തൃശൂര്‍: കേരളത്തിലെ ആം ആദ്മി പാര്‍ട്ടി രണ്ട് വഴിക്ക്. മുന്‍സംസ്ഥാന സമിതിക്കെതിരെ ഇപ്പോഴത്തെ സമിതിക്കാര്‍ ഉന്നയിക്കുന്ന വിമര്‍ശങ്ങള്‍ക്കെതിരെ പാര്‍ട്ടിയുടെ മുന്‍ കണ്‍വീനര്‍ പ്രഫ. സാറാ ജോസഫ ്ആഞ്ഞടിച്ച് രംഗത്ത് വന്നതോടെയാണ് ആം ആദ്മി സംസ്ഥാന ഘടകത്തിലെ ഭിന്നത പുറത്തായത്. മുന്‍സമിതി നിഷ്ക്രിയവും പരാജയവും ആയിരുന്നുവെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ ആരോപിച്ചവരോട് ഇപ്പോഴത്തെ സംസ്ഥാന കണ്‍വീനറായ സി.ആര്‍. നീലകണ്ഠന്‍ ഉള്‍പ്പെടെയുള്ളവര്‍ മുന്‍ കമ്മിറ്റികളുടെ കാലത്ത് എന്താണ് ചെയ്തതെന്നും എത്ര സംസ്ഥാന കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുത്തുവെന്നും സാറാ ജോസഫ് ചോദിക്കുന്നു. ആം ആദ്മിയുടെ യു.എ.ഇ കോഓഡിനേറ്റര്‍ അസീസ് ദാസിന് സാറാ ജോസഫ് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത. ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്ന ഈ കത്ത് ആം ആദ്മി സംസ്ഥാന ഘടകത്തിലെ ഭിന്നത വ്യക്തമാക്കുന്നതാണ്. ആദ്യത്തെ രണ്ട് കമ്മിറ്റികളുടെ  പ്രവര്‍ത്തനത്തിന്‍െറ ഫലമാണ് ഇന്നു കാണുന്ന പാര്‍ട്ടിയെന്ന് സാറാ ജോസഫ്  വിമര്‍ശകരെ ഓര്‍മിപ്പിക്കുന്നു.

പാര്‍ട്ടി കണ്‍വീനറായി തുടരാന്‍ സോംനാഥ് ഭാരതി തന്നോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതാണെന്ന് വെളിപ്പെടുത്തിയ പ്രഫ. സാറാ ജോസഫ് അദ്ദേഹം പാര്‍ട്ടിയിലേക്ക് കടത്തിക്കൊണ്ടു വന്ന ചിലരെക്കുറിച്ച് തനിക്ക് ചില ആശങ്കകളുള്ളതിനാല്‍ കണ്‍വീനറായിരിക്കാന്‍ കഴിയില്ളെന്നാണ് മറുപടി നല്‍കിയത് എന്ന് വ്യക്തമാക്കുന്നു. ‘താന്‍ പിന്തുടരുന്നത് പാര്‍ട്ടിയുടെ നല്ല ആശയവും ഓരോ വളന്‍റിയറും എങ്ങനെയാവണമെന്ന കെജ്രിവാളിന്‍െറ സ്വപ്നവുമാണ്. അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെയാണ് പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നത്’- അവര്‍ കുറ്റപ്പെടുത്തി.

‘കോഴിക്കോട്ട് തന്നെ തെരുവില്‍ വളഞ്ഞുവെച്ച് ആക്ഷേപിക്കാനും ആക്രമിക്കാനും  ശ്രമിച്ച വിനോദ് മേക്കോത്തിനെ അവിടെ കണ്‍വീനറാക്കിയത് തന്‍െറ ചെകിട്ടത്തേറ്റ അടിയാണ്. വളന്‍റിയറായ ലൂസിയാമ്മയെ സമ്മേളനഹാളില്‍ 25ഓളം പേര്‍ വളഞ്ഞിട്ട് ആക്രമിച്ചു. അവര്‍ മോശക്കാരിയാണെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ഷാജി സുന്ദര്‍ ഇപ്പോള്‍ പാര്‍ട്ടിയുടെ സാംസ്കാരിക നായകനാണ്.  ഈ സംഭവത്തില്‍ കേസ് പോലുമുണ്ട്. തന്‍െറ ഇമേജ് പാര്‍ട്ടിക്ക് വേണമെന്നാണ് എറണാകുളത്തുവെച്ച് സോംനാഥ് ഭാരതി പറഞ്ഞത്. തന്‍െറ ഇമേജ് വില്‍പനക്ക് വെച്ചിട്ടില്ല. സാറാ ജോസഫ് അധികാരത്തിനു വേണ്ടി നിലകൊള്ളുന്നുവെന്ന് പറഞ്ഞാല്‍ അത് ഇടിച്ചു താഴ്ത്തലാണ്’- അവര്‍ വ്യക്തമാക്കി.

‘അവര്‍ക്ക് ചരിത്രം വേണ്ട, ചരിത്രമില്ലാതെ ഒന്നിനും മുന്നോട്ട് പോകാനാവില്ല. ചരിത്രത്തിലാണ് കെട്ടിപ്പടുക്കേണ്ടത്. മനോജ് പത്മനാഭനും കെ.പി. രതീഷും ഉള്‍പ്പെടെ ഒരു കൂട്ടം യുവാക്കള്‍ കെട്ടിപ്പടുത്തതാണ് ആം ആദ്മി സംസ്ഥാന ഘടകത്തിന്‍െറ ചരിത്രം.അല്ലാതെ അത് ആകാശ കുസുമമൊന്നുമല്ല’- സാറാ ജോസഫ് വിമര്‍ശകരെ ഓര്‍മിപ്പിച്ചു. കഴിഞ്ഞ ഒക്ടോബറില്‍ കാലാവധി കഴിഞ്ഞപ്പോള്‍ തെരഞ്ഞെടുപ്പ് നടത്താന്‍ തയാറായി രാജി സമര്‍പ്പിച്ചതാണെന്നും ആ തീരുമാനമെടുത്ത സമിതിയില്‍ ഉണ്ടായിരുന്ന ഷൈബു മഠത്തില്‍ ഇപ്പോള്‍ മറിച്ച് പ്രചരിപ്പിക്കുന്നത് കണ്ട് തല തരിക്കുകയാണെന്നും ടീച്ചര്‍ പറയുന്നു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.