റബര്‍ വില മുകളിലേക്ക്; 130 കടന്നു

കോട്ടയം:കര്‍ഷകര്‍ക്ക് പ്രതീക്ഷയേകി റബര്‍ വില മുകളിലേക്ക്. മാസങ്ങളുടെ കാത്തിരിപ്പിനുശേഷം റബര്‍ വില 130 കടന്നു. അന്താരാഷ്ട്ര വിപണിയിലെ വിലവര്‍ധന ആഭ്യന്തരവിപണിയിലും പ്രതിഫലിക്കുകയാണ്. ക്രൂഡ് ഓയില്‍ വില കൂടിയതിനൊപ്പം റബറിന് ക്ഷാമവും അനുഭവപ്പെടുന്നതാണ് അന്താരാഷ്ട്ര വിപണിയില്‍ വിലവര്‍ധിക്കാന്‍ കാരണം. ഇതിന്‍െറ ചുവടുപിടിച്ച് കേരളത്തിലും നേരിയ തോതില്‍ വില വര്‍ധിച്ചു.ബുധനാഴ്ച ആര്‍.എസ്.എസ് നാലാം ഗ്രേഡ് റബറിന് നാലുരൂപ കൂടി 132 രൂപയായി. അഞ്ചാം ഗ്രേഡിന് 130 രൂപയാണ് റബര്‍ ബോര്‍ഡ് വില. ചൊവ്വാഴ്ച നാലാം ഗ്രേഡിന്‍െറ വില 128 രൂപയായിരുന്നു. അതേസമയം, ബുധനാഴ്ച 129 രൂപക്കാണ് വ്യാപാരികള്‍ കര്‍ഷകരില്‍നിന്ന് റബര്‍ വാങ്ങിയത്. ഫെബ്രുവരി ആദ്യം ആര്‍.എസ്.എസ് നാലിന് 91ഉം അഞ്ചിന് 87ഉം രൂപ വരെയായി വിലകുറഞ്ഞിരുന്നു.
റബര്‍ ബോര്‍ഡ് നിശ്ചയിച്ച ഈ വിലയേക്കാള്‍ കുറഞ്ഞ നിരക്കിലാണ് വ്യാപാരികള്‍ കര്‍ഷകരില്‍നിന്ന് റബര്‍ വാങ്ങുന്നതെന്നതിനാല്‍ പലര്‍ക്കും 85 രൂപവരെ മാത്രമാണ് ലഭിച്ചിരുന്നത്. പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ വിലയിലേക്ക് റബര്‍ കൂപ്പുകുത്തിയതോടെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലായിരുന്നു. വില കുത്തനെ കുറഞ്ഞതോടെ പലരും ടാപ്പിങ് നിര്‍ത്തിയിരുന്നു. വേനല്‍ കടുത്തതോടെ ഇപ്പോള്‍ ഭൂരിപക്ഷം ഭാഗങ്ങളിലും ടാപ്പിങ് നടക്കുന്നില്ല. അതിനാല്‍, വില ഉയര്‍ന്നുതുടങ്ങിയെങ്കിലും വിറ്റഴിക്കാന്‍ കൈയില്‍ റബറില്ളെന്നതാണ് സ്ഥിതി. ചെലവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇപ്പോഴത്തെ വിലയും ഒട്ടും പര്യാപ്തമല്ളെന്ന് കര്‍ഷകര്‍ പറയുന്നു. എന്നാല്‍, വില ഉയരുന്ന പ്രവണത പ്രതീക്ഷ പകരുന്നെന്നും കര്‍ഷക സംഘടനകള്‍ ചൂണ്ടിക്കാട്ടി.
ബാങ്കോക്ക്, ടോക്കിയോ വിപണികളില്‍ റബര്‍ വില ഗണ്യമായി കയറിയിട്ടുണ്ട്. തായ്ലന്‍ഡും ഇന്തോനേഷ്യയും മലേഷ്യയും ചേര്‍ന്ന് കയറ്റുമതി പരിമിതപ്പെടുത്തിയതും റബര്‍ ഉല്‍പാദനം പല മേഖലകളിലും കുറഞ്ഞതും വില കയറുന്നതിന് അനുകൂല ഘടകങ്ങളായി. ചൈന, സിംഗപ്പൂര്‍ വിപണികളിലും വില കയറിയിട്ടുണ്ട്. ക്രൂഡ്ഓയിലിന്‍െറ വില വര്‍ധിച്ചതോടെ സിന്തറ്റിക് റബറിന്‍െറ ഉല്‍പാദനം കുറഞ്ഞത് അന്താരാഷ്ട്ര വിപണിയില്‍ സ്വാഭാവിക റബറിന് ഡിമാന്‍ഡ് വര്‍ധിപ്പിച്ചിരിക്കുകയുമാണ്.  
അതിനിടെ, തെരഞ്ഞെടുപ്പ് അടുത്തതോടെ വിലസ്ഥിരതാ പദ്ധതിയില്‍നിന്നുള്ള തുക വിതരണത്തിന് വേഗംവന്നതും കര്‍ഷകര്‍ക്ക് ആശ്വാസമാകുന്നുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിക്കലത്തെിനില്‍ക്കെ റബര്‍ വിലവര്‍ധിക്കുന്നത് യു.ഡി.എഫിനും കേരള കോണ്‍ഗ്രസിനും ആഹ്ളാദം പകരുന്നുമുണ്ട്. വിലയിടിവ് തടയാന്‍ സര്‍ക്കാര്‍ നടപടിയൊന്നും സ്വീകരിക്കുന്നില്ളെന്നാരോപിച്ച് വിവിധ കര്‍ഷക സംഘടനകള്‍ പ്രക്ഷോഭത്തിന്‍െറ പാതയിലായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.