എ.ഡി.എമ്മിന്‍െറ ഉത്തരവ് പുന:പരിശോധിക്കേണ്ടത് ലാന്‍ഡ് റവന്യൂ കമീഷണര്‍

കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്താന്‍ അഡീഷനല്‍ ജില്ലാ മജിസ്ട്രേറ്റ് അനുമതി നല്‍കിയിരുന്നെന്ന വാദം പൊളിയുന്നു. 
ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കലക്ടര്‍ക്കുവേണ്ടി എ.ഡി.എം വെടിക്കെട്ടിന് അനുമതി നിഷേധിച്ചാല്‍ അത് പുന$പരിശോധിക്കാനുള്ള അധികാരം ലാന്‍ഡ് റവന്യൂകമീഷണര്‍ക്കാണ്. ഉത്തരവിട്ട എ.ഡി.എമ്മിനോ കലക്ടര്‍ക്കോ മറിച്ചൊരു ഉത്തരവ് വാക്കാല്‍പോലും നല്‍കാനാകില്ളെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. ഇതേസമയം, കലക്ടറേറ്റിലെ സി.സി ടി.വി ദൃശ്യങ്ങളുടെ പകര്‍പ്പ് വാങ്ങിയത് ക്ഷേത്രഭാരവാഹികള്‍ക്കൊപ്പം മറ്റാരെങ്കിലും കലക്ടറെ കാണാന്‍ ഉണ്ടായിരുന്നോ എന്ന് അറിയാനാണത്രെ. 

പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്താന്‍ അനുമതി തേടി എ.ഡി.എമ്മിന് നല്‍കിയ അപേക്ഷ നിരസിച്ചത് എപ്രില്‍ എട്ടിനാണ്. സിറ്റി പൊലീസ് കമീഷണര്‍, തഹസില്‍ദാര്‍, അസി. ഡിവിഷനല്‍ ഫയര്‍ ഓഫിസര്‍ തുടങ്ങിയവരുടെ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലായിരുന്നു ഇതെന്ന് പറയുന്നു. അന്നുതന്നെ ഇതു സംബന്ധിച്ച് നടപടിക്രമം പുറത്തിറക്കുകയും പൊലീസ് കമീഷണര്‍, അസി. കമീഷണര്‍, സി.ഐ, വെടിക്കെട്ടിന്‍െറ അപേക്ഷകന്‍ തുടങ്ങിയവര്‍ക്ക് ഇതിന്‍റ പകര്‍പ്പ് നല്‍കുകയും ചെയ്തു. നിയമലംഘനമുണ്ടായാല്‍ നടപടിയെടുക്കണമെന്ന എ.ഡി.എമ്മിന്‍െറ മജിസ്റ്റീരിയല്‍ ഉത്തരവും പൊലീസിന് കൈമാറിയിരുന്നു. 
കല്‍ക്കുളത്ത് ക്ഷേത്രത്തില്‍ സാമ്പ്ള്‍ വെടിക്കെട്ടിനോടനുബന്ധിച്ച് തീപിടിത്തമുണ്ടായതിനെതുടര്‍ന്ന് നല്‍കിയ അനുമതി പിന്‍വലിച്ച സാഹചര്യവും പുറ്റിങ്ങല്‍ക്ഷേത്രസമീപവാസിയായ പങ്കജാക്ഷിയുടെ പരാതിയുമാണ് വെടിക്കെട്ടിന് അനുമതി നിഷേധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചതെന്ന് പറയുന്നു. ക്ഷേത്രമൈതാനവും കോണ്‍ക്രീറ്റ് കമ്പപ്പുരയും കണ്ടവര്‍ വെടിക്കെട്ടിന് അനുമതി നല്‍കില്ളെന്നാണ് റിപ്പോര്‍ട്ട് തയാറാക്കിയ ഉദ്യോഗസ്ഥരിലൊരാള്‍ പറഞ്ഞത്. 

