ദുരന്തത്തില്‍ മരവിച്ച് കേരളം; രാഷ്ട്രീയം മാറ്റിവെച്ച് നേതൃത്വം

തിരുവനന്തപുരം: നാടിനെ നടുക്കിയ ദുരന്തത്തില്‍ സാന്ത്വനമേകാന്‍ രാഷ്ട്രീയ വേര്‍തിരിവുകള്‍ മാറ്റിവെച്ച് രാഷ്ട്രീയ ഇന്ത്യയും കേരളവും ദുരന്തഭൂമിയില്‍ എത്തി. വെടിക്കെട്ടപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കളെയും പരിക്കേറ്റവരെയും ആശ്വസിപ്പിക്കാന്‍ പ്രധാനമന്ത്രി, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ എന്നിവരും മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങി സംസ്ഥാനത്തെ മുഴുവന്‍ നേതാക്കളും എത്തി. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുഴുകിയിരുന്ന പാര്‍ട്ടികളും അവയെല്ലാം അവസാനിപ്പിച്ച് അപകടഭൂമിയിലേക്ക് കുതിക്കുകയായിരുന്നു.

രാഷ്ട്രീയ നേതൃത്വം ഒറ്റക്കെട്ടായി പൊതുസമൂഹത്തിന് മാതൃകയായതോടെ നടപടിക്രമങ്ങളും ദുരിതാശ്വാസ നടപടികളും വേഗത്തിലായി. എയിംസ്, സഫ്ദര്‍ജങ് ആശുപത്രികളില്‍നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ഗുരുതരമായി പൊള്ളലേറ്റവരുടെ ചികിത്സയില്‍ സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ക്ക് സഹായമായി. സര്‍ക്കാര്‍ എയര്‍ ആംബുലന്‍സ് സൗകര്യം ഒരുക്കി. അയല്‍സംസ്ഥാനങ്ങളും സഹായം നല്‍കാന്‍ തയാറായി. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ആശ്വാസ സഹായധന പ്രഖ്യാപനവും നടത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങും മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. തുടര്‍ന്ന് അപകടസ്ഥലം സന്ദര്‍ശിക്കുമെന്ന് വ്യക്തമാക്കി. മുഖ്യമന്ത്രി മന്ത്രിസഭാംഗങ്ങളുമായി ബന്ധപ്പെടുകയും പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സാ സൗകര്യം ഒരുക്കാനുള്ള നിര്‍ദേശം നല്‍കുകയും ചെയ്തു. മുഖ്യമന്ത്രി കൊല്ലത്തുതന്നെ മന്ത്രിസഭായോഗം അടിയന്തരമായി വിളിച്ചു. അപകടത്തില്‍ അനുശോചിച്ച ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഉത്സവവേളകളില്‍ സ്വീകരിക്കേണ്ട സുരക്ഷാ നടപടിയെക്കുറിച്ച് ഓര്‍മപ്പെടുത്തുകയും ചെയ്തു.

തിരക്കുകള്‍ മാറ്റിവെച്ചാണ് പ്രധാനമന്ത്രി സംസ്ഥാനത്ത് എത്തിയത്. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഉച്ചക്ക് 2.47ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ പി. സദാശിവം, ബി.ജെ.പി നേതാക്കളായ ഒ. രാജഗോപാല്‍, ഉമാകാന്തന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഹെലികോപ്ടറില്‍ കൊല്ലം ആശ്രാമം മൈതാനത്ത് എത്തിയ മോദി, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമൊത്താണ് ദുരന്തഭൂമിയും ജില്ലാ ആശുപത്രിയും സന്ദര്‍ശിച്ചത്. പിന്നീട് ഗസ്റ്റ്ഹൗസില്‍ മുഖ്യമന്ത്രിയും ഉദ്യോഗസ്ഥ മേധാവികളുമായും ചര്‍ച്ച നടത്തി. എല്ലാ സഹായവും കേരളത്തിന് കേന്ദ്രം വാഗ്ദാനം ചെയ്തു. തുടര്‍ന്ന്് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ ഗവര്‍ണറുമൊത്ത് സന്ദര്‍ശിച്ച ശേഷമാണ് മോദി മടങ്ങിയത്.

കേന്ദ്രമന്ത്രിമാരായ രാജീവ് പ്രതാപ് റൂഡി, ജെ.പി. നദ്ദ എന്നിവരും കൊല്ലത്ത് എത്തി. കേന്ദ്രമന്ത്രിമാര്‍ തല്‍ക്കാലം സംസ്ഥാനത്ത് തങ്ങാനാണ് തീരുമാനിച്ചിട്ടുള്ളത്.
 വൈകീട്ട് 5.15ഓടെയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എ.കെ. ആന്‍റണിക്കൊപ്പം തിരുവനന്തപുരത്ത് എത്തിയത്. വി.എം. സുധീരനും രമേശ് ചെന്നിത്തലയുമൊത്ത് ദുരന്തഭൂമിയും ജില്ലാ ആശുപത്രിയും രാഹുല്‍ സന്ദര്‍ശിച്ചു. മുഖ്യമന്ത്രിയടക്കമുള്ളവരുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തശേഷമാണ് അദ്ദേഹം മടങ്ങിയത്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഉച്ചയോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.