വാഗമണ്‍ സിമി ക്യാമ്പ്: പ്രതിയെ എത്തിച്ച് തെളിവെടുത്തു

മൂന്നാര്‍: വാഗമണ്‍ സിമി ക്യാമ്പ് കേസില്‍ പിടിയിലായ പ്രതിയെ എന്‍.ഐ.എ സംഘം മൂന്നാറില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. അഹ്മദാബാദ് സ്വദേശിയായ ജെബ് അഫ്രീദിയെയാണ് മൂന്നാറിലെ സ്വകാര്യ ഹോട്ടലില്‍ എത്തിച്ചത്. അഫ്രീദി കൊച്ചിയിലെ ജൂതത്തെരുവിലും മൂന്നാര്‍ ഉള്‍പ്പെടെ പ്രദേശങ്ങളിലും സന്ദര്‍ശനം നടത്തിയതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിരുന്നു.
തുടര്‍ന്നാണ് എന്‍.ഐ.എ ഡിവൈ.എസ്.പി രാധാകൃഷ്ണന്‍, ബിജോ അലക്സാണ്ടര്‍ എന്നിവര്‍ പ്രതിയുമായി വ്യാഴാഴ്ച രാവിലെ മൂന്നാറിലത്തെിയത്. 2014ല്‍ ഡിസംബര്‍ പകുതിയോടെ മൂന്നാര്‍ പച്ചക്കറി മാര്‍ക്കറ്റിലെ സ്വകാര്യ ഹോട്ടലില്‍ റൂം നമ്പര്‍ 102ല്‍ പ്രതി സ്വന്തം പേരില്‍ മൂന്നു ദിവസം താമസിച്ചു. മറ്റൊരാള്‍കൂടി പ്രതിക്കൊപ്പമുണ്ടായിരുന്നതായി ഹോട്ടലുടമകള്‍ സംഘത്തിനെ അറിയിച്ചിട്ടുണ്ട്.
മൂന്നാറിലെ വിനോദസഞ്ചാരമേഖലയായ മാട്ടുപ്പെട്ടി, ടോപ് സ്റ്റേഷന്‍, ടീ മ്യൂസിയം തുടങ്ങിയ ഇടങ്ങളില്‍ പ്രതി സന്ദര്‍ശിച്ചതായാണ് സൂചന. ഹോട്ടലിലെ രജിസ്റ്റര്‍, അനുബന്ധ രേഖകള്‍ എന്നിവ അന്വേഷണ സംഘം കൊണ്ടുപോയി. അഫ്രീദി ഹോട്ടലില്‍ മുറിയെടുത്തിരുന്ന സമയത്ത് ജോലി ചെയ്തിരുന്ന ജീവനക്കാരന്‍ ഒരു വര്‍ഷംമുമ്പ് ജോലി ഉപേക്ഷിച്ച് മടങ്ങിയിരുന്നു. ഇയാളെ കേന്ദ്രീകരിച്ചും സംഘം അന്വേഷണം നടത്തുന്നുണ്ട്.
ബംഗളൂരു ബോംബ് സ്ഫോടനക്കേസിലും പ്രതിയായ അഫ്രീദിയെ കഴിഞ്ഞ ജനുവരിയിലാണ് എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. ബംഗളൂരുവില്‍ എയര്‍ കണ്ടീഷന്‍ മെക്കാനിക്കായി ജോലി ചെയ്തിരുന്ന അഫ്രീദിയെ രഹസ്യ വിവരത്തെ തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്. അഹ്മദാബാദ് സ്ഫോടനക്കേസിലും തെലങ്കാനയില്‍ പൊലീസിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലും ഇയാള്‍ പ്രതിയാണെന്ന് എന്‍.ഐ.എ പറയുന്നു.
ഒളിവിലിരുന്ന അഫ്രീദിയെ കണ്ടുപിടിക്കുന്നവര്‍ക്ക് മൂന്നു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. ബംഗളൂരുവില്‍ അറസ്റ്റിലാകും മുമ്പ് അഫ്രീദി കൊച്ചിയിലത്തെിയിരുന്നു. വാഗമണ്ണില്‍ നിരോധിത സംഘടനയായ സിമി 2007ല്‍ ക്യാമ്പ് സംഘടിപ്പിച്ചതായാണ് കേസ്. മുണ്ടക്കയം പൊലീസാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. 2009ല്‍ ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്ത കേസില്‍ മൊത്തം 38 പ്രതികളാണുള്ളത്. നാലു പേര്‍ മലയാളികളാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.