ദുരന്തത്തിന്‍െറ നേര്‍ക്കാഴ്ച

മത്സരക്കമ്പമെന്നായിരുന്നു സംഘാടകര്‍ ആദ്യം അറിയിച്ചിരുന്നത്. പിന്നീട് കലക്ടറുടെ നിരോധം വന്നതോടെ അത് ഉപേക്ഷിച്ചെന്ന് കേട്ടു. വെടിക്കെട്ട് മാത്രമുണ്ടാവുമെന്ന് പ്രതീക്ഷിച്ചാണ് ഉത്സവസ്ഥലത്ത് എത്തിയത്. ആദ്യം അമ്പലത്തിന് കിഴക്കുഭാഗത്താണ് നിന്നത്. പിന്നീട് വടക്കേ കമ്പത്തറക്ക് സമീപത്തേക്ക് നീങ്ങി. രാത്രി 12ഓടെയാണ്  വെടിക്കെട്ട് ആരംഭിച്ചത്. ഇത് ഉയര്‍ന്ന ശബ്ദഘോഷവും ഇടക്കിടെ അമിട്ടുകളും ഉള്‍പ്പെട്ടതായിരുന്നു. തുടര്‍ന്ന് രണ്ടുഘട്ടമായി പലായം കത്തിച്ചു.

ഇതിനുശേഷം വിവിധ വലിപ്പത്തിലെ കുറ്റി അമിട്ടുകള്‍ കത്തിക്കാന്‍ തുടങ്ങി. വ്യത്യസ്ത അളവിലും ഇനത്തിലും പെട്ട നൂറുകണക്കിന് അമിട്ടുകളാണ് കത്തിച്ചത്. അമിട്ടുകളുടെ എണ്ണത്തിനനുസരിച്ച് അമിട്ടുകുറ്റികളുടെ എണ്ണം കുറവായിരുന്നു. ഇങ്ങനെ വന്നാല്‍ അമിട്ടുകുറ്റികള്‍ അമിതമായി ചൂടാകാനും ചുട്ടുപഴുക്കാനുമിടയുണ്ട്. കുറ്റികള്‍ പൊട്ടിത്തെറിക്കാന്‍ വരെ ഇടയാക്കും. ഇത്തരത്തില്‍ ഒരു കുറ്റി പൊട്ടിപ്പിളര്‍ന്നത് കമ്പത്തറയില്‍നിന്ന് കണ്ടത്തെിയിട്ടുണ്ട്. ക്ഷേത്രത്തിലെ തെക്കേ കമ്പപ്പുര പൂര്‍ണമായും തകര്‍ന്നടിഞ്ഞു. ഈ കമ്പപ്പുരക്ക് സമീപത്തേക്ക് പിക്- അപ് വാനില്‍ അമിട്ടുകള്‍ കയറ്റിക്കൊണ്ടുവന്ന സമയത്താണ് അപകടം സംഭവിക്കുന്നത്. അമിട്ടുകള്‍ ഇത്തരത്തില്‍ വാഹനത്തില്‍ കൊണ്ടുവരുമ്പോള്‍ കമ്പത്തറയില്‍ മറ്റ് അമിട്ടുകള്‍ കത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതില്‍നിന്നുള്ള തീപ്പൊരി വീണാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

ഇതില്‍ വാഹനത്തോടുകൂടി പൊട്ടിത്തെറിയുണ്ടാവുകയും അതില്‍നിന്ന് കമ്പപ്പുരയിലേക്ക് തീ പടരുകയും ചെയ്തിരിക്കാം.  ചെറിയരീതിയില്‍ പൊട്ടിത്തെറിയുണ്ടാവുകയും അല്‍പസമയത്തിനുള്ളില്‍ ഉഗ്രസ്ഫോടനത്തോടെ കമ്പപ്പുര തകര്‍ന്നടിയുകയുമായിരുന്നു. കോണ്‍ക്രീറ്റില്‍ നിര്‍മിച്ച ഉറപ്പുള്ള കമ്പപ്പുരയുടെ ബീമുകളും സ്ളാബുകളും പല കഷണങ്ങളായി ചിതറിത്തെറിച്ചു. ഇതില്‍നിന്നുള്ള ചീളുകളും കഷണങ്ങളും ഇടിച്ചുകയറിയാണ് ഭൂരിപക്ഷം ആളുകള്‍ക്കും ജീവാപായവും പരിക്കും ഉണ്ടായത്. ഒരുകിലോമീറ്ററോളം ദൂരത്തില്‍ കോണ്‍ക്രീറ്റ് ബീം തെറിച്ചുവീണു. കമ്പപ്പുരയുടെ സമീപത്തും പരിസരത്തും നിറഞ്ഞുനിന്ന കാണികള്‍ക്കിടയിലേക്ക് ഇത്തരം കഷണങ്ങള്‍ ചെന്നുപതിക്കുകയായിരുന്നു. അപകടമുണ്ടായ ഉടന്‍ വൈദ്യുതിബന്ധം ഇല്ലാതായി. സമീപത്തുകൂടി പോയിരുന്ന ഇലക്ട്രിക് ലൈനുകള്‍ പൊട്ടിവീണു. ഇരുട്ടില്‍ പൊലീസും നാട്ടുകാരും എന്ത് ചെയ്യണമെന്നറിയാതെ ഏറെനേരം കുഴങ്ങി.

