പോക്സോ: ആദിവാസികളെ തടവറയില്‍ തള്ളുന്നതിനെതിരെ താക്കീതായി കോടതി മാര്‍ച്ച്

കല്‍പറ്റ: ലൈംഗികാതിക്രമങ്ങളില്‍നിന്ന് കുട്ടികളെ തടയുന്ന നിയമം (പോക്സോ) ആദിവാസി യുവാക്കള്‍ക്കുമേല്‍ ചുമത്തി അവരെ ജയിലിലാക്കുന്നതിനെതിരെ താക്കീതായി ബഹുജന മാര്‍ച്ച്. ജനകീയ സമിതിയുടെ നേതൃത്വത്തില്‍ കല്‍പറ്റ പോക്സോ കോടതിയിലേക്കാണ് മാര്‍ച്ച് നടത്തിയത്. ജല അതോറിറ്റി ഓഫിസ് പരിസരത്തുനിന്ന് തുടങ്ങിയ മാര്‍ച്ച് കോടതിയിലത്തെുന്നതിനുമുമ്പ് പൊലീസ് തടഞ്ഞു. വിവിധ ജില്ലകളിലെ നിരവധി ആദിവാസികളും മനുഷ്യാവകാശപ്രവര്‍ത്തകരും സമരത്തില്‍ പങ്കെടുത്തു.
പ്രായപൂര്‍ത്തിയാകാത്തതും എന്നാല്‍ വയസ്സറിയിച്ചതുമായ പെണ്‍കുട്ടികളെ പണിയ ആചാരപ്രകാരം വിവാഹം കഴിക്കുന്ന ആദിവാസി യുവാക്കളാണ് പോക്സോ നിയമപ്രകാരം ജയിലിലാകുന്നത്. ഇവര്‍ക്ക് കോടതി 40 വര്‍ഷം വരെ തടവുശിക്ഷ വിധിക്കുകയും ചെയ്യുന്നു. ഭര്‍ത്താവ് ജയിലിലാകുന്നതോടെ ഭാര്യയായ പെണ്‍കുട്ടിയും കുടുംബവുമടക്കം ദുരിതം പേറുകയാണ്. ആചാരപ്രകാരം വിവാഹം കഴിക്കുന്ന ആദിവാസി യുവാക്കള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കരുതെന്ന പട്ടികജാതി-വര്‍ഗ വിഭാഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരമുള്ള ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയുടെ തീരുമാനം പ്രതിഷേധ മാര്‍ച്ചിനിടെ എത്തി. ഇത് അറിയിച്ചതോടെ സമരക്കാര്‍ക്ക് ആവേശമായി. സമരത്തിന്‍െറ ആദ്യവിജയമാണ് ഇതെന്നും എന്നാല്‍, നീതി നിഷേധിക്കപ്പെട്ട് ജയിലുകളില്‍ കഴിയുന്ന ആദിവാസികള്‍ക്കുവേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അവര്‍ ദൃഢനിശ്ചയം ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കല്യാണം കഴിക്കുന്നവര്‍ക്കെതിരെ ശൈശവവിവാഹ നിയമപ്രകാരം മാത്രം കേസെടുത്താല്‍ മതിയെന്നാണ് ജില്ലാ കലക്ടര്‍ അധ്യക്ഷനായ കമ്മിറ്റി നിര്‍ദേശിച്ചത്.
