ഊരുവികസന മുന്നണിയും ജാനുവിനെതിരെ

കേളകം (കണ്ണൂര്‍): ജനാധിപത്യ രാഷ്ട്രീയ സഭ എന്ന പേരില്‍ സംഘടനയുണ്ടാക്കി ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എയില്‍ ചേരാനും സുല്‍ത്താന്‍ ബത്തേരിയില്‍ മത്സരിക്കാനുമുള്ള നീക്കത്തെ തുടര്‍ന്ന് ആദിവാസി നേതാവ് സി.കെ. ജാനു ഒറ്റപ്പെടുന്നു. ജാനുവിന്‍െറ നീക്കത്തിനെതിരെ ആദിവാസി ഗോത്ര മഹാസഭയും ജനാധിപത്യ ഊരുവികസന മുന്നണിയും രംഗത്തത്തെി.
ജാനുവിന്‍െറ നിലപാടിനെ ഗോത്ര മഹാസഭ, ജനാധിപത്യ ഊരുവികസന മുന്നണി നേതാക്കളായ എം. ഗീതാനന്ദന്‍, മാമ്മന്‍ മാസ്റ്റര്‍, ജനാര്‍ദനന്‍, ജയേഷ് ഇടുക്കി, സോമന്‍ കാളികയം, ഗണേശന്‍ ബത്തേരി, സുരേഷ് കക്കോട് കൊല്ലം, അനില്‍ മാനന്തവാടി തുടങ്ങിയ സംസ്ഥാന ഭാരവാഹികള്‍ തള്ളിപ്പറഞ്ഞു. ആദിവാസി സമൂഹത്തെ ജാനു ബി.ജെ.പിക്ക് ഒറ്റുകൊടുത്തതായി നേതാക്കള്‍ ആരോപിച്ചു.
രോഹിത് വെമൂല സംഭവത്തില്‍ ദേശീയതലത്തില്‍ ഒറ്റപ്പെട്ട ബി.ജെ.പി, ജാനുവിനെ മുന്നില്‍നിര്‍ത്തി ആദിവാസി-ദലിത്-പിന്നാക്ക വോട്ടുകള്‍ തട്ടിയെടുക്കാന്‍ നടത്തുന്ന നീക്കം പൊളിയുമെന്ന ആത്മവിശ്വാസത്തിലാണ് ഗോത്രമഹാസഭ നേതാക്കള്‍. ഇന്ന് കോട്ടയത്ത് ചേരുന്ന ജനാധിപത്യ ഊരുവികസന മുന്നണി സംസ്ഥാന സമിതി, അധ്യക്ഷ സ്ഥാനത്തുനിന്ന് ജാനുവിന്‍െറ രാജി ആവശ്യപ്പെടുമെന്ന് എം. ഗീതാനന്ദന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ആദിവാസി-ദലിത് സംഘടിതശക്തി തകര്‍ക്കാനുള്ള ബി.ജെ.പിയുടെ ആസൂത്രിത നീക്കമാണ് ജാനുവിലൂടെ നടപ്പാക്കുന്നതെന്നും ഇതിനെതിരെ ഊരുകളില്‍ ശക്തമായ പ്രചാരണം നടത്തുമെന്നും ഗീതാനന്ദന്‍ വ്യക്തമാക്കി.  കഴിഞ്ഞമാസം 19, 20 തീയതികളില്‍ ചേര്‍ന്ന ജനാധിപത്യ ഊരുവികസന മുന്നണി സംസ്ഥാന കമ്മിറ്റി യോഗം, പാര്‍ട്ടി സ്വന്തം നിലയില്‍ മത്സരിക്കാതെ സമാന സ്വഭാവമുള്ളതും ജനകീയ വിഷയങ്ങളില്‍ പോരാട്ടം നടത്തുന്നതുമായ സ്ഥാനാര്‍ഥികളെ പിന്തുണക്കാനാണ് തീരുമാനിച്ചത്.
എന്നാല്‍, ഇതിന് വിരുദ്ധമായാണ് സ്വന്തമായി സംഘടന രൂപവത്കരിച്ച് എന്‍.ഡി.എ സ്ഥാനാര്‍ഥിയാവാന്‍ സി.കെ. ജാനു തീരുമാനിച്ചത്.
ജാനുവിന്‍െറ നിലപാട് മാറ്റത്തോടെ 14 വര്‍ഷമായി ആദിവാസി-ദലിത് വിഷയങ്ങളില്‍ പോരാട്ടം നടത്തിയിരുന്ന എം. ഗീതാനന്ദനുമായി വഴിപിരിയുകയാണ്. ഗോത്രമഹാസഭയിലും ഊരുവികസന മുന്നണിയിലും ജാനു ഒറ്റപ്പെട്ടതായി നേതാക്കള്‍ പറഞ്ഞു.
ഇപ്പോഴത്തെ ഭിന്നത ആദിവാസി-ദലിത് പ്രശ്നങ്ങളില്‍ സജീവ ഇടപെടല്‍ നടത്തിയിരുന്ന ഗോത്ര മഹാസഭ ഉള്‍പ്പെടെയുള്ള സംഘടനകളെ ദുര്‍ബലമാക്കും. ജാനുവിനെതിരെ സംസ്ഥാനത്തെ പ്രധാന ആദിവാസി പുനരധിവാസ മേഖലയായ ആറളത്തും പ്രതിഷേധമുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.