മൊബൈല്‍ ഫോണ്‍ ബന്ധവും തകരാറിലായി. മൊബൈല്‍ ഫോണുകളുടെയും ടോര്‍ച്ചുകളുടെയും വെളിച്ചത്തിലാണ് തുടക്കത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. അല്‍പസമയം കഴിഞ്ഞാണ് അപകടത്തിന്‍െറ ഭീകരത ജനത്തിനും പൊലീസിനും ഫയര്‍ഫോഴ്സിനും ബോധ്യപ്പെട്ടത്. ഇതോടെ കിട്ടാവുന്ന എല്ലാ സൗകര്യവും ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുകയും വിവിധ വകുപ്പുകളെ വിവരമറിയിക്കുകയും ചെയ്തു. കിട്ടിയ വാഹനങ്ങളില്‍ പരിക്കേറ്റ് കിടന്നവരെ വിവിധ ആശുപത്രികളിലത്തെിക്കാന്‍ തുടങ്ങി. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ധാരാളം ആളുകള്‍ കുടുങ്ങിക്കിടക്കുന്നത് അപ്പോഴാണ് ശ്രദ്ധയില്‍പെടുന്നത്. ഇതോടെ ക്ഷേത്രപ്പറമ്പില്‍ വിലാപം ഉയര്‍ന്നു. ചിലര്‍ കുഴഞ്ഞുവീണു. കമ്പപ്പുരയുടെ സമീപത്തുണ്ടായിരുന്ന ദേവസ്വം ഭരണസമിതി ഓഫിസ് മണ്‍കൂമ്പാരമായി മാറിയത് കണ്ടതോടെ അതിനടിയില്‍ ആരെങ്കിലുമുണ്ടോയെന്ന് അന്വേഷണമായി.

നേരം പുലര്‍ന്നതോടെയാണ് അതിനിടയില്‍ ആരുമില്ളെന്ന് ബോധ്യമായത്. തൊട്ടടുത്തുണ്ടായിരുന്ന ശ്രീനാരായണഗുരുമന്ദിരത്തിന്‍െറ തകര്‍ച്ച കണ്ട് അടുത്തുചെന്നപ്പോള്‍ പത്തോളം മൃതദേഹങ്ങള്‍ അതിന് ചുറ്റിലും പരിസരത്തുമായി കണ്ടു. ഗുരുപ്രതിമയുടെ ശിരസ്സ് തെറിച്ച് ദൂരെക്കിടന്നിരുന്നു. ക്ഷേത്രത്തിന് തെക്കുഭാഗത്തുള്ള കൊട്ടാരത്തിനും അതിനടുത്തുള്ള ഒരു വീടിനും സാരമായ കേടുപാട് സംഭവിച്ചു. ഇതിനിടയിലാണ്  അകലെ പരവൂര്‍ ജങ്ഷനില്‍ നില്‍ക്കുകയായിരുന്ന യുവാക്കള്‍ക്ക് മുകളിലേക്ക് കോണ്‍ക്രീറ്റ് സ്ളാബ് തെറിച്ചുവീണെന്ന് അറിയുന്നത്. ഇതില്‍ ഒരാള്‍ മരിക്കുകയും സുഹൃത്തിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇവിടെയുണ്ടായിരുന്ന ഒരു താല്‍ക്കാലിക ഷെഡും തകര്‍ന്നിട്ടുണ്ട്. നേരം പുലര്‍ന്നതോടെ വിവിധ സ്ഥലങ്ങളില്‍നിന്ന് ഫയര്‍ യൂനിറ്റുകളും നിരവധി എക്സ്കവേറ്ററുകളും എത്തി.

ഇവയുടെ സഹായത്തോടെ കമ്പപ്പുരയുടെ അവശിഷ്ടങ്ങള്‍ നീക്കി നോക്കിയപ്പോഴാണ് നാല് മൃതദേഹം ലഭിച്ചത്. ക്ഷേത്രപ്പറമ്പിന് പരിസരത്തുള്ള എല്ലാ പുരയിടത്തിലും ചിതറിക്കിടന്ന മാംസാവശിഷ്ടങ്ങള്‍ നാട്ടുകാരുടെ സഹായത്തോടെ ഉദ്യോഗസ്ഥര്‍ ശേഖരിച്ചു. സംഭവമറിഞ്ഞ് പുലര്‍ച്ചെ തന്നെ ഡി.ജി.പി ടി.പി. സെന്‍കുമാര്‍, ഡി.ജി.പി എ. ഹേമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചതോടെ പിന്നീട് ആരും കുടുങ്ങിക്കിടക്കുന്നില്ളെന്ന് ബോധ്യപ്പെട്ടു. ഞാന്‍ നിന്നിരുന്ന വടക്കേ കമ്പത്തറയുടെ അഞ്ചടി ദൂരെവരെ കോണ്‍ക്രീറ്റ് ബീം വന്നുപതിച്ചു. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.