വെടിക്കെട്ട് ദുരന്തം: രണ്ടര പതിറ്റാണ്ടിനിടെ പൊലിഞ്ഞത് 800ലേറെ ജീവന്‍

കൊച്ചി: കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനിടെ സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നടന്നത് 900ഓളം വെടിക്കെട്ടപകടങ്ങള്‍. ആകെ പൊലിഞ്ഞത് സ്ത്രീകള്‍ അടക്കം 850 ഓളം ജീവന്‍. കൊല്ലം പരവൂരില്‍ നടന്ന ദുരന്തമുള്‍പ്പെടെയുള്ള കണക്കാണിത്. മരിച്ചവരില്‍ കൂടുതലും പുരുഷ തൊഴിലാളികളാണ്. ദുരന്തങ്ങള്‍ കൂടുതലും ഉണ്ടായത് വെടിക്കെട്ട് കോപ്പ് നിര്‍മാണ കേന്ദ്രങ്ങളിലാണ്. എന്നാല്‍, ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച ദുരന്തമെന്ന് രേഖപ്പെടുത്തുക പരവൂരായിരിക്കും. അതും വെടിക്കെട്ട് നടക്കുന്നതിനിടെ ഇത്രയും പേരുടെ ജീവനെടുത്ത ദുരന്തം മറ്റെങ്ങും ഉണ്ടായിട്ടില്ല. വെടിക്കെട്ട് ദുരന്തങ്ങള്‍ ഏറ്റവും കൂടുതല്‍ ഉണ്ടായത് കൊല്ലം, തൃശൂര്‍, എറണാകുളം, പാലക്കാട്, ആലപ്പുഴ ജില്ലകളിലാണ്. വെടിക്കെട്ട് ശാലയില്‍ അപകടങ്ങള്‍ കൂടുതല്‍ ആലപ്പുഴയിലാണ്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ 62 അപകടങ്ങള്‍ ഉണ്ടായി. 70 പേര്‍ മരിച്ചു.

അതേസമയം, വെടിക്കെട്ട് നിര്‍മാണശാലയിലുണ്ടായ അപകടത്തില്‍ ഏറ്റവും അധികംപേര്‍ മരിച്ചത് ഷൊര്‍ണൂരിനടുത്ത ത്രാങ്ങാലിയിലാണ്. 2011ല്‍ ഉണ്ടായ അപകടത്തില്‍ 12 പേര്‍ മരിച്ചു. അതില്‍ എട്ടുപേരും തൃശൂര്‍ ചേലക്കരയിലെ വെന്നൂര്‍ സ്വദേശികളായിരുന്നു. അതേവര്‍ഷം തൃശൂരിനടുത്ത അത്താണിയില്‍ ഉണ്ടായ അപകടത്തില്‍ ആറുപേര്‍ മരിച്ചു. ലൈസന്‍സിയും, ഗള്‍ഫിലും യൂറോപ്യന്‍ രാജ്യങ്ങളിലും വര്‍ണത്തിന് മാത്രം പ്രാധാന്യം നല്‍കി കരിമരുന്ന് പ്രയോഗം നടത്തി പ്രശസ്തനുമായ ജോഫിയും ഇതില്‍ ഉള്‍പ്പെട്ടിരുന്നു.

വെടിക്കെട്ടിനിടെ ഉണ്ടായ അപകടത്തില്‍ പരവൂരിനുമുമ്പ് കൂടുതല്‍പേര്‍ മരിച്ചത് തൃശൂര്‍ പൂരത്തിനായിരുന്നു, 1978ല്‍. അന്ന് എട്ടുപേരാണ് മരിച്ചത്. ഗുണ്ടുകള്‍ നിരനിരയായി കെട്ടിവെച്ചിരുന്ന മുളങ്കുറ്റികള്‍ വെടിക്കെട്ടിനിടെ ചരിയുകയായിരുന്നു. ജനങ്ങള്‍ക്കിടയിലേക്ക് ഗുണ്ടുകള്‍ പാഞ്ഞുവന്ന് പൊട്ടുകയാണുണ്ടായത്.
കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ 214 അപകടങ്ങളിലായി 562 പേര്‍ക്ക് ജീവഹാനിയുണ്ടായി. ദുരന്ത വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്‍െറ അടിസ്ഥാനത്തില്‍ തൃശൂരിലെ ഹെറിറ്റേജ് അനിമല്‍ ടാസ്ക് ഫോഴ്സ് സമാഹരിച്ച കണക്കാണിത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.