ശരീരങ്ങള്‍ ചിതറിത്തെറിച്ചു; ക്ഷേത്രാങ്കണം കുരുതിക്കളമായി

പരവൂര്‍: പൂക്കളും ചന്ദനവും മണക്കുന്ന ക്ഷേത്രവും പരിസരവും ഞായറാഴ്ച കുരുതിക്കളമായി. തളംകെട്ടിക്കിടക്കുന്ന രക്തം, പൊടിപടലം മൂടിയ ശ്രീകോവില്‍, മേല്‍ക്കൂര തകര്‍ന്ന ഉപദേവാലയങ്ങള്‍, തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍, യുദ്ധം കഴിഞ്ഞ പടക്കളംപോലെ ചിതറിക്കിടക്കുന്ന മൃതദേഹങ്ങള്‍, എങ്ങും കരിമരുന്നിന്‍െറ ഗന്ധം, രാവുമുഴുവന്‍ ആകാശത്ത് വര്‍ണക്കാഴ്ചകളൊരുക്കി പരവൂര്‍ നഗരത്തെ ആനന്ദനൃത്തം പെയ്യിച്ച കരിമരുന്ന് പ്രയോഗം സമാപനത്തോടടുക്കവെയാണ് മഹാദുരന്തമായത്. ആഹ്ളാദം അലതല്ലിയ ക്ഷേത്രമൈതാനവും നഗരവും നിമിഷാര്‍ധംകൊണ്ട് ദുരന്തഭൂമിയായി. സ്ഫോടനത്തിനും തീക്കുണ്ഡത്തിനുമൊപ്പം കോണ്‍ക്രീറ്റ് പാളികള്‍ ജനക്കൂട്ടത്തിലേക്ക് ചിതറിത്തെറിക്കുകയായിരുന്നു.

കൂറ്റന്‍ കോണ്‍ക്രീറ്റ് ബീമുകളും പില്ലറുകളും വന്നുപതിക്കുകയും കോണ്‍ക്രീറ്റ് കഷണങ്ങള്‍ വെടിയുണ്ട കണക്കെ ശരീരത്തില്‍ തുളച്ചുകയറുകയും ചെയ്തതോടെ ക്ഷേത്രപരിസരം കൂട്ടനിലവിളിയിലമര്‍ന്നു. കമ്പപ്പുരയുടെ കോണ്‍ക്രീറ്റ് പാളികള്‍ അര കിലോമീറ്ററോളം അകലെവരെ കെട്ടിടങ്ങള്‍ക്ക് മുകളിലേക്കും ജനക്കൂട്ടത്തിനിടയിലേക്കും തെറിച്ചുവീണു. വന്‍ കെട്ടിടങ്ങള്‍ക്ക് മുകളില്‍ നിലയുറപ്പിച്ചവര്‍ സ്ഫോടനത്തിന്‍െറ ആഘാതത്തില്‍ തെറിച്ച് നിലത്തുവീണു. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകുമ്പോഴേക്കും പലരും ചോരയില്‍ കുളിച്ചിരുന്നു. ഒരു കിലോമീറ്ററോളം അകലെ പരവൂര്‍ ടൗണിലൂടെ ബൈക്കില്‍ യാത്ര ചെയ്ത യുവാക്കളുടെ മേലും കോണ്‍ക്രീറ്റ് പാളി പതിച്ചു.

തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടന്നു. ക്ഷേത്രത്തിലും പ്രദേശത്താകെയും വൈദ്യുതിബന്ധം നിലച്ചതിനാല്‍ കൂരിരുട്ടത്ത് രക്ഷാപ്രവര്‍ത്തനംപോലും സാധ്യമായില്ല. ഒരുമിച്ചിരുന്ന് വെടിക്കെട്ട് കണ്ടവര്‍ ഒപ്പമുണ്ടായിരുന്നവരെപ്പോലും കാണാനാകാതെ വാവിട്ട് നിലവിളിച്ചു. നേരം പുലര്‍ന്നതോടെയാണ് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തിയത്. മൃതദേഹങ്ങള്‍ പലതും തിരിച്ചറിയാനാവാത്തവിധം വികൃതമായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ പറഞ്ഞു. നേരം പുലരുമ്പോഴും പലരുടെയും ശരീരഭാഗങ്ങള്‍ അവിടവിടെ ചിതറിക്കിടക്കുകയായിരുന്നു.

പൊലീസും നാട്ടുകാരും ചേര്‍ന്ന് എല്ലാം പ്ളാസ്റ്റിക് കവറുകളില്‍ ശേഖരിക്കുന്ന കാഴ്ച കാണാമായിരുന്നു. ക്ഷേത്രത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ മിക്ക വീടുകള്‍ക്കും കേടുപാടുകള്‍ പറ്റി. ഓടിട്ട വീടിന്‍െറ മേല്‍ക്കൂരകള്‍ പാടെ തകര്‍ന്നു. ജനാല ചില്ലുകളും കണ്ണാടികളും ചിന്നിച്ചിതറി. നൂറ്റാണ്ടുകളായി ക്ഷേത്രത്തില്‍ കമ്പം നടക്കുന്നുണ്ട്. ഇതുവരെ കാര്യമായ ദുരന്തങ്ങള്‍ ഉണ്ടായിട്ടില്ലാത്തതിനാല്‍ അപായഭീതിയില്ലാതെ കുട്ടികളും സ്ത്രീകളുമെല്ലാം വെടിക്കെട്ടുകാണാന്‍ തടിച്ചുകൂടുന്നത് പതിവാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.