ചേമഞ്ചേരി: ഗ്ളാസുമായി വീണ് മുഖത്ത് മുറിവേറ്റ രണ്ടു വയസ്സുകാരന്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കിടെ മരിച്ചു. അനസ്തേഷ്യ നല്‍കിയതിലെ പിഴവിനെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
പൂക്കാട് ബീച്ച് റോഡ് ഉണുത്താളി നാസറിന്‍െറ മകന്‍ ഷഹലാണ് വ്യാഴാഴ്ച രാത്രി 11ഓടെ മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് വീട്ടില്‍ വെച്ച് മുറിവേറ്റ ഷഹലിനെ കൊയിലാണ്ടി മലബാര്‍ ഹോസ്പിറ്റലില്‍ എത്തിച്ചു. ചെറിയ മുറിവായിരുന്നെങ്കിലും തുന്നിക്കെട്ടുന്നതിന് പകരം പ്ളാസ്റ്റിക് സര്‍ജറി നടത്തുകയാവും നല്ലതെന്ന് ആശുപത്രി അധികൃതര്‍ നിര്‍ദേശിക്കുകയും എരഞ്ഞിപ്പാലം മലബാര്‍ ഹോസ്പിറ്റലിലേക്ക് റഫര്‍ ചെയ്യുകയുമായിരുന്നു. അഞ്ചോടെ അനസ്തേഷ്യ കൊടുത്തു. രണ്ടു മണിക്കൂറിനുശേഷം ഡോക്ടര്‍മാര്‍ വന്ന് മറ്റെന്തെങ്കിലും അസുഖമുണ്ടായിരുന്നോ എന്നും മാതാപിതാക്കള്‍ക്കാര്‍ക്കെങ്കിലും ഹൃദ്രോഗമുണ്ടായിരുന്നോ എന്നും അന്വേഷിച്ചത്രെ. പിന്നീട് സ്ഥിതി വഷളായതായി അറിയിക്കുകയും മിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയും ചെയ്തു. സ്വന്തംനിലയില്‍ മാറ്റാന്‍ രക്ഷിതാക്കള്‍ തയാറാകാത്തതിനെ തുടര്‍ന്ന് രാത്രി 11ഓടെ ആശുപത്രി അധികൃതര്‍തന്നെ ആംബുലന്‍സില്‍ മിംസിലേക്ക് കൊണ്ടുപോയി. 12 ഓടെ മരിച്ചതായി മിംസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. പരാതിയെ തുടര്‍ന്ന് നടക്കാവ് പൊലീസ് ആശുപത്രിയിലത്തെി. എരഞ്ഞിപ്പാലം ആശുപത്രിയില്‍ ചികിത്സിച്ച ഡോക്ടര്‍മാര്‍ മദ്യപിച്ചിരുന്നതായി സംശയമുണ്ടെന്ന് രക്ഷിതാക്കള്‍ പരാതിപ്പെട്ടതിനെതുടര്‍ന്ന് പൊലീസ് രണ്ടു ഡോക്ടര്‍മാരെ വൈദ്യപരിശോധനക്ക് വിധേയരാക്കി. മൂന്നാമത്തെ ഡോക്ടറെ പൊലീസ് ബന്ധപ്പെട്ടെങ്കിലും ഫോണ്‍ സ്വിച്ച് ഓഫാക്കിയതായി ബന്ധുക്കള്‍ പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വെള്ളിയാഴ്ച ഉച്ചയോടെ മൃതദേഹം കാപ്പാട് മാക്കാം പള്ളി ഖബര്‍സ്ഥാനില്‍ മറവുചെയ്തു. സുലൈമത്താണ് ഷഹലിന്‍െറ മാതാവ്. സഹോദരന്‍: ഷറാഫത്ത്.
അതേസമയം, മരണം അനസ്തേഷ്യ കൊടുക്കുമ്പോഴുണ്ടായ ഹൃദയാഘാതംമൂലമാണെന്ന് മലബാര്‍ ഹോസ്പിറ്റല്‍ എം.ഡി ഡോ. പി.എ. ലളിത പറഞ്ഞു. മരുന്നുകളോടുള്ള അലര്‍ജിയാകുന്ന അനാസിലാറ്റിക് റിയാക്ഷന്‍ എന്ന അവസ്ഥയാണിതെന്നും ഡോക്ടര്‍ പറഞ്ഞു. സാധാരണ കുട്ടികള്‍ക്ക് നല്‍കുന്ന അളവില്‍തന്നെയാണ് അനസ്തേഷ്യ നല്‍കിയതെന്നും ഡോ. പി.എ. ലളിത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.