അധ്യാപക പാക്കേജ്: തസ്തികനിര്‍ണയം വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ഡി.പി.ഐ നടപടിക്ക്

തിരുവനന്തപുരം: അധ്യാപക പാക്കേജ് നടപ്പാക്കുന്നതിന്‍െറ ഭാഗമായുള്ള തസ്തികനിര്‍ണയത്തില്‍ വ്യക്തത വരുത്തിയിട്ടും നടപടി സ്വീകരിക്കാത്ത വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്കെതിരെ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് നടപടിക്ക്. ഒട്ടേറെ ജില്ലകളില്‍ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ തസ്തികനിര്‍ണയ നടപടികളോട് പുറംതിരിഞ്ഞുനില്‍ക്കുന്നതായി ശ്രദ്ധയില്‍പെട്ടതിനത്തെുടര്‍ന്നാണ് ഡി.പി.ഐ ഓഫിസ് നടപടിക്കൊരുങ്ങുന്നത്. ഇതിന് മുന്നോടിയായി ഡി.പി.ഐ എം.എസ്. ജയ വിദ്യാഭ്യാസ ഓഫിസര്‍മാരുടെ യോഗം വിളിച്ച് കര്‍ശനനിര്‍ദേശം നല്‍കി.

മൂന്ന് മേഖലകളിലായി വിളിച്ചുചേര്‍ക്കുന്ന യോഗങ്ങളില്‍ രണ്ടെണ്ണം പൂര്‍ത്തിയായി. എറണാകുളം മേഖലയിലെ അഞ്ച് ജില്ലയുടെ യോഗം ശനിയാഴ്ച എറണാകുളത്ത് നടക്കും. തിരുവനന്തപുരം മേഖലയിലെ നാല് ജില്ലയിലെ യോഗം വെള്ളിയാഴ്ച തിരുവനന്തപുരത്ത് നടന്നു. തസ്തികനിര്‍ണയ നടപടികളില്‍ വ്യക്തതയില്ളെന്നുപറഞ്ഞ് പുറംതിരിഞ്ഞുനില്‍ക്കുന്ന ആലപ്പുഴയിലെ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് യോഗത്തില്‍ ഡി.പി.ഐ കര്‍ശന നിര്‍ദേശം നല്‍കി. തസ്തികനിര്‍ണയ നടപടികളില്‍ വ്യക്തത ആവശ്യമുള്ളവര്‍ക്ക് രേഖാമൂലംതന്നെ നല്‍കുമെന്ന് ഡി.പി.ഐ എം.എസ്. ജയ വ്യക്തമാക്കി. മൂന്ന് മേഖലകളിലെയും യോഗം അവസാനിച്ചശേഷം ഏതാനും ദിവസംകൂടി നടപടി നിരീക്ഷിക്കും. തുടര്‍ന്നാവും അച്ചടക്ക നടപടി സ്വീകരിക്കുക. ഒന്നുമുതല്‍ അഞ്ചുവരെ ക്ളാസുകളില്‍ അധ്യാപക വിദ്യാര്‍ഥി അനുപാതം 1:30ഉം ആറുമുതല്‍ എട്ടുവരെ 1:35ഉം ഒമ്പത്, 10 ക്ളാസുകളില്‍ 1:45ഉം ആണ്.

എന്നാല്‍, ജനുവരി 29ന് ഇറങ്ങിയ അധ്യാപക പാക്കേജ് ഉത്തരവില്‍ രണ്ടാമത്തെയും മൂന്നാമത്തെയും തസ്തികക്ക് വേണ്ട കുട്ടികളുടെ എണ്ണം സംബന്ധിച്ച് വ്യക്തതയില്ല. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ അനുമതി നല്‍കിയതുപ്രകാരം പ്രത്യേകം സര്‍ക്കുലറും നല്‍കിയിട്ടും തസ്തികനിര്‍ണയ നടപടികള്‍ വൈകുകയായിരുന്നു.   വടക്കന്‍ ജില്ലകളില്‍ തസ്തികനിര്‍ണയ നടപടി ഏറക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. തെക്കന്‍ ജില്ലകളില്‍ പലയിടത്തും തൃപ്തികരമല്ല. തസ്തികനിര്‍ണയം സംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടും നടപ്പാക്കുന്നില്ളെന്ന പരാതികളുടെ പശ്ചാത്തലത്തില്‍കൂടിയാണ് ഡി.പി.ഐ വിദ്യാഭ്യാസ ഓഫിസര്‍മാരുടെ യോഗം വിളിച്ചത്. തസ്തികനിര്‍ണയ നടപടി പൂര്‍ത്തിയാക്കിയശേഷമാണ് നിയമനാംഗീകാരം നല്‍കേണ്ടത്. നടപടി പരിശോധിക്കാന്‍ സംസ്ഥാനതല കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.