ദുരിതം മറന്ന് ആമിനയുമ്മ ജീവിതത്തിന്‍െറ പച്ചപ്പില്‍

മുക്കം: അര്‍ബുദം ശരീരത്തെ കാര്‍ന്നുതിന്നപ്പോഴും ജീവിതത്തിന്‍െറ പച്ചപ്പിലേക്ക് നടന്നുകയറാന്‍ വെസ്റ്റ് ചേന്ദമംഗലൂര്‍ കല്ലുവെട്ടുകുഴിയില്‍ ആമിനയുമ്മയെ (62) സഹായിച്ചത് പ്രതീക്ഷകളും ദൃഢനിശ്ചയവുമായിരുന്നു.
മൂന്നുവര്‍ഷം മുമ്പ് തന്‍െറ വലതുഭാഗത്തെ വൃക്കക്ക് കാന്‍സര്‍ ബാധിച്ചെന്ന സത്യം തിരിച്ചറിഞ്ഞതോടെ വിധിയെ ക്കുറിച്ചോര്‍ത്ത് രോഗാവസ്ഥയോട് സമരസപ്പെടുകയായിരുന്നില്ല. മറിച്ച് തന്‍െറ വീടിനോടുചേര്‍ന്ന ഇത്തിരി സ്ഥലത്ത് വിവിധതരം പച്ചക്കറികളും ഒൗഷധച്ചെടികളും നട്ടുവളര്‍ത്തി അവയെ നനച്ചും പരിപാലിച്ചും അവതരുന്ന നൂറുമേനി വിളവുകണ്ട് അഹ്ളാദിച്ചും തന്‍െറ ശരീരത്തിന്‍െറ വേദനയും മാനസിക സമ്മര്‍ദവും മറന്ന് സ്വയം ഊര്‍ജസ്വലമാവുകയായിരുന്നു.
മൂന്നുവര്‍ഷത്തിനിടെ വൃക്കമാറ്റിവെക്കല്‍ ഉള്‍പ്പെടെ നിരവധി ശസ്ത്രക്രിയകള്‍ കഴിഞ്ഞ ആമിന ഇന്ന് രോഗത്തോട് എറക്കുറെ വിടപറഞ്ഞു. എങ്കിലും അസ്വസ്ഥതകള്‍ ഏറെയുണ്ട്. അതൊക്കെ മറക്കുന്നത് കൃഷിയിടത്തില്‍ ഏറെനേരം മുഴുകുമ്പോഴാണ്. ചേന്ദമംഗലൂര്‍ യു.പി സ്കൂളിലെ വിരമിച്ച ഉര്‍ദു അധ്യാപകന്‍ സി.ടി. അബ്ദുല്‍ ലത്തീഫിന്‍െറ ഭാര്യയായ ആമിന 25 സെന്‍റ് പുരയിടത്തിലെ അടുക്കളത്തോട്ടത്തില്‍ വിളയിച്ചത് തക്കാളി, വെണ്ട, ചുരങ്ങ, പാവക്ക, കോവക്ക, പടവലം, മത്തന്‍, കക്കിരി തുടങ്ങിയ വിവിധയിനം പച്ചക്കറികളാണ്.
ആറിനങ്ങളിലുള്ള വഴുതിന, വിവിധതരം പച്ചമുളക്, ചീരകള്‍ എന്നിവയുമുണ്ട്. തീര്‍ത്തും ജൈവ രീതിയിലാണ് കൃഷി. വീട്ടിലെ ബയോഗ്യാസിലെ സ്ളറി വളമായി ഉപയോഗിക്കുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.