ഹൃദയഭേദക രംഗങ്ങള്‍ക്ക് സാക്ഷിയായി പ്രേമചന്ദ്രന്‍ എം.പി

കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിനുമുന്നില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി എത്തുന്നത് പുലര്‍ച്ചെ 4.30നാണ്. ഹൃദയഭേദകമായിരുന്നു അപ്പോഴത്തെ കാഴ്ചകള്‍. കത്തിയ മാംസത്തിന്‍െറ ഗന്ധമായിരുന്നു അന്തരീക്ഷത്തില്‍. കൂട്ടനിലവിളികള്‍. വൈദ്യുതി ഇല്ലാതിരുന്നതിനാല്‍ ഒന്നും വ്യക്തമായിരുന്നില്ല. ഉത്സവ ട്രിപ് പ്രതീക്ഷിച്ച് എത്തിയ സ്വകാര്യബസുകളുടെ ഹെഡ്ലൈറ്റിന്‍െറയും പൊലീസിന്‍െറ എമര്‍ജന്‍സി ലൈറ്റിന്‍െറയും പ്രകാശമാണ് രക്ഷാപ്രവര്‍ത്തനത്തിന് സഹായകമായത്. തലയില്ലാത്ത ഉടലുകളും വേര്‍പെട്ട ശിരസ്സുകളും കൈകാലുകളും... വല്ലാത്ത കാഴ്ചയായിരുന്നു അത്. ആംബുലന്‍സിന് കാത്തുനില്‍ക്കാതെ സ്വകാര്യബസുകളിലാണ് പരിക്കേറ്റവരെ ആശുപത്രികളിലത്തെിച്ചത്. വേര്‍പെട്ട അവയവങ്ങള്‍ പിന്നീട് ആംബുലന്‍സിലത്തെിച്ചു.

ഏതാണ്ട് ഒരുമണിക്കൂര്‍കൊണ്ട് പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. അതിനുശേഷമാണ് തകര്‍ന്ന കമ്പപ്പുരയുടെയും ദേവസ്വം ഓഫിസിന്‍െറയും അടിയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയിച്ചത്. അതിനകത്ത് പൊട്ടാത്ത വെടിക്കെട്ടുകള്‍ ഉണ്ടോയെന്നുപോലും അറിയാതെയാണ് രക്ഷാപ്രവര്‍ത്തനത്തിന് ഫയര്‍ഫോഴ്സും പൊലീസും ഇറങ്ങിയത്. കോണ്‍ക്രീറ്റില്‍ അമര്‍ന്ന് കത്തിക്കരിഞ്ഞുകിടന്ന മൃതദേഹങ്ങള്‍ കരുതലോടെയാണ് പുറത്തെടുത്തത്. പിന്നീടാണ് ബോംബ് സ്ക്വാഡ് എത്തിയതും പൊട്ടാത്തവ നിര്‍വീര്യമാക്കിയതും -പ്രേമചന്ദ്രന്‍ പറഞ്ഞു.

ഫയര്‍ഫോഴ്സും പൊലീസും അഭിനന്ദനാര്‍ഹമായ സേവനമാണ് നടത്തിയത്. രാത്രി കോന്നിയിലെ തെരഞ്ഞെടുപ്പ് പരിപാടികള്‍ കഴിഞ്ഞാണ് പ്രേമചന്ദ്രന്‍ വീട്ടിലത്തെിയത്. ഡ്രൈവര്‍ ഇല്ലാതിരുന്നതിനാല്‍ ഭാര്യ ഡോ.ഗീതയാണ് കാര്‍ ഓടിച്ച് ദുരന്തഭൂമിയില്‍ എത്തിയത്. രാവിലെ ഏഴുവരെ ഇരുവരും രക്ഷാപ്രവര്‍ത്തനങ്ങളിലുണ്ടായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.