പോക്സോ ചാര്‍ത്തിയതിനാല്‍ ജാമ്യംപോലും കിട്ടാതെ ജയിലില്‍ കഴിയുന്ന ആദിവാസികളുടെ ദയനീയ വാര്‍ത്ത ‘മാധ്യമ’മാണ് പുറത്തുകൊണ്ടുവന്നത്. പ്രമുഖ സാമൂഹിക-മനുഷ്യാവകാശ പ്രവര്‍ത്തക ദയാബായി ആണ് പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്.  ഭരണഘടനയാണ് ഏറ്റവും പ്രധാനം. അതിനുമുകളില്‍ ഒരു പോക്സോ നിയമവുമില്ല. മറ്റു മതസ്ഥര്‍ അവരുടെ ആചാരപ്രകാരമാണ് വിവാഹം കഴിക്കുന്നത്. ആദിവാസികള്‍ക്ക് അവരുടേതായ ജീവിതശൈലിയും ആചാരങ്ങളുമുണ്ട്. ഇതുപ്രകാരമാണ് യുവാക്കള്‍ വയസ്സറിയിച്ച പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നത്. പ്രകൃതിപരമായി പെണ്‍കുട്ടി വിവാഹത്തിന് യോഗ്യയാണ്. പിന്നെ എന്തിനാണ് നിയമംകൊണ്ട് അവരെ ഇല്ലാതാക്കുന്നത്. ആദിവാസികള്‍ക്കെതിരെ പോക്സോ നിയമം ദുരുപയോഗം ചെയ്യുകയാണ്. താന്‍ ഏറെക്കാലമായി മധ്യപ്രദേശില്‍ ആദിവാസികള്‍ക്കൊപ്പമാണ് ജീവിക്കുന്നത്. അവിടങ്ങളിലൊന്നും പോക്സോ നിയമം ആദിവാസികള്‍ക്കെതിരായി പ്രയോഗിക്കുന്നില്ല. വിവാഹം കൂടുതലായി നടക്കുന്ന മാസങ്ങള്‍ക്കു മുമ്പേ തന്നെ പൊലീസ് അടക്കമുള്ള അധികൃതര്‍ മധ്യപ്രദേശിലുള്ള ഓരോ ഗ്രാമങ്ങളിലുമത്തെി എത്ര കല്യാണങ്ങള്‍ അവിടെ നടക്കാന്‍ പോകുന്നുവെന്ന് ആരായും.
 പെണ്‍കുട്ടികളുടെ വയസ്സടക്കമുള്ള വിവരങ്ങളും അവര്‍ ചോദിച്ചറിയും. വയസ്സ് തികയാത്ത പെണ്‍കുട്ടികളുടെ കല്യാണം നടക്കുന്നതുമൂലമുള്ള നിയമപ്രശ്നങ്ങള്‍ ആദിവാസികളെ മുന്‍കൂട്ടി തന്നെ ബോധ്യപ്പെടുത്തും. എന്നാല്‍, കേരളത്തില്‍ ഇതൊന്നും നടക്കുന്നില്ല. അതിനുമുമ്പേ പോക്സോ നിയമം ചുമത്താനാണ് പൊലീസുകാരും കോടതിയും ശ്രമിക്കുന്നതെന്നും ദയാബായി പറഞ്ഞു. ആദിവാസികള്‍ക്കെതിരെ എന്ത് ആക്രമണം നടന്നാലും ചോദിക്കാനാളില്ല എന്ന കാലം കഴിഞ്ഞെന്നും ഇപ്പോള്‍ അവര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍ ആളുകളുണ്ടെന്നും അധിനിവേശ പ്രതിരോധ സമിതി ഭാരവാഹി ഡോ. ആസാദ് പറഞ്ഞു. പോക്സോ പ്രകാരമുള്ള എല്ലാ കേസുകളും റദ്ദാക്കണമെന്ന് ആദിവാസി ഗോത്രമഹാസഭ നേതാവ് ഗീതാനന്ദന്‍ ആവശ്യപ്പെട്ടു.
 ആദിവാസികളുടെ ആചാരങ്ങള്‍ പെട്ടെന്ന് അവസാനിപ്പിക്കാന്‍ കഴിയില്ളെന്നും ബാലവിവാഹം ഒഴിവാക്കാന്‍ കൃത്യമായ ബോധവത്കരണമാണ് നടക്കേണ്ടതെന്നും സി.പി.എം ജില്ലാ സെക്രട്ടറി സി.കെ. ശശീന്ദ്രന്‍ ആവശ്യപ്പെട്ടു. സമിതി ചെയര്‍മാന്‍ അഡ്വ. പി.എ. പൗരന്‍ അധ്യക്ഷത വഹിച്ചു. ഡോ. പി.ജി. ഹരി, അഡ്വ. ശീതള്‍, വി.ടി. കുമാര്‍, തങ്കമ്മ (ആദിവാസി സമര സംഘം), പി.ഡി.പി ജില്ലാ പ്രസിഡന്‍റ് എ.എം.എ. സിദ്ദീഖ്, അരുവിക്കല്‍ കൃഷ്ണന്‍ (ആദിവാസി വിമോചന മുന്നണി), സി.പി. റഷീദ് (ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം), സി.എ. അജിതന്‍, ഷാന്‍േറാലാല്‍ (പോരാട്ടം), നസ്റുദ്ദീന്‍ (സി.പി.ഐ -എം.എല്‍), സന്തോഷ് (യൂത്ത് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് എന്‍വയണ്‍മെന്‍റ്), ഹാറൂന്‍ കാവന്നൂര്‍ (പാഠാന്തരം) എന്നിവര്‍ പങ്കെടുത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.