സിഫ്നെറ്റിന്‍െറ പ്രകൃതി സൗഹൃദ മത്സ്യബന്ധന യാനം നീറ്റിലേക്ക്

കൊച്ചി: സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് ഫിഷറീസ് ടെക്നോളജി (സിഫ്നെറ്റ്) ഗോവ കപ്പല്‍ശാലയുമായി  ചേര്‍ന്ന് രൂപകല്‍പന ചെയ്ത ഇന്ധന ക്ഷമത കൂടിയ ഐ.ആര്‍ ക്ളാസ്  മാതൃക മത്സ്യ ബന്ധന യാനം എഫ്. വി. സാഗര്‍ ഹരിത തിങ്കളാഴ്ച നീറ്റിലിറക്കും. രാവിലെ 9.30ന് സിഫ്നെറ്റ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ചറല്‍ റിസര്‍ച്  (ഐ.സി.എ.ആര്‍) ഡയറക്ടര്‍ ജനറല്‍ ത്രിലോചന്‍ മഹാപാത്ര ചടങ്ങ് ഉദ്ഘാടനം ചെയ്യും. നിലവില്‍ പ്രചാരത്തിലുള്ള യാനങ്ങള്‍ ഉപയോഗിച്ച് നടക്കുന്ന മത്സ്യബന്ധനംമൂലം പ്രതിവര്‍ഷം  136 മില്യണ്‍ ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ്  അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നുവെന്നാണ് കണക്ക്. ഇന്ത്യയില്‍ ഒരു കിലോഗ്രാം മത്സ്യം പിടിക്കുമ്പോള്‍ 1.2 കിലോഗ്രാം കാര്‍ബണാണ് പുറന്തള്ളുന്നത്. ഈ സാഹചര്യത്തിലാണ് പ്രകൃതി സൗഹാര്‍ദ മത്സ്യബന്ധന ബോട്ട് അനിവാര്യമാകുന്നതെന്ന് സിഫ്റ്റ് ഡയറക്ടര്‍ ഡോ. സി.എന്‍. രവിശങ്കര്‍ പറഞ്ഞു.

ഐ.സി.എ.ആറിന്‍െറ ദേശീയ അഗ്രിക്കള്‍ചറല്‍  സയന്‍സ് ഫണ്ട് വഴി ലഭിച്ച 14.5 കോടി രൂപയില്‍ ഏഴു കോടി ചെലവഴിച്ചാണ് പൊതു-സ്വകാര്യ പങ്കാളിത്തതോടെ  യാനം  നിര്‍മിച്ചത്. കപ്പല്‍ ഉടലിന്‍െറ രൂപകല്‍പനയില്‍ മാറ്റം വരുത്തുക വഴി 14 ശതമാനം ഇന്ധനലാഭം ലഭിക്കും. ലോങ് ലൈനിങ്, ഗില്‍ നെറ്റിങ്, ട്രോളിങ് എന്നീ  മൂന്ന് മത്സ്യബന്ധന രീതികളും സാധ്യമാകുന്ന യാനം എന്ന പ്രത്യേകതയും സാഗര്‍ ഹരിതക്കുണ്ട്. ഡക് വരെ സ്റ്റീലും  സൂപ്പര്‍ സ്ട്രക്ചര്‍ ഫൈബര്‍ ഗ്ളാസ്  റീഇന്‍ഫോഴ്സ്ഡ് പ്ളാസ്്റ്റിക്കുമാണ് ഉപയോഗിച്ചിരിക്കുന്നത്. വാര്‍ത്താ വിനിമയത്തിന് അത്യാധുനിക സംവിധാനങ്ങളുള്ള യാനത്തില്‍ സമുദ്രജലം തണുപ്പിച്ച് മത്സ്യം സൂക്ഷിക്കാനുള്ള സംവിധാനവുമുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ ഫിഷിങ് ടെക്നോളജി ഡിവിഷന്‍ മേധാവി ഡോ. ലീല എഡ്വിന്‍, നേവല്‍ ആര്‍ക്കിടെക്റ്റ് എം.വി. ബൈജു  എന്നിവരും പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.