വഖഫ് ബോര്‍ഡിനെതിരെ എ.പി, ഇ.കെ വിഭാഗങ്ങള്‍ സമരത്തിന്

മലപ്പുറം: കേരള വഖഫ് ബോര്‍ഡ് പക്ഷപാത നിലപാട് സ്വീകരിക്കുന്നു എന്ന ആരോപണവുമായി എ.പി വിഭാഗത്തിന്‍െറ കേരള മുസ്ലിം ജമാഅത്തും പള്ളികളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ നിയമത്തെപോലും വകവെക്കാതെ എതിര്‍വിഭാഗത്തിന് അനുകൂലമായി വഖഫ് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ നിലപാടെടുക്കുന്നു എന്ന പരാതിയുമായി ഇ.കെ വിഭാഗത്തിന്‍െറ എസ്.വൈ.എസും സമസ്ത ലീഗല്‍ സെല്ലും തുറന്ന സമരത്തിന്. കേരള മുസ്ലിം ജമാഅത്ത് കമ്മിറ്റി നേതൃത്വത്തില്‍ വ്യാഴാഴ്ച രാവിലെ 10ന് വഖഫ് ബോര്‍ഡ് മഞ്ചേരി ഡിവിഷന്‍ ഓഫിസിലേക്കും എസ്.വൈ.എസ്-സമസ്ത ലീഗല്‍ സെല്‍ നേതൃത്വത്തില്‍ വ്യാഴാഴ്ച രാവിലെ 11ന് മലപ്പുറം കലക്ടറേറ്റിലേക്കും മാര്‍ച്ച് നടത്തും. 

കേരളത്തിലെ പള്ളികളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ നിയമം അനുകൂലമായിട്ടും വഖഫ് ബോര്‍ഡിന്‍െറ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് നടത്തി കമ്മിറ്റി രൂപവത്കരിച്ചിട്ടും ചിലരുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ഭരണം കമ്മിറ്റിക്ക് കൈമാറാന്‍ വഖഫ് ബോര്‍ഡ് തയാറാവുന്നില്ളെന്ന് എസ്.വൈ.എസ്-സമസ്ത ലീഗല്‍ സെല്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. മതസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ സമസ്തക്ക് നീതി ലഭിക്കുന്നില്ല. നിരന്തര നിയമപോരാട്ടത്തിനൊടുവിലാണ് കൊണ്ടോട്ടി പള്ളിക്കല്‍ ബസാര്‍ പള്ളിയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍, തെരഞ്ഞെടുത്ത കമ്മിറ്റിക്ക് അധികാരം കൈമാറാതെ നീട്ടിക്കൊണ്ടുപോവുകയാണ്. രണ്ട് കൂട്ടര്‍ തമ്മില്‍ തര്‍ക്കമുള്ള പള്ളികളില്‍ രജിസ്ട്രേഷന്‍ പുതുക്കി നല്‍കരുതെന്ന ചട്ടം പോലും എ.പി വിഭാഗത്തിനുവേണ്ടി ലംഘിക്കപ്പെട്ടിട്ടുണ്ട്. തച്ചണ്ണയില്‍ നിയമവിരുദ്ധമായി പള്ളിക്കമ്മിറ്റി രജിസ്ട്രേഷന്‍ പുതുക്കി നല്‍കിയതിനെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകും. 

പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് ചുമത്തുകയാണ്. വഖഫ് ബോര്‍ഡിന്‍െറ ചുമതലയുള്ള മന്ത്രിക്ക് മാത്രമല്ല ഇതിന്‍െറ ഉത്തരവാദിത്തം, യു.ഡി.എഫ് സര്‍ക്കാറിനും കൂടിയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാറില്‍ ചിലരുടെ സമ്മര്‍ദമുണ്ട്. വഖഫ് ബോര്‍ഡ്, രജിസ്ട്രേഷന്‍ വകുപ്പ്, ആഭ്യന്തര മന്ത്രിമാരുടെ ശ്രദ്ധയില്‍ വിഷയമുന്നയിച്ചിട്ടുണ്ടെന്നും നീതി ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞു. കലക്ടറേറ്റ് മാര്‍ച്ചിന് ശേഷം ചേരുന്ന യോഗത്തില്‍ തുടര്‍ സമരപരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ സമസ്ത ലീഗല്‍ സെല്‍ ചെയര്‍മാന്‍ ഹാജി കെ. മമ്മദ് ഫൈസി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, കെ.കെ.എസ്. തങ്ങള്‍ വെട്ടിച്ചിറ, കെ.എ. റഹ്മാന്‍ ഫൈസി തുടങ്ങിയവര്‍ പങ്കെടുത്തു. 

അതേസമയം, വിവിധ മഹല്ലുകളിലെ തര്‍ക്കങ്ങളില്‍ വഖഫ് നിയമങ്ങള്‍ക്ക് നിരക്കാത്ത തീരുമാനങ്ങളാണ് വഖഫ് ബോര്‍ഡ് കൈക്കൊള്ളുന്നതെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഭാരവാഹികള്‍ പ്രസ്താവനയില്‍ ആരോപിച്ചു. സുന്നികളുടെ ഭരണത്തിലുള്ള പല സ്ഥാപനങ്ങളിലും റിസീവറെ നിയമിച്ച് ഭരണം വഖഫ് ബോര്‍ഡ് ഓഫിസിലേക്ക് കൈമാറുകയാണ്. സങ്കുചിത സംഘടനാ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ബോര്‍ഡിനെ മുന്നോട്ടുകൊണ്ടുപോകാനാണ് തീരുമാനമെങ്കില്‍ ശക്തമായ തുടര്‍ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.