണ്ടക്കയം: ശരീരം തളര്‍ന്നിട്ടും മനസ്സ് തളരാത്ത പിതാവിന് മകളുടെ എ പ്ളസ് സമ്മാനം. മുരിക്കുവയല്‍ സര്‍ക്കാര്‍ വൊക്കേഷനല്‍ സ്കൂളിലെ പി.ഡി. അഖില മോളാണ് എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ളസ് നേടി വീട്ടിലേക്ക് ചിരി മടക്കിക്കൊണ്ടുവന്നത്. അഭിനന്ദിക്കാനത്തെിയവരുടെ മുന്നില്‍ നിറകണ്ണുകളോടെ അഖില വെളിപ്പെടുത്തിയ വിജയരഹസ്യം ഇതായിരുന്നു -ശരീരം തളര്‍ന്നു കിടപ്പിലായ പിതാവിന്‍െറ മാനസിക പിന്തുണ.
പുഞ്ചവയല്‍ കാരിശേരി പേരുശേരില്‍ ദിവാകരന്‍-സുമ ദമ്പതികളുടെ മകളായ അഖില മോള്‍ക്ക് മാത്രമാണ് മുരിക്കുവയല്‍ സ്കൂളില്‍ ഇക്കുറി എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ളസ് നേടാനായത്. പരാധീനതകള്‍ക്കിടയില്‍ നേടിയ ഈ അഭിമാനനേട്ടത്തില്‍ സന്തോഷിക്കുകയാണ് കാരിശേരി നിവാസികള്‍. 2005 ജനുവരിയിലുണ്ടായ അപകടത്തിലാണ് കൊല്ലപ്പണിക്കാരനായ ദിവാകരന്‍ കിടപ്പിലായത്. പുലര്‍ച്ചെ ആറോടെ ഒരു യാത്രക്കൊരുങ്ങി തൊട്ടടുത്ത ബന്ധുവീട്ടില്‍ യാത്ര പറയാനായി പോയ ദിവാകരന് മുന്നിലേക്ക് അവിടുത്തെ വളര്‍ത്തുനായകള്‍ ചാടുകയായിരുന്നു. പിന്നോട്ടുനീങ്ങിയ ദിവാകരന്‍ നിയന്ത്രണം തെറ്റി താഴെ വീണു.
ഇതോടെ പിടലി എല്ല് തകര്‍ന്ന ഇദ്ദേഹത്തെ നിരവധി ആശുപത്രിയില്‍ ചികിത്സ നടത്തിയെങ്കിലും പിന്നീട് ചലിക്കാനായില്ല. ശരീരം പൂര്‍ണമായി തളര്‍ന്നു കിടപ്പിലായി. രണ്ടു മക്കളുടെ വിദ്യാഭ്യാസത്തിനും ദൈനംദിന ചെലവിനും ദിവാകരന്‍െറ ചികിത്സക്കും ഗതിയില്ലാതെ നിര്‍ധന കുടുംബം ബുദ്ധിമുട്ടിയപ്പോള്‍ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് സഹായം നല്‍കുകയായിരുന്നു. ദിവാകരന്‍ കിടപ്പിലാകുമ്പോള്‍ നാലര വയസ്സായിരുന്ന അഖിലക്ക് പത്താം ക്ളാസുവരെ പഠിക്കാനും മൂത്തമകന്‍ അനീഷിനെ ഐ.ടി.ഐവരെ പഠിപ്പിക്കാനും സുമനസ്സുകളുടെ സഹായം ലഭിച്ചു. അതിനിടെ തൊഴിലുറപ്പ് ജോലിക്കുപോയിരുന്ന ഭാര്യ സുമയും യാത്രക്കിടെ വീണ് കാല്‍ ഒടിഞ്ഞതോടെ കുടുംബം പട്ടിണിയുടെ വക്കിലായി. ബുദ്ധിമുട്ടും പ്രയാസങ്ങള്‍ക്കുമിടയിലും അഖില മോള്‍ പത്താംക്ളാസിലെ വിജയത്തിനായി കഠിനാധ്വാനം ചെയ്തു.
ശരീരം തളര്‍ന്ന് കിടപ്പിലായിട്ടും മനസ്സിനെ തളര്‍ത്താതെ ദിവാകരന്‍ കുട്ടികളുടെ പഠനത്തില്‍ ശ്രദ്ധ നല്‍കി. മകള്‍ അധ്യാപികയാകണമെന്ന ആഗ്രഹം അറിയിച്ചപ്പോള്‍ ദിവാകരന്‍െറ മറുപടി ഇതായിരുന്നു -‘ദൈവം നമ്മളെ കൈവെടിയില്ല, ആത്മ വിശ്വാസത്തോടെ മുന്നേറാം’. തുടര്‍പഠനത്തിനുള്ള പണം എങ്ങനെ കണ്ടത്തെുമെന്ന ചിന്തയിലാണ് ഈ നിര്‍ധന കുടുംബം. ഇതുവരെ സഹായിച്ച സുമനസ്സുകള്‍ സഹായിക്കാതിരിക്കില്ളെന്ന വിശ്വാസത്തിലാണ് ഇവര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.