വെടിക്കെട്ടിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് ക്ഷേത്രഭാരവാഹികള്‍ കലക്ടറെ കണ്ട്  അനുമതി തേടിയത്. എന്നാല്‍, ആചാരവെടി ആകാമെന്നും വെടിക്കെട്ട് പാടില്ളെന്നുമായിരുന്നു കലക്ടറുടെ നിലപാട്. കലക്ടറെ കണ്ടതായി ക്ഷേത്ര ഭാരവാഹികള്‍ മൊഴിനല്‍കിയത് ജില്ലാ ഭരണകൂടം ശരിവെച്ചിട്ടും കലക്ടറേറ്റിലെ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധനക്ക് വാങ്ങിയത് ഈ പ്രശ്നത്തില്‍ രാഷ്ട്രീയക്കാര്‍ ഇടപെട്ടിരുന്നോയെന്ന് അറിയാനാണ്. വെടിക്കെട്ടിന് അനുമതി നല്‍കാന്‍ രാഷ്ട്രീയസമ്മര്‍ദമുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കലക്ടറേറ്റില്‍ 16 കാമറകള്‍ ഉണ്ടെങ്കിലും അഞ്ചെണ്ണമാണ് പ്രവര്‍ത്തിക്കുന്നത്. കാമറകള്‍ കേടായത്  ബന്ധപ്പെട്ട സെക്ഷനില്‍ നിന്ന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ കെല്‍ട്രോണിനെ അറിയിച്ചിരുന്നു. ഇതിനുശേഷമാണ്, ലാന്‍ഡ് റവന്യൂ കമീഷണര്‍ക്ക് അപ്പീല്‍ നല്‍കുന്നതിനുപകരം ഇതുമായി ഒരു ബന്ധവുമില്ലാത്ത അസി. പൊലീസ് കമീഷണര്‍ക്ക് ക്ഷേത്ര ഭാരവാഹികള്‍ അപേക്ഷ നല്‍കിയത്. 

കരാറുകാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ടപകടത്തിന്‍െറ പശ്ചാത്തലത്തില്‍ കരിമരുന്ന് കരാറുകാരായ ഉമേഷ്കുമാര്‍, അനാര്‍ക്കലി എന്നിവര്‍ക്ക് നല്‍കിയിരുന്ന ലൈസന്‍സുകള്‍ സസ്പെന്‍ഡ് ചെയ്തതായി ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. 1/LE1/2010, 2/20/2006 എന്നീ ലൈസന്‍സുകളാണ് സസ്പെന്‍ഡ് ചെയ്തത്. പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തിന്‍െറ പശ്ചാത്തലത്തില്‍ കൊല്ലം ജില്ലാ കലക്ടര്‍ വിളിച്ച വിവിധ വകുപ്പ് മേധാവികളുടെ യോഗത്തില്‍ ഹൈദരാബാദിലെ ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്സ്പ്ളോസിവ്സ് കരാറുകാര്‍ നിയമലംഘനം നടത്തിയതായി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ കഴക്കൂട്ടം കഴിയില്‍ ശാന്തിനിവാസില്‍ ഉമേഷ്കുമാറിന്‍െറ ലൈസന്‍സും അനുവദനീയമായതിലും അധികം അളവില്‍ സ്ഫോടക വസ്തുക്കള്‍ ശേഖരിച്ചതിന് വെന്നിക്കോട് വളയന്‍റകുഴി കൊച്ചുകോണം വീട്ടില്‍ അനാര്‍ക്കലിയുടെ ലൈസന്‍സും സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.

കലക്ടറെ ക്രൂശിക്കാനുള്ള ശ്രമം ശരിയല്ല –അടൂര്‍ പ്രകാശ്
പത്തനംതിട്ട: പരവൂര്‍ വെടിക്കെട്ട് അപകടത്തില്‍ കലക്ടറെ ക്രൂശിക്കാനുള്ള ശ്രമം ശരിയല്ളെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്. വെടിക്കെട്ട് അപകടം നടക്കുന്നതിന് ഒരു മാസം മുമ്പ് കലക്ടറുടെ ചേംബറിലെ സി.സി ടി.വി തകരാറിലായിരുന്നു. അക്കാര്യം അതു സ്ഥാപിച്ച കെല്‍ട്രോണിനെ കലക്ടര്‍ അറിയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. കലക്ടര്‍ നിയമാനുസൃതമാണ് പ്രവര്‍ത്തിച്ചത്. ദുരന്തവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സ്തുത്യര്‍ഹ സേവനമാണ് കലക്ടര്‍ നടത്തിയത്. അവരുടെ നല്ല പ്രവര്‍ത്തനങ്ങളെ പിറകോട്ടടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.